head1
head3

അയര്‍ലണ്ടിലെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് : വിശദീകരണവുമായി റിക്രൂട്ട്‌മെന്റ് ഏജന്റ് രംഗത്ത്

ഡബ്ലിന്‍ : അയര്‍ലണ്ടിലേക്ക് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്റുമാരെ റിക്രൂട്ട് ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം തട്ടിയെടുത്തുവെന്ന പരാതിയിന്‍ മേല്‍ ആദ്യ വെളിപ്പെടുത്തലുമായി റിക്രൂട്ട്‌മെന്റ് ഏജന്റ് .

എച്ച് എസ് ഇ യുടെ ഡബ്ലിനിലെ എച്ച് എസ് ഇ ഓഫിസിലെത്തി ചര്‍ച്ച നടത്തിയാണ് ,കെയറര്‍മാരെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതെന്ന് വിവാദത്തിലെ ആരോപണവിധേയനായ സെന്റ് ജെയിംസസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സൂരജ് മുരളീധരന്‍ ഇന്നലെ ‘ഐറിഷ് മലയാളി ന്യൂസിനോട് ‘വെളിപ്പെടുത്തി.

എച്ച് എസ് ഇ യില്‍ റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ് വരുന്നുണ്ടെന്നും ,ആയതിനാല്‍ അതിന് മുമ്പേ റിക്രൂട്ട്‌മെന്റ് നടത്താമെന്നും,ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും നിയമനത്തിന് വേണ്ടി രണ്ടായിരം യൂറോ വീതം ,എച്ച് എസ് ഇ യുടെ ,എച്ച് ആര്‍ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാള്‍ ആവശ്യപ്പെട്ടുവെന്നുമാണ് സൂരജിന്റെ വാദം.ഇയാളോടൊപ്പം എച്ച് എസ് ഇയിലെ മറ്റൊരാള്‍ കൂടി ചര്‍ച്ചകളില്‍ പങ്കെടുത്തു.സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ നിന്നും പരിചയപ്പെട്ട ജാസണ്‍ എന്നയാള്‍ വഴിയാണ് എച്ച് എസ് ഇ ഓഫീസില്‍ എത്തി ചര്‍ച്ച നടത്തിയതത്രെ.

തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയത്. ഇതേ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറോളം പേരാണ് ജോലിയ്ക്കായി അപേക്ഷിച്ചത്. ഇവരെ പല ഘട്ടങ്ങളിലായി ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കുകയിരുന്നു.എച്ച് എസ് ഇ ഓഫീസില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു എന്ന് സൂരജ് അവകാശപ്പെടുന്ന ജോണ്‍ ബാരി,മാത്യു ലോങ്ങ് എന്ന പേരുകളുള്ളവരാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി അരമണിക്കൂര്‍ വരെ നീണ്ടുനിന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയത്.തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സബ് ഏജന്റുമാര്‍ തരാതരം പണം വാങ്ങിച്ചെങ്കിലും രണ്ട് ലക്ഷം രൂപയെ തനിക്ക് ലഭിച്ചുള്ളുവെന്നാണ് ഇയാളുടെ അവകാശവാദം. നടപടി ക്രമങ്ങൾക്ക്  കാലതാമസം വന്നതിനെത്തുടർന്ന് ചില സബ് എജന്റുമാരും ഉദ്യോഗാർത്ഥികൾക്ക് വാങ്ങിയ പണം തിരികെ നൽകിയിട്ടുണ്ട്.സബ് ഏജന്റുമാരോ , ഉദ്യോഗാര്‍ത്ഥികളോ നേരിട്ട് ,ഈ തുക എന്റെ കേരളത്തിലെ ബാങ്ക് അകൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതാണെന്നും,അതില്‍ യാതൊന്നും രഹസ്യമായുണ്ടായിരുന്നില്ലെന്നും സൂരജ് പറഞ്ഞു.ഈ തുക അയര്‍ലണ്ടിലെ സ്വന്തം പേരിലുള്ള എ ഐ ബി അകൗണ്ടിലേയ്ക്ക് മാറ്റിയ ശേഷമാണ് ,ജോണ്‍ ബാരിയുടെ അകൗണ്ടിലേയ്ക്ക് മാറ്റിയത്.എട്ടര ലക്ഷത്തോളം യൂറോയാണ് ബാരിയുടെ അകൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.

ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ വിജയിച്ചവര്‍ക്ക് അയര്‍ലണ്ടിലെ വിവിധ എച്ച് എസ് ഇ ,ആശുപത്രികളിലേയ്ക്കായുള്ള വര്‍ക്ക് പെര്‍മിറ്റ് നല്‍കിയെങ്കിലും ഇവ വ്യാജമെന്ന് കണ്ടെത്തി ഇന്ത്യയിലെ ഐറിഷ് എംബസി ഇവര്‍ക്കുള്ള വിസ നിഷേധിക്കുയായിരുന്നു.അയര്‍ലണ്ടിലേക്ക് അഞ്ച് വര്‍ഷത്തേക്കുള്ള പ്രവേശനം വിലക്കിക്കൊണ്ട് ഇരുനൂറ്റമ്പതോളം നഴ്സുമാര്‍ക്ക് എംബസി കത്തും നല്‍കി.

എന്നാല്‍, ജോണ്‍ ബാരിയും കൂട്ടുകാരും എച്ച് എസ് ഇ യുടെ ‘സ്വന്തം ആള്‍ക്കാരാണെന്നും, വര്‍ക്ക് പെര്‍മിറ്റില്‍ ഒപ്പ് രേഖപ്പെടാതിരുന്നത് യാദൃശ്ചി കമായിരുന്നുവെന്നും, ഇവ ഉടനെ തിരുത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ടിലേക്ക് അവസരം നല്കുമെന്നുമായിരുന്നു ഇന്നലെ പോലും സൂരജ് ;ഐറിഷ് മലയാളി’യോട് പറഞ്ഞത്.വര്‍ക്ക് പെര്‍മിറ്റ് വീണ്ടും അനുവദിക്കുന്ന മുറയ്ക്ക് ‘പ്രവേശനവിലക്ക് ‘നീക്കുവാനും എച്ച് എസ് ഇ നേരിട്ടിടപെടുമത്രേ ! അഥവാ അയര്‍ലണ്ടിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ അപേക്ഷ ഉദ്യോഗാര്‍ത്ഥികള്‍ പിന്‍വലിച്ചാല്‍ , തനിക്ക് നല്‍കിയ പണം തിരികെ നല്‍കാമെന്ന് ജോണ്‍ ബാരി പറഞ്ഞിട്ടുണ്ടെന്നും സൂരജ് പറയുന്നു.

അയര്‍ലണ്ടിലേക്ക് പോരാനായി ഉദ്യോഗാര്‍ത്ഥികള്‍ ‘ എച്ച് എസ് ഇ യ്ക്ക് നല്‍കിയ അപേക്ഷകളില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും തുടരുകയാണെന്നും എന്നാല്‍ അപേക്ഷ പിന്‍വലിച്ചവര്‍ അടക്കം ആവശ്യപ്പെട്ട നിരവധി പേര്‍ക്ക് തന്റെ അകൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്ത പണം തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സൂരജ് പറഞ്ഞു.അടുത്ത നടപടികള്‍ വിശദീകരിക്കാനായി ഈ ആഴ്ചയില്‍ കൊച്ചിയില്‍ ഉദ്യോഗാര്‍ഥികളുടെ യോഗം വിളിച്ചിട്ടുണ്ടന്നും സൂരജ് പറയുന്നു.

എന്നാല്‍ ജോണ്‍ ബാരിക്ക് ,പണം ട്രാന്‍സ്ഫര്‍ ചെയ്തതിന് തെളിവെന്തെങ്കിലും നല്കാനാവുമോ എന്ന ചോദ്യത്തിന് , അത് കേരളത്തിലെ പോലീസിനും,അയര്‍ലണ്ടിലെ ഗാര്‍ഡയ്ക്കും കൈമാറുമെന്ന മറുപടിയാണ് സൂരജ് നല്‍കിയത്.

സൂരജ് പേര് വെളിപ്പെടുത്തിയാള്‍ക്കാര്‍ക്ക്,എച്ച് എസ് ഇ യുമായോ റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായോ ഏതെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കാനായാല്‍ ,എച്ച് എസ് ഇ സംവിധാനമാകെ സംശയത്തിന്റെ നിഴലിലാകുമെന്നതില്‍ സംശയമൊന്നുമില്ല.എന്നാല്‍ മറിച്ചാണെങ്കില്‍ കൂടുതല്‍ വിശ്വാസ വഞ്ചനാകുറ്റങ്ങള്‍ സൂരജിന് മേല്‍ ചാര്‍ത്തേണ്ടി വരും. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ഐറിഷ് മലയാളി ന്യൂസ് ഇന്നലെ തന്നെ എച്ച് എസ് ഇ യുമായി ബന്ധപ്പെട്ടെങ്കിലും ഇതേ വരെ പ്രതീകരണം ലഭിച്ചിട്ടില്ല.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.