head3
head1

അയര്‍ലണ്ടില്‍ കനത്ത ചൂട് തുടരും ,;രാജ്യത്തിനാകെ യെല്ലോ മുന്നറിയിപ്പുമായി മെറ്റ് ഏറാന്‍ ,ആറ് കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ താപനില 30 ഡിഗ്രി സിയിലെത്തുമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് രാജ്യത്തിനാകെ മുന്നറിയിപ്പുമായി മെറ്റ് ഏറാന്‍. ആറ് കൗണ്ടികള്‍ക്ക് വെള്ളിയാഴ്ച വരെ ഓറഞ്ച് അലെര്‍ട്ടും രാജ്യവ്യാപകമായി യെല്ലോ മുന്നറിയിപ്പുമാണ് നല്‍കിയിട്ടുള്ളത്.

രാജ്യത്തെങ്ങും ഇന്നലെ കനത്ത ചൂടാണ് അനുഭവപ്പെട്ടത്, ചില വ്യാപാരസ്ഥാപനങ്ങള്‍ എങ്കിലും എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി.വാഹനങ്ങളില്‍ ദീര്‍ഘദൂരയാത്രകള്‍ നടത്തുന്നവരും ചൂടിന്റെ ആഘാതം അനുഭവിക്കുന്നുണ്ട്.കാല്‍നട യാത്രക്കാര്‍ തണല്‍ തേടി നടക്കുന്ന പതിവ് തുടങ്ങി.അപ്രതീക്ഷിതമായ തോതില്‍ ഉയരുന്ന താപനില അയര്‍ലണ്ടിലെ ജനതയ്ക്ക് പുതിയ അനുഭവമാവുകയാണ്.ഇത്രയധികം ചൂട് വര്‍ധിച്ച കാലമില്ല എന്ന അഭിപ്രായമാണ് പഴയ തലമുറ ഉയര്‍ത്തുന്നത്.

കാവന്‍, മോണഗാന്‍, സൗത്ത് ലെയ്ട്രിം, റോസ്‌കോമണ്‍, ലോംഗ്ഫോര്‍ഡ്, വെസ്റ്റ്മീത്ത് എന്നീ കൗണ്ടികളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയത്.ഈ കൗണ്ടികളില്‍ പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസിലേറുമെന്നാണ് മുന്നറിയിപ്പ്. രാത്രിയില്‍ പോലും താപനില 20 ഡിഗ്രിയില്‍ കുറയില്ലെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9 മണി വരെയാണ് രാജ്യ വ്യാപക മുന്നറിയിപ്പ് പ്രാബല്യത്തിലുള്ളത്.

ആഴ്ചയിലെ ബാക്കി ദിനങ്ങളിലും രാജ്യവ്യാപകമായി ഹീറ്റ് വേവ് തുടരുമെന്നും താപനില 27 സി മുതല്‍ 30 സി വരെ ഉയരുമെന്നും മെറ്റ് ഏറാന്‍ നിരീക്ഷിക്കുന്നു. ഉയര്‍ന്ന താപനില ഈ ആഴ്ചയിലും തുടരും. രാത്രികള്‍ വളരെ ചൂടും ഈര്‍പ്പവുമുള്ളതായിരിക്കും.

പകല്‍ സമയം പരമാവധി താപനില 27 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. രാത്രിയില്‍ താപനില 17 മുതല്‍ 20 ഡിഗ്രിയില്‍ താഴെ പോകില്ലെന്നും മെറ്റ് ഏറാന്‍ പ്രവചിക്കുന്നു. അതേസമയം, ഉയര്‍ന്ന താപനിലയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് ഭവന വകുപ്പിന്റെ ക്രൈസിസ് മാനേജ്‌മെന്റ് ടീമും നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റും (എന്‍ഡിഎഫ്ഇഎം) അടുത്ത ദിവസങ്ങളില്‍ എച്ച്.എസ്.ഇ., മെറ്റ് ഐറാന്‍ എന്നിവയുമായി ചര്‍ച്ച നടത്തും. കടുത്ത ചൂടുകാലം പരിഗണിച്ച് വെള്ളം ഉപയോഗിക്കുന്നതില്‍ കരുതല്‍ പാലിക്കണമെന്ന് ഐറിഷ് വാട്ടര്‍ പൊതുജനങ്ങളെ ഉപദേശിച്ചു.

ചൂടിനൊപ്പം കോവിഡിനെയും കരുതിയിരിക്കണമെന്ന് സിഎംഒ

കടുത്ത ചൂടില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോളോഹന്‍ അഭ്യര്‍ത്ഥിച്ചു.ഔട്ട്‌ഡോര്‍ സൗന്ദര്യം ആസ്വദിക്കുന്നവര്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളും മുതിര്‍ന്നവരും സണ്‍സ്‌ക്രീന്‍ പതിവായി ഉപയോഗിക്കണം.ചര്‍മ്മം മുഴുവന്‍ മൂടുന്ന അയവുള്ള ലൈറ്റ് കളര്‍ വസ്ത്രങ്ങളും തൊപ്പിയും സണ്‍ഗ്ലാസും ധരിക്കണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണമെന്നും കൂളായിരിക്കണമെന്നും സിഎംഒ ആവശ്യപ്പെട്ടു.ചൂടു കാലത്ത് ക്ഷീണം, സ്ട്രോക്ക് എന്നിവയെ ശ്രദ്ധിക്കണം.

തലവേദന, തലകറക്കം, കണ്‍ഫ്യൂഷന്‍, വിശപ്പില്ലായ്മ, ക്ഷീണം, ഫാസ്റ്റ് ബ്രീത്തിംഗ്, ഫാസ്റ്റ് പള്‍സ്, ഉയര്‍ന്ന ചൂട്, അമിത ദാഹം എന്നിവ ചൂട് ക്ഷീണത്തിന്റെ ലക്ഷണങ്ങളാണ്. ചികിത്സിച്ചില്ലെങ്കില്‍ ചൂട് സ്ട്രോക്കിന് കാരണമാകും.കോവിഡില്‍ നിന്ന് സുരക്ഷിതമായി മാറി നില്‍ക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സിഎംഒ ഓര്‍മ്മിപ്പിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More