ഡബ്ലിന്‍ : ഹോസ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയില്‍, മേഖലകളില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയര്‍ലണ്ടിലെ വ്യാപാരിസമൂഹം സമരത്തിലാണ്. ലെയിന്‍സ്റ്റര്‍ ഹൗസിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയ നൂറുകണക്കിന് തൊഴിലുടമകള്‍ ആവശ്യമുയര്‍ത്തിയത് കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് മുമ്പ് സര്‍ക്കാര്‍ ഇടപെടണമെന്ന മുദ്രാവാക്യവുമായാണ്.
റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് (ആര്‍ എ ഐ)വിന്റ്‌റേഴ്‌സ് ഫെഡറേഷന്‍ ഓഫ് അയര്‍ലന്‍ഡ് എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.റീട്ടെയില്‍ എക്‌സലന്‍സ് അയര്‍ലണ്ട്, ഐറിഷ് സ്‌മോള്‍ ആന്റ് മീഡിയം സൈസ്ഡ് എന്റര്‍പ്രൈസസ് അസോസിയേഷന്‍ എന്നിവയും മാര്‍ച്ചിനെ പിന്തുണച്ചു.
പിടിച്ചുനില്‍ക്കാനാവാതെ ഷട്ടറിടുന്നവര്‍
ഈ മേഖല നേരിടുന്ന പ്രധാന പ്രശ്‌നം വര്‍ദ്ധിച്ചുവരുന്ന ചെലവുകളാണെന്ന് ബിസിനസ് സമൂഹം ഒരേ സ്വരത്തില്‍ പറയുന്നു.സ്റ്റാഫുകളുടെ ചെലവുകള്‍ വര്‍ഷം തോറും 9% വര്‍ദ്ധിക്കുന്നതായാണ് കണക്ക്. ഊര്‍ജ്ജം, ഇന്‍ഷുറന്‍സ്, ഇന്‍ഗ്രീഡിയന്‍സ് മുതലായവയുടെ ചെലവുകള്‍ 15-18% കൂടുതലാണ്.
ശമ്പള വര്‍ദ്ധനവ്, മിനിമം വേതന വര്‍ദ്ധന, പെന്‍ഷന്‍ ഓട്ടോ-എന്റോള്‍മെന്റ്,സിക്ക് ലീവ് മാറ്റങ്ങള്‍ എന്നിവ ചെലവുകള്‍ വീണ്ടും കൂട്ടുന്നു.ചെറുകിട സ്ഥാപനങ്ങള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാകാത്ത നിലയാണെന്നും ഇവര്‍ പറയുന്നു.തൊഴിലാളികളെ ലഭിക്കാത്തതും അടച്ചുപൂട്ടലിന് കാരണമുണ്ടായി.
ഒരു വര്‍ഷത്തിനിടെ പൂട്ടിയത് 612 സ്ഥാപനങ്ങള്‍
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് 9% ല്‍ നിന്ന് 13.5% ആയി വാറ്റ് നിരക്ക് ഉയര്‍ത്തിയത്. ഈ കാലയളവില്‍ 612 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ആര്‍ എ ഐ പറയുന്നു.കഴിഞ്ഞ ആഴ്ചയില്‍പ്പോലും ഹൈ പ്രൊഫൈലുള്ള പല സ്ഥാപനങ്ങളും പൂട്ടി.നഗരപ്രദേശങ്ങളില്‍ പോലും യാതൊരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ,പ്രത്യേകിച്ച് പബ്ബുകളും,റസ്റ്റോറന്റുകളും പൂട്ടുന്നത് ഏവരെയും അമ്പരിപ്പിക്കുന്ന കാഴ്ചയാണ്.
ഈ വര്‍ഷം ഇതുവരെ ഹോസ്പിറ്റാലിറ്റി മേഖലയിലെ 108 ബിസിനസുകള്‍ ഷട്ടറിട്ടു.ഊര്‍ജ്ജം, സ്റ്റാഫ്, ഇന്‍ഷുറന്‍സ് എന്നിവയിലെ ഉയരുന്ന ചെലവുകള്‍ ഹോസ്പിറ്റാലിറ്റിയിലെയും റീട്ടെയില്‍ മേഖലയുടെയും ലാഭവിഹിതം ഇല്ലാതാക്കുകയാണ്.എസ് എം ഇകള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയാണ്.
പാപ്പരാകുന്നവരുമേറെ
രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പാപ്പരാകുന്ന സ്ഥാപനങ്ങളുടെ എണ്ണവും വര്‍ഷം തോറും പെരുകുകയാണ്.കോവിഡ് സഹായം നീക്കം ചെയ്തതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായത്.
റവന്യു ഡെബ്റ്റ് വെയര്‍ഹൗസിംഗ് സ്‌കീം പ്രകാരം തുക തിരിച്ചടയ്ക്കുന്നതിനുള്ള സമയപരിധി ഒരു മാസം പിന്നിടുമ്പോഴും 1,820 സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തി.പേമെന്റ് ക്രമീകരണങ്ങളില്‍ മാറ്റമാവശ്യപ്പെട്ട് ഇവര്‍ റവന്യു ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
മൊത്തം കടബാധ്യതയുടെ 15% ആണിതെന്നാണ് കണക്കാക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ നാലിലൊന്നിനും 100,000 യൂറോയില്‍ കൂടുതല്‍ ബാധ്യതയുണ്ടെന്നും കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ 21 മാസത്തിനുള്ളില്‍ ലിക്വിഡേറ്റ് ചെയ്ത ഹോസ്പിറ്റാലിറ്റി കമ്പനികളുടെ ശരാശരി ആകെ ബാധ്യതകള്‍ ഏകദേശം 380,000 യൂറോയാണെന്ന് പി ഡബ്ല്യുസിയുടെ വിശകലനം കണ്ടെത്തിയിരുന്നു.
ഈ വര്‍ഷം ഇതുവരെ നടത്തിയ 110ഹോസ്പിറ്റാലിറ്റി സോള്‍വെന്‍സികളില്‍ 98 എണ്ണം ലിക്വിഡേഷനുകളായിരുന്നു. ഏകദേശം 37.2 മില്യണ്‍ യൂറോയുടെ മൊത്തം ബാധ്യതകളാണ് ഇവര്‍ക്കുണ്ടായിരുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോഴും
അതേസമയം,ഒരു ഭാഗത്ത് അടച്ചുപൂട്ടലുകള്‍ തുടരുമ്പോഴും ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 1% വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
ചെറുകിട റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി 170 മില്യണ്‍ യൂറോയുടെ പവര്‍ അപ്പ് ഗ്രാന്റടക്കമുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൂട്ടുന്ന സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം നിലവിലുണ്ട് എന്ന് ചുരുക്കം.അല്‍പ്പം പരിചയവും, മനസുമുണ്ടെങ്കില്‍ , സര്‍ക്കാര്‍ സഹായം ഇഷ്ടംപോലെയുണ്ടെന്ന് തന്നെയാണ് യാഥാര്‍ഥ്യം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/