head1
head3

അപകടത്തില്‍പ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കുന്ന നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍ : ഗുരുതരമായ അപകടത്തിലുള്‍പ്പെട്ട വാഹന ഡ്രൈവര്‍മാര്‍ക്ക് മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കുന്ന പുതിയ റോഡ് ട്രാഫിക് നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

അതിനിടെ അന്‍ ഗാര്‍ഡ ബാങ്ക് ഹോളിഡേ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ ഏഴ് മുതല്‍ രാജ്യത്തെ ഗാര്‍ഡാ ചെക്ക്‌പോസ്റ്റുകളില്‍ മയക്കുമരുന്ന്, മദ്യം പരിശോധനകളും നടത്തും. ഇന്ന് രാവിലെ മുതല്‍ ചൊവ്വാഴ്ച രാവിലെ വരെയാണ് ചെക്ക്‌പോസ്റ്റുകളില്‍ നിര്‍ബന്ധിത ലഹരി പരിശോധന നടത്തുക.

നിലവില്‍, വാഹനാപകടങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിര്‍ബന്ധിത ആല്‍ക്കഹോള്‍ പരിശോധന മാത്രമേ നടത്താറുള്ളു.മയക്കുമരുന്ന് പരിശോധന ഗാര്‍ഡയുടെ വിവേചനാധികാരമാണ്.ഈ തീരുമാനമെടുക്കാനുള്ള സമയത്തിനിടെ പ്രതികള്‍ മുങ്ങുന്നതും പതിവായിരുന്നു.

ഈ പിഴവ് ഒഴിവാക്കാന്‍ മയക്കുമരുന്ന് പരിശോധനയ്ക്കായി ഒരാളെ 30 മിനിറ്റ് തടങ്കലില്‍ വയ്ക്കാന്‍ പുതിയ നിയമം ഗാര്‍ഡയെ അനുവദിക്കും. കഴിഞ്ഞ വര്‍ഷം 8,000 പേരെയാണ് വാഹനമോടിക്കുന്നതിനിടെ മദ്യപിച്ചതിന് പിടികൂടിയത്. ഇവരില്‍ 3,000 പേര്‍ മയക്കുമരുന്നുപയോഗിച്ചിരുന്നു.

പുതിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം 10,000 ഡ്രഗൈ്വപ്പ് ടെസ്റ്റിംഗ് കിറ്റുകള്‍ ഗാര്‍ഡ വാങ്ങി.എട്ട് മിനിറ്റിനുള്ളില്‍ ഇതിന്റെ റിസള്‍ട്ട് ലഭിക്കും.കൊക്കെയ്ന്‍, കഞ്ചാവ്, ഒപിയേറ്റ്സ്, ബെന്‍സോഡിയാസെപൈന്‍, മെത്താംഫെറ്റാമൈന്‍സ് എന്നിവയുടെ സാന്നിധ്യമറിയാന്‍ ഈ പരിശോധനയിലൂടെ സാധിക്കും.

മദ്യപിച്ചെന്ന തെളിഞ്ഞാല്‍ അത് രക്ത പരിശോധനയിലൂടെ സാക്ഷ്യപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇത് നടപടിക്രമങ്ങളെ വല്ലാതെ വൈകിപ്പിച്ചിരുന്നതായി പോലീസിംഗ് അതോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.രക്തപരിശോധന നടത്താന്‍ നഴ്‌സുമാരെ കൊണ്ടുവരണമെന്ന ആവശ്യവും അതോറിറ്റി ഉന്നയിച്ചിരുന്നു.

റോഡ് ട്രാഫിക് നിയമത്തിലെ പ്രധാന പരിഷ്‌കാരമാണ് നടപ്പാക്കുന്നതെന്ന് ഗതാഗത സഹമന്ത്രി ജാക്ക് ചേമ്പേഴ്‌സ് പറഞ്ഞു.മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുകയാണ്.ഇത് ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു.അപകടമുണ്ടാക്കിയാല്‍ നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധന നേരിടേണ്ടിവരുമെന്ന വ്യവസ്ഥ വ്യക്തമായ സന്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്ന് ഡ്രൈവിംഗ് കൂടുതലാണെന്ന് റോഡ്‌സ് പോലീസിംഗ് ആന്റ് കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ പോള ഹില്‍മാന്‍ പറഞ്ഞു.

ബാങ്ക് അവധി വാരാന്ത്യത്തിന് മുന്നോടിയായി, മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് പ്രത്യേക പരിശോധനകളുണ്ടാകുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു.2024ല്‍ ഇതുവരെ 79 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്.ഇതില്‍ പത്ത് പേര്‍ മോട്ടോര്‍ സൈക്കിള്‍ യാത്രികരാണ്.ജൂണ്‍ മാസത്തിലാണ് ബൈക്ക് യാത്രികര്‍ക്ക് ഏറ്റവും കൂടുതല്‍ അപകടവും മരണവും സംഭവിക്കുന്നതെന്ന് ആര്‍ എസ് എ കണക്കുകള്‍ വ്യക്തമാക്കുന്നു.ബൈക്ക് ഫെസ്റ്റും മറ്റും നടക്കുന്നതിനാല്‍ തിരക്കേറാനുള്ള സാധ്യതയും ഏറെയാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Comments are closed.

error: Content is protected !!