head3
head1

രഞ്ജിത്തും,സിദ്ധിഖും രാജിവെച്ചു, മലയാള സിനിമാലോകത്ത് പൊട്ടിത്തെറി

കൊച്ചി : ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമ മേഖലയിലെ താരബിംബങ്ങളുടെ പതനം.കൂടുതല്‍ നടിമാരും,ചലച്ചിത്ര പ്രവര്‍ത്തകരും ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ‘അമ്മ’അടക്കമുള്ള താരസംഘടനകളുടെയും വിലയിടിഞ്ഞു.അമ്മയുടെ ജനറല്‍ സെക്രട്ടറിയും,സ്വയം പ്രഖ്യാപിത സോഷ്യല്‍ മീഡിയാ നന്മമരവുമായ സിദ്ദിഖ് സംഘടനയുടെ ചുമതലയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞതിന് പിന്നാലെ കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും സംവിധായകന്‍ രഞ്ജിത്തും രാജി വച്ചു.

നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രഞ്ജിത്ത് രാജി വച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വച്ചതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിയ്ക്കായി സമ്മര്‍ദ്ധം വര്‍ദ്ധിച്ചിരുന്നു. ഇതോടെയാണ് സംവിധായകന്‍ രാജി വച്ചത്.രഞ്ജിത്തിന്റെ കാറിലെ ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍’ എന്ന ബോര്‍ഡ് ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു. രഞ്ജിത്തിന്റെ രാജിക്കായി ഇന്നലെ തന്നെ പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഉള്ളില്‍ നിന്നുള്ളവര്‍ തന്നെ രഞ്ജിത്തിനെതിരെ പ്രതികരിച്ചിരുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു വരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും നടി ആരോപിച്ചിരുന്നു.കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് രാജി സന്നദ്ധത അറിയിച്ചിരുന്നതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാരിന് രാജി ആവശ്യപ്പെടേണ്ടി വന്നില്ല ഇങ്ങോട്ട് വിളിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നതായി മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

രഞ്ജിത് വിഷയത്തില്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി മന്ത്രി പറഞ്ഞു.തന്നെ മാധ്യമങ്ങള്‍ സ്ത്രീ വിരുദ്ധനായി ചിത്രീകരിച്ചു. മൂന്ന് പെണ്‍മക്കളുടെ പിതാവാണ് താന്‍. തന്റെ വീട്ടില്‍ ഭാര്യയും അമ്മയുമുണ്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുന്ന ആളാണ് താനെന്നും മന്ത്രി വ്യക്തമാക്കി.താന്‍ പറഞ്ഞ കാര്യങ്ങളെ ചാനല്‍ ചര്‍ച്ചയിലിരുന്ന് ചിലര്‍ വളച്ചൊടിച്ചു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമല്ല. ഇരയ്ക്കൊപ്പമാണ്. രഞ്ജിത് കത്ത് അയച്ചാല്‍ സര്‍ക്കാര്‍ രാജി അംഗീകരിക്കും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്. തനിക്ക് ഇപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമാണെന്നും സജി ചെറിയാന്‍ അറിയിച്ചു.

രാജിക്കത്ത് മോഹന്‍ലാലിന് അയച്ചുവെന്ന് സിദ്ദിഖ്

ലൈംഗികാരോപണത്തിന് പിന്നാലെയാണ് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചത്. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന് അയച്ചതായി സിദ്ദിഖ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് സിദ്ദിഖ് രാജി വച്ചത്.2019 മുതല്‍ രേവതി ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും രേവതി പറഞ്ഞത്. മാസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും രേവതി ആരോപിച്ചു. മോളേ എന്ന് വിളിച്ചാണ് സിദ്ദിഖ് തന്നെ സമീപിച്ചതെന്നും മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.

2019 മുതല്‍ താന്‍ ഇത് പൊതുസമൂഹത്തിന് മുന്നില്‍ ആവര്‍ത്തിച്ച് പറയുന്നതായും അതിനാല്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടതായും രേവതി പറഞ്ഞു. സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിദ്ദിഖ് സംസാരിക്കുന്നത് കണ്ടു. അയാള്‍ പറയുന്നതെല്ലാം കള്ളമാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ സിദ്ദിഖിന് ക്രിമിനലിനെ കാണാം. അയാള്‍ കാരണം തനിക്ക് നഷ്ടപ്പെട്ടത് തന്റെ സ്വപ്നങ്ങളാണ്. തന്റെ മാനസികാരോഗ്യം ആണ്. സഹായം ചോദിച്ച് താന്‍ മുട്ടിയ വാതിലുകള്‍ ഒന്നും തുറന്നില്ല. മാതാപിതാക്കള്‍ മാത്രമേ അക്കാലത്ത് ഒപ്പമുണ്ടായിരുന്നുള്ളൂവെന്നും രേവതി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.

error: Content is protected !!