head1
head3

അയർലണ്ടിലെ ഹെൽത്ത് കെയർ അസിസ്‌റ്റന്റുമാർക്ക് ആശ്വാസമേകി ,സർക്കാർ വിജ്ഞാപനം പുറത്തിറക്കി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്മാരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കേണ്ടതിന് (QQI) ലെവല്‍ 5 കോഴ്സ് നിര്‍ബന്ധമായും ചെയ്തിരിക്കണമെന്ന വ്യവസ്ഥ (QQI) ലെവല്‍ 5 കോഴ്‌സിനേക്കാള്‍ ഉയര്‍ന്ന യോഗ്യത നിലവില്‍ ഉള്ളവര്‍ ചെയ്തവര്‍ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കി ഐറിഷ് സര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കി.

ഇത് വ്യക്തമാക്കിക്കൊണ്ടുള്ള അറിയിപ്പും, വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോള്‍ നല്‍കേണ്ട നവീകരിച്ച അപേക്ഷാ ഫോമും ഇന്നലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്റര്‍ പ്രൈസസിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്യുക്യുഐ ലെവല്‍ 5 യോഗ്യതയുള്ള സ്റ്റാഫ് അംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ചുമതല നിര്‍വഹിക്കാനുള്ള കഴിവുകളും അനുഭവപരിചയവും അറിവും പുതുതായി ജോലിയില്‍ പ്രവേശിച്ച നഴ്സുമാര്‍ക്ക് ഉണ്ടെന്നത് വിലയിരുത്താനുള്ള ഒരു അസസ്മെന്റ് ഫോമും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കേണ്ടതിന് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച് രണ്ട് വര്‍ഷത്തിനകം (QQI) ലെവല്‍ 5 കോഴ്സ് ചെയ്തിരിക്കണം എന്നായിരുന്നു സര്‍ക്കാര്‍ മുമ്പ് നല്‍കിയിരുന്ന നിബന്ധന.എന്നാല്‍ ഇന്ത്യയില്‍ നിന്നടക്കം വരുന്ന വിദേശ തൊഴിലാളികളില്‍ അധികവും , (QQI) ലെവല്‍ 5 കോഴ്സിനേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണെന്ന് ബോധ്യപ്പെടുത്താന്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ കൂട്ടായ്മ കഴിഞ്ഞ മൂന്ന് മാസങ്ങളായി പോരാട്ടത്തിലായിരുന്നു.

കെയറര്‍മാരായി പുതുതായി അയര്‍ലണ്ടില്‍ എത്തുന്ന നൂറുകണക്കിന് പേര്‍ അനുഭവിക്കുന്ന ക്ലേശം ശ്രദ്ധയില്‍ പെട്ട ഐറിഷ് മലയാളി ചീഫ് എഡിറ്റര്‍ റെജി സി ജേക്കബിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച Overseas Health and Home care’s in IRELAND എന്ന പേരിലുള്ള ഒരു ഗ്രൂപ്പിലെ തൊള്ളായിരത്തിലധികം അംഗങ്ങള്‍ ഒറ്റകെട്ടായി നടത്തിയ കാമ്പയിനാണ് വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് വേണ്ടിയുള്ള ഐതിഹാസിക പോരാട്ടത്തിലൂടെ ചരിത്ര പ്രാധാന്യമുള്ള അനുകൂല നിലപാട് പാര്‍ലമെന്റിലൂടെ നേടിയത്. എന്‍ എം ബി ഐ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാല്‍ബിന്‍ ജോസഫ് അടക്കമുള്ളവരുടെ സജീവ പിന്തുണയും കൂടി ലഭിച്ചതോടെ രാജ്യത്തെ മുഴുവന്‍ ടി ഡിമാരുടെയും ശ്രദ്ധ ,ഈ വിഷയത്തില്‍ കൊണ്ടുവരാനായി.

രാജ്യത്ത് പുതുതായി എത്തിയ കെയറര്‍മാരും (QQI) ലെവല്‍ 5 കോഴ്സ് ചെയ്യണമെന്ന കോഴ്സ് നടത്തിപ്പുകാരുടെ തെറ്റായ പ്രചാരണം തുറന്നുകാട്ടാന്‍ ഗ്രൂപ്പിനായതോടെ ടി ഡി മാരും കെയറര്‍മാര്‍ക്കായി രംഗത്തിറങ്ങുകയായിരുന്നു.

യൂറോപ്പിന് പുറത്ത് നിന്നുമുള്ള നോണ്‍-ഇഇഎ പൗരന്മാര്‍ക്ക് അയര്‍ലണ്ടില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന്റെ റോളിന് തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ അര്‍ഹതയുണ്ട്.എല്ലാ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും ജോലിയില്‍ പ്രവേശിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ QQI ലെവല്‍ 5 ഉറപ്പാക്കിയിരിക്കണം.ഐ ഇ എല്‍ ടി എസ്സോ ,ഓ ഇ ടി യോ പോലെയുള്ള ഭാഷാ പരിജ്ഞാന പരീക്ഷകളും ഇവര്‍ക്ക് ആവശ്യമില്ല.

എന്നാല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന്റെ (HCA) റോളില്‍ പ്രവേശനം ലഭിച്ചിട്ടുള്ള ജീവനക്കാര്‍ കെയര്‍ ഇന്‍ഡസ്ട്രിയുമായി മുന്‍ പരിചയമുള്ള ഉയര്‍ന്ന യോഗ്യതയുള്ളവരാണെങ്കില്‍ അവര്‍ക്ക് QQI ലെവല്‍ 5 ബാധകമാവില്ലെന്നാണ് എന്റര്‍പ്രൈസസ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ അയര്‍ലണ്ടില്‍ എത്തിയിരിക്കുന്ന ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരില്‍ 80 ശതമാനവും ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന നഴ്‌സുമാരാണ്.അവര്‍ക്ക് നിലവില്‍ തന്നെ QQI ലെവല്‍ 6 അഥവാ അതിലും ഉയര്‍ന്ന യോഗ്യതയുള്ളവരാണ്.

അയര്‍ലണ്ടിലെത്തിയ മൂവായിരത്തോളം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്റുമാര്‍ക്കും പ്രയോജനകരമായ രീതിയില്‍ നിയമ പരിവര്‍ത്തനം നടത്താന്‍ കഴിയുംവിധം തങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി Overseas Health and Home care’s in IRELAND ഗ്രൂപ്പിന്റെ നേതാക്കളായ ബിനീഷ് ജോസഫ് (ലെറ്റര്‍കെന്നി) ലിബിന്‍ ബേബി തെറ്റയില്‍ (ന്യൂ കാസില്‍ വെസ്റ്റ് ) പ്രീതി ഉണ്ണി ( കില്‍കോക്ക് ) എന്നിവര്‍ അറിയിച്ചു. ഫാമിലി റീ യൂണിഫിക്കേഷന്‍ പ്രശ്‌നത്തില്‍ സുസ്ഥിരവും,ശാശ്വതവുമായ പരിഹാരം കാണുന്നതിനുള്ള പ്രയത്‌നം ഗ്രൂപ്പ് തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ഇന്നലെ സർക്കാർ പ്രസിദ്ധീകരിച്ച അറിയിപ്പ്  https://enterprise.gov.ie/en/publications/renewal-of-employment-permit-health-care-assistant.html

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S<<

Comments are closed.