head3
head1

കുട്ടികളിലെ രോഗവ്യാപനത്തില്‍ ആശങ്ക വേണ്ട… അണുബാധയില്‍ കുറവുണ്ടെന്ന് എച്ച.എസ്.ഇ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ കുട്ടികളിലെ രോഗവ്യാപനം പെരുപ്പിച്ച് കാട്ടിയതായി സംശയം. ഇതേ തുടര്‍ന്ന് കോവിഡ് ബാധിതന്റെ അടുത്ത സമ്പര്‍ക്കങ്ങളെ വിലയിരുത്തുന്ന സംവിധാനം എച്ച്.എസ്.ഇ പരിഷ്‌കരിച്ചു. കോവിഡ് ബാധിതരുമായി അടുത്ത് ബന്ധപ്പെട്ട 16,000 വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. എന്നാല്‍ അത്രത്തോളമില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. പ്രീ-സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 10,000 മുതല്‍ 12,000 പേര്‍ മാത്രമേ ഈ ഗണത്തില്‍ വരികയുള്ളുവെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. പുതിയ ടേം അനുസരിച്ചുള്ള ആദ്യ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് അടുത്തയാഴ്ച പ്രസിദ്ധീകരിക്കും.

രോഗബാധയില്‍ കുറവുണ്ടെന്ന് പ്രൊഫ. ഫിലിപ്പ് നോളന്‍

രോഗബാധ നേരത്തേതിനേക്കാള്‍ കുറവാണെന്ന് ഐറിഷ് എപ്പിഡെമിയോളജിക്കല്‍ മോഡലിംഗ് അഡൈ്വസറി ഗ്രൂപ്പിന്റെ അധ്യക്ഷന്‍ പ്രൊഫ. ഫിലിപ്പ് നോളന്‍ സ്ഥിരീകരിച്ചു. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതു പരിഗണിച്ച് കുട്ടികളുടെ പരിശോധനകള്‍ ഗണ്യമായി കൂടിയിരുന്നു. പക്ഷേ പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂലൈയില്‍ ഉയര്‍ന്ന തോതിലായിരുന്ന കുട്ടികളിലെ അണുബാധ മുതിര്‍ന്നവരുടെ രോഗബാധ കുറഞ്ഞതിനെ തുടര്‍ന്നാണ് ഓഗസ്റ്റില്‍ സ്ഥിരത കൈവരിച്ചത്. പൊതുസമൂഹത്തിലെ അണുബാധ കുറഞ്ഞതിനാല്‍ കുട്ടികള്‍ക്കുള്ള റിസ്‌കും കുറഞ്ഞതായാണ് കണക്കാക്കുന്നതെന്നും പ്രൊഫ. നോളന്‍ പറഞ്ഞു.

പരിശോധനകള്‍ മൂന്നിരട്ടിയായി

18 വയസ്സിന് താഴെയുള്ളവരിലെ പരിശോധനകള്‍ മറ്റ് പ്രായക്കാരെ അപേക്ഷിച്ച് മൂന്നിരട്ടിയാണെന്ന് എച്ച് .എസ്.ഇ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ ഡോ. കോള്‍ം ഹെന്റി പറഞ്ഞു. സെക്കന്‍ഡറി സ്‌കൂള്‍ തലത്തിലുള്ള കോവിഡ് കേസുകളില്‍ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് അടുത്ത സമ്പര്‍ക്കമുള്ളതായി കണക്കാക്കിയത്. അതേസമയം, പ്രൈമറി സ്‌കൂളുകളില്‍ ക്ലോസ് കോണ്ടാക്ടുകള്‍ ശരാശരി ഏഴും പ്രീ-സ്‌കൂള്‍ തലത്തില്‍ ഇത് പത്തുമാണെന്നും ഇദ്ദേഹം വിശദീകരിച്ചു.

ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ 16000 കുട്ടികളെന്ന കണക്ക് 10,000-12,000 വരെ ആയെന്ന് വിലയിരുത്തുന്നതെന്നും ഡോ. ഹെന്റി വ്യക്തമാക്കി. ക്ലോസ് കോണ്ടാക്ടിലുള്ള കുട്ടികള്‍ക്ക് 14 ദിവസം അവരുടെ ചലനങ്ങള്‍ നിയന്ത്രിക്കേണ്ടതായി വരും. പത്ത് ദിവസത്തിന് ശേഷം നെഗറ്റീവാണെന്ന് തെളിയുന്നതുവരെ അവര്‍ നിര്‍ബന്ധമായും വീട്ടില്‍ത്തന്നെ കഴിയണം.വാക്സിന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമല്ല. സമ്മറില്‍ സ്‌കൂളുകള്‍ അടച്ചപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതലല്ല ഇപ്പോഴത്തെ അണുബാധയെന്ന് ആരോഗ്യ വകുപ്പധികൃതരും വ്യക്തമാക്കി.

രോഗബാധ കൂടുതല്‍ പ്രൈമറി സ്‌കൂളുകളില്‍

12 സ്‌കൂളുകളിലാണ് കോവിഡ് ഔട്ട്ബ്രേക്കുകളുള്ളതെന്ന് എച്ച്.എസ്.ഇ. വ്യക്തമാക്കി. 11 പ്രൈമറി സ്‌കൂളുകളിലും ഒരു സെക്കന്‍ഡറി സ്‌കൂളിലുമാണിത്. വേനലവധിക്ക് ശേഷം മിക്ക സ്‌കൂളുകളും കഴിഞ്ഞയാഴ്ചയാണ് തുറന്നത്.

കഴിഞ്ഞ ആഴ്ചയില്‍ 22 പ്രീ-സ്‌കൂള്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഔട്ട്ബ്രേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരിടത്തുതന്നെ രണ്ടോ അതിലധികമോ അനുബന്ധ കേസുകള്‍ രേഖപ്പെടുത്തുന്നതിനെയാണ് ഔട്ട്ബ്രേക്കായി കണക്കാക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More