head1
head3

അയര്‍ലണ്ടിലെ വിലക്കയറ്റം യൂറോസോണിലെ ഏറ്റവും ഉയര്‍ന്ന തോതിലെന്ന് യൂറോസ്റ്റാറ്റ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വിലക്കയറ്റം യൂറോസോണിലെ ഏറ്റവും ഉയര്‍ന്ന തോതിലെന്ന് യൂറോസ്റ്റാറ്റ്. അയര്‍ലണ്ടിന്റെ വിലക്കയറ്റത്തിന്റെ തോത് യൂറോസോണിലെ 8.9% എന്ന റെക്കോര്‍ഡിനേക്കാള്‍ ഉയരത്തിലാണ്. അയര്‍ലണ്ടില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.6% വര്‍ദ്ധിച്ചതായാണ് യൂറോസ്റ്റാറ്റ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ മാസവും ഇതു തന്നെയായിരുന്നു പണപ്പെരുപ്പ നിരക്ക്. അത് മാറ്റമില്ലാതെ തുടരുന്നുവെന്നതാണ് ഈ വര്‍ധനവിലും ഏക ആശ്വാസം. ഇന്ധന വിലക്കയറ്റത്തെ ആശ്രയിച്ചാണ് ഇവിടുത്തെ പണപ്പെരുപ്പവും വിലക്കയറ്റത്തിന്റെയും പോക്ക്. ഇന്ധന വില വര്‍ധനവ് തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50% വിലവര്‍ധനവാണ് നിലവിലുള്ളത്. എന്നിരുന്നാലും മുന്‍മാസത്തെ അപേക്ഷിച്ച് 1.6% കുറവുണ്ടായിട്ടുണ്ടെന്ന് യൂറോസ്റ്റാറ്റ് പറയുന്നു.

എട്ട് രാജ്യങ്ങളില്‍ അയര്‍ലണ്ടിന്റേതിനെക്കാള്‍ കുറഞ്ഞ പണപ്പെരുപ്പ നിരക്കാണ് ഉള്ളത്. അതേസമയം, പത്ത് രാജ്യങ്ങളില്‍ പണപ്പെരുപ്പം ഇതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുമാണ്. എസ്റ്റോണിയയില്‍ പണപ്പെരുപ്പം 22.7%മാണ്. ഏറ്റവും കുറവ് മാള്‍ട്ടയിലും. 6.5% ആണ് മാള്‍ട്ടയിലെ പണപ്പെരുപ്പം.

അതേസമയം, കുതിച്ചുയരുന്ന ഊര്‍ജ്ജ-ഭക്ഷ്യ വിലയുടെ പശ്ചാത്തലത്തിലും കടുത്ത പ്രതിരോധമാണ് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥ തീര്‍ത്തിട്ടുള്ളതെന്ന് യൂറോസ്റ്റാറ്റില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സും സ്പെയിനും ടൂറിസത്തില്‍ കരുത്തുകാട്ടിയതായി യൂറോസ്റ്റാറ്റ് പറയുന്നു.

യൂറോസോണിലെ വളര്‍ച്ച രണ്ടാം പാദത്തില്‍ 0.7%ല്‍ എത്തിയതായി ഏജന്‍സി പറഞ്ഞു. ഇത് പ്രതീക്ഷിച്ചതിലും വളരെ ശക്തമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഉയര്‍ന്ന പണപ്പെരുപ്പത്തിലും വളര്‍ച്ചയുടെ തോത് ജൂലൈയില്‍ 8.9 ശതമാനത്തിലെത്തിയെന്നും യൂറോസ്റ്റാറ്റ് പറഞ്ഞു.

അതേസമയം, അയര്‍ലണ്ട് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോയെന്ന് കണക്കാക്കാന്‍ പ്രയാസമാണെന്ന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രൊഫ. അലന്‍ ബാരറ്റ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.