head1
head3

ഇംഗ്ലണ്ടിനെ വീഴ്ത്തി, ഇറ്റലിക്കു കിരീടം.

ലണ്ടന്‍: യൂറോ കപ്പില്‍ കന്നി ഫൈനലില്‍ തന്നെ കിരീടമോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലിക്കു കിരീടം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു അസൂറിപ്പട ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ ഡൊണാറുമയാണ് ഇറ്റലിയുടെ ഹീറോയായത്. രണ്ടു കിക്കുകള്‍ താരം തടുത്തിട്ടു. ഇറ്റലിക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെഷി എന്നിവരാണ് ലക്ഷ്യം കണ്ടത്. ബെലോറ്റി, ജോര്‍ജീഞ്ഞോ എന്നിവരുടെ കിക്കുകള്‍ ഇംഗ്ലീഷ് ഗോളി പിക്ഫോര്‍ഡ് ബ്ലോക്ക് ചെയ്തു. ഇംഗ്ലണ്ടിനായി നായകന്‍ ഹാരി കെയ്ന്‍, ഹാരി മഗ്വയര്‍ എന്നിവര്‍ക്കു മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. സാഞ്ചോ, സാക്ക എന്നിവരുടെ കിക്കുകള്‍ ഡൊണാറുമ തടുത്തിട്ടപ്പോള്‍ റഷ്ഫോര്‍ഡിന്റെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തുപോവുകയായിരുന്നു.

ഇറ്റലിയുടെ രണ്ടാമത്തെ യൂറോപ്യന്‍ കിരീട വിജയമാണിത്. അവസാനമായി 1968ലായിരുന്നു അസൂറികള്‍ യൂറോപ്പിലെ രാജാക്കന്‍മാരായാത്. ഇറ്റലി- ഇംഗ്ലണ്ട് കലാശപ്പോര് നിശ്ചിസമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു തുല്യമായി തുടര്‍ന്നതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. നിശ്ചിതസമയത്ത് ഇംഗ്ലണ്ടായിരുന്നു ആദ്യം മുന്നിലെത്തിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലൂക്ക് ഷോ ഇംഗ്ലണ്ടിനു ലീഡ് സമ്മാനിച്ചിരുന്നു. ദേശീയ ടീമിനായി അദ്ദേഹത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. 67ാം മിനിറ്റില്‍ ലിയൊനാര്‍ഡോ ബെനൂച്ചിയുടെ വകയായിരുന്നു ഇറ്റലിയുടെ സമനില ഗോള്‍. അധികസമത്ത് രണ്ടു ടീമുകള്‍ക്കും വിജയഗോളിനായി പല അവസരങ്ങളും ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരെ കീഴ്പ്പെടുത്താനായില്ല.

കിക്കോഫിനു പിന്നാലെ രണ്ടാം മിനിറ്റില്‍ത്തന്നെ വെംബ്ലിയം ഇളക്കി മറിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ഇറ്റലിയുടെ വല കുലുക്കി. കളിയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ നീക്കം തന്നെ ഗോളില്‍ കലാശിക്കുകയായിരുന്നു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ലൂക്ക് ഷോയുടെ വകയായിരുന്നു അസൂറികളെ അമ്പരപ്പിച്ച ഗോള്‍. ഷോ തന്നെയായിരുന്നു നീക്കത്തിന് തുടക്കമിട്ടത്. ഇറ്റാലിയന്‍ കോര്‍ണറിനൊടുവില്‍ ലഭിച്ച ബോള്‍ ഷോ നായകന്‍ ഹാരി കെയ്നിന് പാസ് ചെയ്തു. ഇതിനിടെ ഷോ ഇടതു വിങിലൂടെ അഡ്വാന്‍സ് ചെയ്തു കയറുകയറുകയും ചെയ്തിരുന്നു. വലതു വിങിലേക്കു കെയ്ന്‍ നീട്ടി നല്‍കിയ ബോള്‍ പിടിച്ചെടുത്ത് ട്രിപ്പിയര്‍ ബോക്സിനു കുറുകെ ക്രോസ് ചെയ്തു. ഇടതു വിങിലൂടെ അകത്തേക്ക് കയറിയ ഷോയെ മാര്‍ക്ക് ചെയ്യാന്‍ ആരുമില്ലായിരുന്നു. ഷോയുടെ മനോഹരമായ ഇടംകാല്‍ ഷോട്ട് വലയില്‍ തുളഞ്ഞു കയറുമ്പോള്‍ ഗോള്‍ ഡൊണാറുമയും ഇറ്റാലിയന്‍ താരങ്ങളുമെല്ലാം ഒരുപോലെ കാഴ്ചക്കാരായിരുന്നു. യൂറോ കപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍ കൂടിയായിരുന്നു ഇത്. സോവിയറ്റ് യൂണിയനിനെതിരേ അഞ്ചാ മിനിറ്റില്‍ സ്പാനിഷ് താരം ഗോളായിരുന്നു നേരത്തേയുള്ള ഫാസ്റ്റസ്റ്റ്. ഇതാണ് ഷോ തിരുത്തിയത്.

തുടക്കത്തിലേറ്റ പ്രഹരം ഇറ്റലിയെ ഒന്നു ഞെട്ടിച്ചെങ്കിലും അവര്‍ സമനിലയ്ക്കായി ശ്രമങ്ങള്‍ തുടങ്ങി. എട്ടാം മിനിറ്റില്‍ ഇറ്റലിക്കു അനുകൂലമായി ബോക്സിനു പുറത്തു നിന്നു ഫ്രീകിക്ക് ലഭിക്കുന്നു. പക്ഷെ ഇന്‍സിനിയുടെ ഫ്രീകിക്ക് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ ഭീഷണിയുര്‍ത്താതെ കടന്നുപോയി. ഇറ്റലി തുടര്‍ന്നും ഗോള്‍ മടക്കാന്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഭീഷണിയുയര്‍ത്തുന്നതായിരുന്നില്ല. ഇംഗ്ലീഷ് ഗോളിയെ പരീക്ഷിക്കുന്ന ശ്രമങ്ങളൊന്നും അസൂറികളുടെ ഭാഗത്തു നിന്നില്ലായിരുന്നു. മറുഭാഗത്ത് ഇംഗ്ലണ്ടായിരുന്നു കുറേക്കൂടി മനോഹരമായി കളിച്ചത്. അവരുടെ ചടുലമായ കൗണ്ടര്‍ അറ്റാക്കുകള്‍ ഇറ്റലിയെ പലപ്പോഴും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ആദ്യ അര മണിക്കൂറില്‍ ഓണ്‍ ടാര്‍ജറ്റിലേക്കു ഇറ്റലിയുടെ ഭാഗത്തു നിന്നും ഒരു ശ്രമം പോലും കണ്ടില്ല.

35ാം മിനിറ്റില്‍ ഇറ്റലിക്കു ഒരു അര്‍ധ ഗോളാവസരം. രണ്ടു ഇംഗ്ലീഷ് താരങ്ങളെ കട്ട് ചെയ്ത് ഓടിക്കയറിയ കിയേസ ബോക്സിനു തൊട്ടരികില്‍ വച്ച് വേഗം കുറഞ്ഞ ഒരു ഗ്രൗണ്ടര്‍ പരീക്ഷിച്ചെങ്കിലും വലതു പോസ്റ്റിനെ കടന്നു പുറത്തുപോയി. ഇംഗ്ലീഷ് താരങ്ങളുയര്‍ത്തിയ സമ്മര്‍ദ്ദമാണ് കിയേസയെ മികച്ച ഷോട്ട് പരീക്ഷിക്കുന്നതില്‍ നിന്നും തടഞ്ഞത്. ഇറ്റലി തുടര്‍ന്നും ഗോളിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇംഗ്ലണ്ടിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാനാവാതെ അവര്‍ അസ്വസ്ഥരായി.

ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഇറ്റലിക്കു സമനില ഗോളിനായി നല്ലൊരു അവസരം. വലതു വിങില്‍ നിന്നും ഡി ലോറെന്‍സോ നല്‍കിയ ക്രോസില്‍ ഇമ്മൊബിലി ഗോളിലേക്കു ഫസ്റ്റ് ടൈം വോളി പരീക്ഷിച്ചെങ്കിലും ഡിഫന്‍ഡര്‍ സ്റ്റോണ്‍സ് ഇതു ബ്ലോക്ക് ചെയ്തു. റീബൗണ്ട് മുതലാക്കാന്‍ വെറാറ്റി ശ്രമിച്ചെങ്കിലും പിക്ഫോര്‍ഡിന് ഇതിനു പഴുത് നല്‍കിയില്ല. ആദ്യ പകുതി 1-0ന്റെ ലീഡുമായി അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചു.

രണ്ടാംപകുതിയില്‍ ഇറ്റലിയുടെ ഉദ്ദേശം വ്യക്തമായിരുന്നു. ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരാന്‍ അവര്‍ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 51ാം ്മിനിറ്റില്‍ അവര്‍ക്കു സെറ്റ് പീസില്‍ നിന്നും നല്ലൊരു അവസരം. ബോക്സിന് തൊട്ടരികില്‍ നിന്നും അവര്‍ക്കു അനുകൂലമായി ഫ്രീ കിക്ക്. ഇന്‍സിനിയുടെ ഫ്രീകിക്ക് ഗോളിക്കു ഭീഷണിയുയര്‍ത്താതെ ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

ആറു മിനിറ്റിനകം പിക്ഫോര്‍ഡിന്റെ മികച്ചൊരു സേവ് ഇറ്റലിക്കു സമനില നിഷേധിച്ചു. ഇടതു വിങിലൂടെ കട്ട് ചെയ്ത് കയറി കിയേസ തൊടുത്ത താഴ്ന്ന ക്രോസ് ട്രിപ്പിയറുടെ ദേഹത്തു തട്ടി ഇന്‍സിനിക്കു ലഭിക്കുന്നു. ഇന്‍സിനി തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് പിക്ഫോര്‍ഡ് വിഫലമാക്കി. 62ാം മിനിറ്റില്‍ പിക്ഫോര്‍ഡിന്റെ മറ്റൊരു മനോഹരമായ സേവ് ഇംഗ്ലണ്ടിനെ ലീഡ് നിലനിര്‍ത്താന്‍ സഹായിച്ചു. മൂന്ന് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് ബോക്സിനകത്തു നിന്നും കിയേസ പരീക്ഷിച്ച ഷോട്ട് ഗോളി വലതു വശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത് തടുത്തിടുകയായിരുന്നു.

നിരന്തരമുള്ള ഹൈ പ്രസിങ് ഗെയിമിന് 67ാം മിനിറ്റില്‍ ഇറ്റലി ഫലം കണ്ടു. സെറ്റ് പീസില്‍ നിന്നായിരുന്നു ബൊനൂച്ചിയുടെ ഗോള്‍. വലതു വിങില്‍ നിന്നുള്ള ഇന്‍സിനിയുടെ കോര്‍ണര്‍ കിക്കില്‍ സെക്കന്റ് പോസ്റ്റിന് അരികില്‍ നിന്നും വെറാറ്റിയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഗോളി പിക്ഫോര്‍ഡിനെ മറികടന്നെങ്കിലും പോസ്റ്റി തട്ടി മടങ്ങി. എന്നാല്‍ റീബൗണ്ട് ചെയ്ത ബോള്‍ ബൊനുച്ചി വലയിലേക്കു തട്ടിയിടുകയായിരുന്നു. സമനില ഗോളിനു ശേഷവും ഇറ്റലി തന്നെ കളി നിയന്ത്രിച്ചു. കൂടുതല്‍ സമയവും പന്ത് ഇറ്റലിയുടെ പക്കല്‍ തന്നെയായിരുന്നു. പ്രതിരോധിച്ചു നിന്ന ഇംഗ്ലണ്ട് കൗണ്ടര്‍ അറ്റാക്കിങ് ഗെയിമാണ് കാഴ്ചവച്ചത്.

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More