head1
head3

വില്‍ക്കരുതേ… എച്ച് എസ് ഇ പ്രോപ്പര്‍ട്ടികളില്‍ ആരോഗ്യ ജീവനക്കാര്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കണം

ഡബ്ലിന്‍: എച്ച്എസ്ഇയുടെ വേക്കന്‍ഡ് പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ , അത്തരം സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വീസിലെ എമര്‍ജന്‍സി ജീവനക്കാര്‍ക്ക് താമസസൗകര്യമൊരുക്കുന്നതിനുള്ള പദ്ധതി രൂപപ്പെടുത്തണം എന്ന ആവശ്യമുയരുന്നു.രാജ്യത്തെ വയോജനങ്ങളുടെ സംഖ്യ ഉയരുന്നതിന് അനുസൃതമായി അവരുടെ സേവനത്തിനായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിക്കുന്നില്ല.വിദേശത്തു നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ അയര്‍ലണ്ട് പ്രധാനമായും ആശ്രയിക്കുന്നത്.

ഇവരില്‍ നഴ്സുമാരും,കെയര്‍ അസിസ്റ്റന്റുമാരും, സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരും ,ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു.എങ്കിലും അയര്‍ലണ്ടിലേക്ക് ,പ്രധാനമായും ജനസംഖ്യ കൂടുതലുള്ള നഗരമേഖകളില്‍ നിലവിലുള്ള പാര്‍പ്പിട പ്രതിസന്ധി ,അയര്‍ലണ്ടിലേയ്ക്ക് വരുന്നതില്‍ നിന്നും വിദേശ ഹെല്‍ത്ത് വര്‍ക്കേഴ്സിനെ തടയുന്നുണ്ട്.അഥവാ ഭവനവാടകയ്ക്കായി ,ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിപക്ഷവും മാറ്റിവെയ്ക്കുന്ന സാഹചര്യത്തില്‍ അവര്‍ അയര്‍ലണ്ട് വിട്ട് മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാവുന്നു.

അയര്‍ലണ്ടില്‍ എത്തുന്ന വിദേശ ഹെല്‍ത്ത് വര്‍ക്കേഴ്സില്‍ വലിയൊരു ഭാഗം ഇതിനകം തന്നെ ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നു എന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്.ഈ സാഹചര്യത്തിലാണ് എച്ച് എസ് ഇ യുടെ വേക്കന്‍ഡ് പ്രോപ്പര്‍ട്ടികള്‍ ,വില്‍ക്കുന്നതിന് പകരം ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഹൗസിംങ് ആവശ്യങ്ങള്‍ക്കായി ,മാറ്റണമെന്ന ആവശ്യമുയരുന്നത്.

ആരോഗ്യ പ്രവര്‍ത്തകരുടെ കോ ഓപറേറ്റിവ് ഹൗസിംഗ് സൊസൈറ്റികള്‍ രൂപീകരിച്ച് ഇപ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് ഓവര്‍സീസ് ഹെല്‍ത്ത് ആന്‍ഡ് ഹോം കെയര്‍ വര്‍ക്കേഴ്‌സ് ഗ്രൂപ്പ് അയര്‍ലണ്ട് ആവശ്യപ്പെട്ടു.ജീവനക്കാര്‍ക്ക് അഫോര്‍ഡബിള്‍ ഹൗസിംഗ് ലഭ്യമാക്കാന്‍ വന്‍കിടക്കാരെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

യാതൊരു ഉപയോഗവുമില്ലാതെ വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന 214 പ്രോപ്പര്‍ട്ടികളുടെ ഒരു പോര്‍ട്ട്ഫോളിയോ എച്ച് എസ് ഇ യ്ക്ക് ഉണ്ട്.ഇവയില്‍ 47 കെട്ടിടങ്ങള്‍ നിലവില്‍ വില്‍പ്പനയ്ക്കുള്ളവയാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇവയുടെ ആകെ വില 9.8 മില്യണ്‍ യൂറോ മാത്രമാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു.

ആകെയുള്ള 214 പ്രോപ്പര്‍ട്ടികളില്‍ 74 എണ്ണം ( ഒഴിഞ്ഞുകിടക്കുന്ന സ്വത്തുക്കളുടെ മൂന്നിലൊന്നും) വില്‍ക്കാനുള്ളവയാണെന്ന് എച്ച്എസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.47 എണ്ണത്തിന് മാത്രമേ വില നിശ്ചിയിച്ചിട്ടുള്ളു.അവയാണ് ആദ്യം വില്‍പ്പനയ്ക്കെത്തുക.

2012 സെപ്റ്റംബറില്‍ അടച്ചുപൂട്ടിയ, 10,600 ചതുരശ്ര മീറ്റര്‍ സ്ഥലത്തുള്ള കില്ലാര്‍ണിയിലെ സെന്റ് ഫിനാന്‍സ് ഹോസ്പിറ്റലാണ്, വില്‍ക്കാനുള്ള പ്രോപ്പര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വിലയിട്ടിട്ടുള്ളത്. അതിന്റെ വില 2.6 മില്യണ്‍ യൂറോയാണ്.വിക്ലോവിലെ ട്രഡര്‍ ഹൗസ് 1.2 മില്യണ്‍ യൂറോയ്ക്കും,ഡബ്ലിനിലെ പാട്രിക് സ്ട്രീറ്റിലെ എച്ച് എസ് ഇ ബില്‍ഡിംഗ് 850,000 യൂറോയ്ക്കും ; ഡിംഗിള്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍ 550,000 യൂറോയ്ക്കും ഡെല്‍ഗനി ഹെല്‍ത്ത് സെന്റര്‍, (വിക്ലോ) 385,000 യൂറോയ്ക്കും വില നിശ്ചയിച്ചിട്ടുണ്ട്.കോര്‍ക്കില്‍ മാത്രം 19 പ്രോപ്പര്‍ട്ടികളാണ് എച്ച് എസ് ഇ യുടെ വേക്കന്‍ഡ് ലിസ്റ്റിലുള്ളത്.

എച്ച് എസ് ഇ അടക്കമുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഏജന്‍സികളുടെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടികള്‍,ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിന് മുമ്പ് സ്റ്റേറ്റ് അതോറിറ്റിയായ ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിക്ക് കൈമാറണം.ഇതനുസരിച്ചുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.