head1
head3

വിദേശ രാജ്യങ്ങളില്‍ ആദ്യമായെത്തുമ്പോള്‍ ജോലി കണ്ടെത്തുന്നതെങ്ങനെ?

 

ഡബ്ലിന്‍ : മികച്ച ഒരു ജോലി, മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ എന്നിവ സ്വപ്നം കണ്ട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നവര്‍ അനവധിയാണ്. ഭൂരിഭാഗം ആളുകളും മുന്‍കൂട്ടി ലഭിച്ച ജോബ് ഓഫറുകളും കൊണ്ടാണ് വിദേശരാജ്യങ്ങളിലെത്തുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ എത്തിയ ശേഷം തൊഴിലന്വേഷിക്കുന്നവരും ധാരാളമായുണ്ട്. കാലങ്ങള്‍ നീണ്ട തൊഴില്‍ അന്വേഷണങ്ങള്‍ക്ക് ശേഷം തങ്ങളുടെ കഴിവിനും, അഭിരുചിക്കും അനുസരിച്ചൊരു ജോലി ലഭിക്കാതെ വരുമ്പോള്‍ മിക്ക ആളുകളും നിരാശരാവും. ഈ നിരാശ ഒഴിവാക്കാനും, നമ്മള്‍ പുതിയൊരു നഗരത്തിലെത്തുമ്പോള്‍ തൊഴിലന്വേഷണം ഏതു രീതിയിലാവണം എന്നറിയാന്‍ തുടര്‍ന്നു വായിക്കുക.

പുതിയൊരു നാട്ടിലേക്ക് നാം എത്തുന്നതിന് മുന്‍പ് തന്നെ അവിടങ്ങളിലെ ജോബ് മാര്‍ക്കറ്റുകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക എന്നത് പ്രധാനമാണ്. ആ രാജ്യത്തെ/ പ്രദേശത്തെ പ്രധാന വ്യവസായങ്ങള്‍, കമ്പനികള്‍, തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കിയെടുക്കുകയും വേണം. മികച്ച വായനയിലൂടെയും, വെബ് റിസര്‍ച്ചുകളിലൂടെയും ഇത് സാധ്യമാവും.

നെറ്റ്‌വര്‍ക്കിങ് മുഖ്യം

തൊഴിലന്വേഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു വാക്കാണ് ‘നെറ്റ്‌വര്‍ക്കിങ്’. ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്ന മേഖലയിലെ പ്രമുഖര്‍, സമാനമേഖലയില്‍ ജോലി ചെയ്യുന്നവര്‍, തൊഴില്‍ദാതാക്കള്‍, കമ്പനികള്‍ എന്നിവരുമായി മികച്ച ബന്ധമുണ്ടാക്കിയെടുക്കാന്‍ തൊഴിലന്വേഷകര്‍ തയ്യാറാകണം. ഇത്തരം ആളുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയും ആശയിവിനിമയങ്ങളിലൂടെയും നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിച്ചേക്കാം.

എന്നാല്‍ ഈ രീതിയിലുള്ള ആശയവിനിമയങ്ങള്‍ക്ക് പലരും തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. വിദേശ രാജ്യത്ത് ജോലി ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ നെറ്റ്‌വര്‍ക്ക് എത്രത്തോളം വിപുലമാണോ, അത്രത്തോളമാണ് നിങ്ങള്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യതകളും.

ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിങ്

ലോകത്ത് കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ആളുകളുമായി നേരിട്ടുള്ള സമ്പര്‍ക്കങ്ങള്‍ പഴയതിനെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞിട്ടുണ്ട്. തൊഴിലന്വേഷകര്‍ക്കാകട്ടെ നേരിട്ടുള്ള നെറ്റ്‌വര്‍ക്കിങ്ങിനുള്ള സാധ്യതകളിലും കുറവ് വന്നു. എന്നാല്‍ നേരിട്ടുള്ള നെറ്റ്‌വര്‍ക്കിങ് രീതികളേക്കാള്‍ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിങ് വളരെ ശക്തമായ ഒരു കാലഘട്ടം കൂടിയാണ് ഇത്.

ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിങ്ങുകള്‍ക്കായി പലരും പല രീതിയാണ് പിന്തുടരുന്നത്. ചിലര്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ സാധാരണ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളേക്കാള്‍ ഏറ്റവും ഉപകാരപ്രദമാവുന്നത് പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ ആണ്.

ലിങ്ക്ഡ്ഇന്‍ ഏര്‍പ്പെടുത്തിയ ഓപ്പണ്‍ റ്റു വര്‍ക്ക്, ഹയറിങ് എന്നീ ബാഡ്ജുകളുടെ സഹായത്തോടെ തൊഴിലന്വേഷകരെയും, തൊഴില്‍ദാതാക്കളെയും എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയും. മാത്രമല്ല ജോബ് സെര്‍ച്ചുകള്‍ നടത്താനുള്ള സംവിധാനവും ലിങ്ക്ഡ്ഇന്നില്‍ ഉണ്ട്.

പൈസ മുടക്കി ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് തങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താന്‍ സഹായകമായ നിരവധി കോഴ്‌സുകളും ലഭ്യമാണ്.

എംപ്ലോയ്‌മെന്റ് സൈറ്റുകള്‍

തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രമുഖരായ ധാരാളം എംപ്ലോയ്‌മെന്റ് സൈറ്റുകള്‍ നിലവിലുണ്ട്. മോണ്‍സ്റ്റര്‍, ഇന്‍ഡീഡ്, ഗ്ലാസ്‌ഡോര്‍ എന്നിവയുടെ സഹായം ഈ ഘട്ടത്തില്‍ തേടാവുന്നതാണ്.

ഇതുകൂടാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് https://jobs.thelocal.com . നാല്‍പതിലധികം ഭാഷകളെ അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങള്‍ കണ്ടെത്താനായി സഹായിക്കുന്ന മറ്റൊരു പ്ലാറ്റ്‌ഫോമാണ് https://www.europelanguagejobs.com . മള്‍ട്ടി ലിങ്ക്വല്‍ ആയ തൊഴിലന്വേഷകരെ ബഹുരാഷ്ട്ര കമ്പനികളുമായി കണക്ട് ചെയ്യാന്‍ ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. യൂറോപ്പിലെ പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ കണ്ടെത്താനായി യൂറോപ്യന്‍ യൂണിയന്‍ തന്നെ ഏര്‍പ്പെടുത്തിയ EURES സംവിധാനവും നിലവിലുണ്ട്.

ഇതുകൂടാതെ ഓരോ തൊഴില്‍ മേഖലയ്ക്കും പ്രത്യേകമായി തന്നെയുള്ള ജോബ് സെര്‍ച്ചിങ് പ്ലാറ്റ്ഫോമുകളും കണ്ടെത്താനായി ശ്രമിക്കാം. ഉദാഹരണത്തിന് പ്രോഗ്രാമ്മിങ് സംബന്ധമായ ജോലിക്കാരുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയൊരു കമ്മ്യൂണിറ്റിയാണ് സ്റ്റാക്ക് ഓവര്‍ഫ്‌ലോ. ഇത്തരത്തില്‍ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റികള്‍ കണ്ടെത്തുകയാണെങ്കില്‍ തൊഴിലന്വേഷണം എളുപ്പമായിത്തീരും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.

error: Content is protected !!