head1
head3

ഹൗസിംഗ് ഫോര്‍ ഓള്‍; അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിന് സമഗ്ര പദ്ധതി പ്രഖ്യാപിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്ന 40 ബില്യണ്‍ യൂറോയുടെ ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കമിടുന്നു. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന് ഉതകുന്ന 230 ആക്ഷന്‍ പോയിന്റുകളടങ്ങിയ സമഗ്രമായ പദ്ധതിയാണ് ഭവന മന്ത്രി ഡാരാ ഒബ്രിയന്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രതിവര്‍ഷം നാല് ബില്യണ്‍ യൂറോ ചെലവിടുന്നതാണ് പത്തുവര്‍ഷം നീണ്ട പദ്ധതി.

ഭവനരംഗത്തെ അടിസ്ഥാന പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ ഭവന റഫറണ്ടമുള്‍പ്പടെയുള്ളവ നടത്താനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. പൂര്‍ണ്ണമായി നടപ്പാക്കാനാകുമോ ലക്ഷ്യം നേടുമോയെന്നൊക്കെയുള്ള സംശയങ്ങള്‍ ഉയരുമ്പോഴും ഭവന പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളാണ് ഭവനമന്ത്രിയും സര്‍ക്കാരും നടത്തുന്നതെന്ന് വിമര്‍ശകര്‍ക്കു പോലും സമ്മതിക്കേണ്ടിവരും.

ഈ സര്‍ക്കാരിന്റെ ഭരണ കാലാവധിയ്ക്കുള്ളില്‍ ഭവന റഫറണ്ടം നടത്തുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. തന്റെ ഭരണകാലത്ത് നടപ്പാക്കണമെന്ന വാശിയൊന്നുമില്ല, എപ്പോള്‍ നടപ്പാക്കിയാലും ആവശ്യമായ കൂടിയാലോചനകളും മുന്നൊരുക്കങ്ങളും നടത്തിയ ശേഷമായിരിക്കും റഫറണ്ടം നടത്തുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെലവേറിയ പദ്ധതി നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുന്നതിന് കമ്മീഷന്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതിയിലൂടെ കടന്നുപോകാം….

ലക്ഷ്യം 3,12,000 വീടുകള്‍

പത്ത് വര്‍ഷത്തിനുള്ളില്‍, അതായത് 2030 ഓടെ, 3,12,000 ഭവനങ്ങളാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും ശരാശരി 20,000 വീടുകള്‍ വീതമാകും നിര്‍മ്മിക്കുക. അത് പിന്നീട് 33,000 ആയി വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 10,000 സോഷ്യല്‍ ഹൗസിംഗ് യൂണിറ്റുകള്‍, അഫോര്‍ഡബിള്‍ ഹൗസിംഗില്‍ 4,000 വീടുകള്‍, 2,000 കോസ്റ്റ് റെന്റല്‍ വീടുകള്‍, 17,000 പ്രൈവറ്റ് വീടുകള്‍ എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുക.

ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് ഏകദേശം 27,500 അധിക നിര്‍മാണ തൊഴിലാളികളെ ആവശ്യമായി വരുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അപ്രന്റീസുകളെ റിക്രൂട്ട് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വര്‍ഷം തോറും 10,000 നിര്‍മ്മാണ അപ്രന്റീസുകളെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി.

ടൗണ്‍സ് ഫണ്ട് ഉന്നമിടുന്നത്…

പ്ലാനിംഗ് അനുമതികളുണ്ടായിട്ടും നിര്‍മ്മാണം നടത്താത്ത 80,000 -ഓളം റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ രാജ്യവ്യാപകമായുണ്ടെന്നാണ് ഭവന വകുപ്പ് കണക്കാക്കുന്നത്. ഇവയെ ഉപയുക്തമാക്കുന്നതിനാണ് ടൗണ്‍സ് ഫണ്ടിലൂടെ സര്‍ക്കാര്‍ ഉന്നം വെയ്ക്കുന്നത്.

സ്വന്തമായി വീട് പണിയുന്നതിനും പ്രോപ്പര്‍ട്ടികളുടെ പുനരുദ്ധാരണത്തിനും ആളുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ലോക്കല്‍ അതോറിറ്റികളായിരിക്കും ഫണ്ട് നല്‍കുക. കുറഞ്ഞ ചെലവില്‍ സര്‍വീസ്ഡ് സൈറ്റുകള്‍ ലഭ്യമാക്കാന്‍ ഇത് ലോക്കല്‍ അതോറിറ്റികള്‍ക്ക് അവസരമൊരുക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

ലാന്‍ഡ് ബാങ്കിലൂടെ 15,000 വീടുകള്‍

സ്റ്റേറ്റ് ലാന്‍ഡ് ബാങ്കിലൂടെ 15,000 വീടുകള്‍ നല്‍കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കരുതുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പണം നല്‍കി സര്‍ക്കാരും കൂടെയുണ്ടാകും. പദ്ധതി പ്രകാരം എല്ലാ കൗണ്‍സിലുകള്‍ക്കും നിശ്ചിത എണ്ണം നല്‍കിയിട്ടുണ്ട്. അത് പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഒഴിഞ്ഞ വീടുകള്‍ക്ക് നികുതിയില്ല

ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് ഉണ്ടായിരുന്ന നികുതി സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്ക് നീക്കി. ശൂന്യമായിക്കിടക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്നത് പ്രധാനമന്ത്രി ലിയോ വരദ്കറുടെ ശുപാര്‍ശയായിരുന്നു. എന്നാല്‍ അത് പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അടുത്ത വര്‍ഷം ഇതുണ്ടാകുമെന്ന് ഭവന മന്ത്രി ഡാരാ ഒബ്രിയന്‍ പറഞ്ഞു. ഇത് നടപ്പാക്കുന്നതിന് പുതുക്കിയ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സിന്റെ ഡാറ്റകള്‍ സര്‍ക്കാരിന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒഴിഞ്ഞു കിടക്കുന്ന സൈറ്റുകള്‍ക്ക് ലെവി ഈടാക്കുന്നതിനാണ് ഹൗസിംഗ് ഫോര്‍ ഓള്‍ പ്ലാന്‍ ലക്ഷ്യമിടുന്നത്. വീടു പണിയുന്നതിന് പ്ലാനിംഗ് അനുമതി ലഭിച്ച ഭൂവുടമകളെ അതിന് പ്രേരിപ്പിക്കുന്നതിനാണ് പദ്ധതി. അതല്ലെങ്കില്‍ ഉയര്‍ന്ന നികുതി ഈടാക്കാനോ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കോസ്റ്റ് റെന്റല്‍ കൊണ്ടുവരും 2000 വീടുകള്‍

വര്‍ഷം തോറും 2,000 കോസ്റ്റ് റെന്റല്‍ വീടുകള്‍ വിതരണം ചെയ്യുന്നതിനാണ് കോസ്റ്റ് റെന്റല്‍ പദ്ധതിയിലൂടെ ഉന്നമിടുന്നത്. ഇതില്‍ വാടകക്കാരനാണ് വീട് പണിയുന്നതിനുള്ള ചെലവ് വഹിക്കുന്നത്. ഈ പ്രോപ്പര്‍ട്ടികള്‍ക്ക് മാര്‍ക്കറ്റിലേതിനേക്കാള്‍ കുറഞ്ഞത് 25% എങ്കിലും വാടക കുറവായിരിക്കുമെന്ന പ്രത്യേകതയുമുണ്ടാകും. ഈ വര്‍ഷമാദ്യം ഭവനമന്ത്രി കൊണ്ടുവന്ന ഈ പദ്ധതി പ്രകാരം 400 വീടുകളാണ് വിതരണം ചെയ്തത്.

ഷയേര്‍ഡ് ഇക്വിറ്റി സ്‌കീമിനെ വിടാതെ സര്‍ക്കാര്‍

വിലക്കയറ്റമുണ്ടാക്കുമെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിട്ടും ഷയേര്‍ഡ് ഇക്വിറ്റി സ്‌കീമിനെ വിടാന്‍ ഭവനമന്ത്രി തയ്യാറായില്ല. ഇഎസ്ആര്‍ഐ, സെന്‍ട്രല്‍ ബാങ്ക് തുടങ്ങി മന്ത്രിമാര്‍ വരെയുള്ളവരാണ് ഈ ആശങ്ക പങ്കുവെച്ചത്.

സ്വകാര്യ ഭൂമിയില്‍ പുതിയ വീടുകള്‍ വാങ്ങുന്നവര്‍ക്കായാണ് ഫസ്റ്റ് ഹോം സ്‌കീം ലഭ്യമാക്കുന്നത്. ഇതിന്റെ ചെലവിന്റെ 30% ഓഹരികള്‍ സര്‍ക്കാര്‍ വഹിക്കും. ബാക്കിയുള്ള തുകയ്ക്ക് വാങ്ങുന്നവര്‍ക്ക് ബാങ്ക് മോര്‍ട്ട്ഗേജ് ലഭ്യമാക്കും.

ഫെയര്‍ ഡീല്‍ പദ്ധതി

ദീര്‍ഘകാല റസിഡന്‍ഷ്യല്‍ കെയറിലുള്ള ആളുകള്‍ക്ക് അനുമതിയില്ലാതെ അവരുടെ വസ്തു വാടകയ്ക്ക് നല്‍കാനോ വില്‍ക്കാനോ അനുവദിക്കുന്നതാണ് ഫെയര്‍ ഡീല്‍ പദ്ധതി. ഈ പദ്ധതിയിലൂടെ മാത്രം രാജ്യത്ത് ആയിരകണക്കിന് വീടുകള്‍ ലഭ്യമായേക്കും.

ഇതു പ്രകാരം അപേക്ഷകന്റെ വരുമാനം കണക്കാക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് റസിഡന്‍സില്‍ നിന്നുള്ള വാടക വരുമാനം ഒഴിവാക്കും.

ആശാവഹമാണ് പദ്ധതി, ഒക്കെ നടപ്പാക്കിയാല്‍ …

അയര്‍ലണ്ടിലെ ഭവനമേഖലയില്‍ നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇന്നലെ പ്രഖ്യാപിച്ച പദ്ധതികള്‍ പര്യാപ്തമാണെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. പ്രതിപക്ഷത്തിന് പോലും കാര്യമായ എതിര്‍പ്പ് ഉണ്ടാവാനിടയില്ലാതെ രൂപ കല്പന ചെയ്തിരിക്കുന്ന പദ്ധതികള്‍ നടപ്പാക്കാനായാല്‍ അതൊരു വലിയ വിപ്ലവമാവുമെന്നതില്‍ സംശയമില്ല.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.