ദോഹ: ഇസ്രയേലും- ഹമാസും തമ്മില്‍ ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് റിപ്പോര്‍ട്ടുകള്‍. കരാറിന്റെ അന്തിമ കരട് ഇരുവരും അംഗീകരിച്ചതായി ഖത്തര്‍ ഉദ്യോഗസ്ഥന്‍ സ്ഥീരീകരിച്ചതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്ന വെടിനിര്‍ത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെയും അന്തിമ കരട് ഖത്തര്‍ ഇസ്രായേലിനും ഹമാസിനും കൈമാറിയതായിട്ടാണ് വെളിപ്പെടുത്തല്‍.
ഘട്ടം ഘട്ടമായുള്ള സേനകളുടെ പിന്‍ വാങ്ങല്‍, ബന്ദികളുടെ കൈമാറ്റം, മാനുഷിക സഹായത്തിനായുള്ള കൂടുതല്‍ ഇടങ്ങള്‍ തുറക്കല്‍ എന്നിവയാണ് കരാറിലെ ധാരണയെന്നാണ് വിവരം. സംഘര്‍ഷ മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് നിലവിലെ ചര്‍ച്ചകള്‍. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുമ്പ് വെടി നിര്‍ത്തല്‍ ധാരണയില്‍ എത്തിച്ചേരാന്‍ കഴിയുന്നത് ജോ ബൈഡനെ സംബന്ധിച്ചടുത്തോളം നേട്ടമാണ്. ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുനായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ ചര്‍ച്ച സമാധാന ശ്രമത്തിന് ഗുണമായി എന്ന വിലയിരുത്തലുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ വച്ചാണ് വെടിനിര്‍ത്തല്‍ ധാരണയിലേക്കെത്തിയത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഖത്തിറിന്റെ പ്രസക്തിയും ഏറുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജനുവരി 20ന് സ്ഥാനമൊഴിയുന്നതിന് മുമ്പ് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെപ്പിക്കാന്‍ അതിവേഗ നീക്കമാണ് നടത്തുന്നത്. ഇസ്രയേല്‍, കരാറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ വൈറ്റ് ഹൗസ്, ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം കാര്യങ്ങള്‍ പുരോഗമിക്കുന്നുവെന്ന സൂചനയും നല്‍കുന്നുണ്ട്.
2023 ഒക്ടോബറില്‍ ഹമാസ് സൈന്യം ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് ഗാസ മുനമ്പില്‍ യുദ്ധ കലുഷിതമായ സാഹചര്യത്തിലേക്ക് കടന്നത്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 250 ലധികം പേരെ ബന്ധികളാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇസ്രായേല്‍ ഗാസയില്‍ പ്രത്യാക്രമണം ആരംഭിച്ചത്. ഇതുവരെ ഏകദേശം 46000ലധികം ആളുകള്‍ക്കാണ് ഗാസയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
ആദ്യ ഘട്ടത്തില്‍ പിടിയില്‍ നിന്നും 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുന്നതിലും ചര്‍ച്ച തുടരുകയാണ്. ലോകം ഏറെക്കാലമായി സ്വപ്നം കാണുന്നതാണ് ഗാസയിലെ സമ്പൂര്‍ണ വെടിനിര്‍ത്തല്‍.പേര് ബൈഡന് ,വിജയം ട്രമ്പിന്
ജനുവരി 20 ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ‘എല്ലാം നരകമാക്കും’ എന്ന് ഭീഷണിപ്പെടുത്തിയ ഡൊണാള്‍ഡ് ട്രമ്പ് ആരെക്കുറിച്ചാണ് അത് പറഞ്ഞത് എന്ന് വെളിപ്പെടുത്താന്‍ തയാറായില്ലെങ്കിലും ,പ്രശ്‌നപരിഹാരത്തിന് എല്ലാവരും പെട്ടന്ന് തയാറായത് ലോകത്തിന് അത്ഭുതമായിരിക്കുകയാണ് .ഒരു വര്‍ഷത്തിലധികം നീണ്ട സംഘര്‍ഷത്തിന്റെ സംവിധായകരൊക്കെ ജനുവരി 20 നെ പേടിക്കുന്നുണ്ടെന്നാണ് യാഥാര്‍ഥ്യം.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.