head3
head1

യൂറോപ്പിലേക്ക് കണ്ണും നട്ട് ലോകം, കൊറോണയെ തോല്‍പ്പിച്ച് ഫുട് ബോള്‍ മേള

ക്ലബ് ഫുട്‌ബോളില്‍ നിന്ന് മാറി എല്ലാ ഫുട്‌ബോള്‍ പ്രേമികളുടെയും ശ്രദ്ധ ഇനി അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് മാറുകയാണ്. 2020ല്‍ നടക്കേണ്ടിയിരുന്ന യൂറോ കപ്പിന് ആണ് ഇന്ന് കിക്കോഫ് ആകുന്നത്. കൊറോണ കാരണം വൈകിയ യൂറോ കപ്പിന് ഇപ്പോഴും കൊറോണ ഭീഷണിയായി നില്‍ക്കുന്നുണ്ട്. എന്നാലും ശക്തമായ ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിച്ച് യുവേഫ ടൂര്‍ണമെന്റുമായി മുന്നോട്ട് നീങ്ങുകയാണ്.

പതിവില്‍ നിന്ന് മാറി 11 രാജ്യങ്ങളിലായാണ് ഇത്തവണ യൂറോ കപ്പ് നടക്കുന്നത്. അസര്‍ബൈജാന്‍, ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്, ജര്‍മ്മനി, ഹംഗറി, ഇറ്റലി, നെതര്‍ലന്റ്‌സ്, റൊമാനിയ, റഷ്യ, സ്‌കോട്ട്ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റിന് സയുക്തമായി ആതിഥ്യം വഹിക്കുന്നത്.

സെമി ഫൈനലുകള്‍ക്കും ഫൈനലിനും ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയം ആതിഥ്യം വഹിക്കും. ജൂലൈ 11നാണ് ഫൈനല്‍ നടക്കുന്നത്. 6 ഗ്രൂപ്പുകളിലായി 24 ടീമുകള്‍ കിരീടത്തിനായി പോരാടും.

നിലവിലെ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സും മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയും അടങ്ങിയ ഗ്രൂപ്പ് എഫ് ആണ് മരണഗ്രൂപ്പായി അറിയപ്പെടുന്നത്. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ഇറ്റലി എന്നിവരൊക്കെയാണ് ടൂര്‍ണമെന്റില്‍ ഫേവറിറ്റുകളായി ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇറ്റലി

മാഞ്ചിനിക്ക് കീഴില്‍ പഴയ ഇറ്റലിയെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനങ്ങളാണ് ഇറ്റലി നടത്തുന്നത്. അവസാന എട്ടു മത്സരങ്ങളില്‍ ഒരു ഗോളു പോലും വഴങ്ങാതെയാണ് ഇറ്റലി യൂറോ കപ്പിന് എത്തുന്നത്.

ഇംഗ്ലണ്ട്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ സ്റ്റാറുകളുടെ സാന്നിദ്ദ്യമണ് ഇംഗ്ലണ്ടിനെ ഫേവറിറ്റ്‌സ് ആക്കുന്നത്. ആസ്റ്റണ്‍ വില്ല താരം ഗ്രീലിഷിന്റെ പ്രകടനമാകും ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഫില്‍ ഫോഡന്‍, മൗണ്ട്, ഡെക്ലന്‍ റൈസ് തുടങ്ങി ഇംഗ്ലണ്ടിന്റെ ടീമില്‍ ഏതു ടീമിനെയും ഞെട്ടിക്കാവുന്ന ടാലന്റുകള്‍ ഉണ്ട്. ഹാരി കെയ്ന്‍, ഹരി മഗ്വയര്‍ തുടങ്ങി കഴിഞ്ഞ ലോകകപ്പിലെ ഇംഗ്ലണ്ട് ഹീറോകളും സ്‌ക്വാഡില്‍ ഉണ്ട്.

ഫ്രാന്‍സ്

ഫ്രാന്‍സ് തന്നെയാണ് ഏറ്റവും വലിയ ഫേവറിറ്റുകള്‍. ലോക കിരീടം നേടിയ ടീമിനൊപ്പം ബെന്‍സീമ കൂടെ എത്തുന്നത് ഫ്രാന്‍സിനെ കൂടുതല്‍ ശക്തരാക്കുന്നുണ്ട്. എമ്പപ്പെ, പോഗ്ബ, കാന്റെ, ഗ്രീസ്മന്‍, വരാനെ, ലോറിസ് തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളേഴ്‌സിന്റെ നീണ്ട നിര തന്നെ ഫ്രാന്‍സില്‍ ഉണ്ട്. ജര്‍മ്മനിയും പോര്‍ച്ചുഗലും എതിരായി ഗ്രൂപ്പ് തന്നെ വരുന്നതാകും ഫ്രാന്‍സിന്റെ ഏക പ്രശ്‌നം.

പോര്‍ച്ചുഗല്‍

ഫ്രാന്‍സ് കഴിഞ്ഞാല്‍ വലിയ സ്‌ക്വാഡ് പോര്‍ച്ചുഗലിന് ആണ് ഉള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ സ്റ്റാര്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ വ്യാപ്തി ഉള്ള സ്‌ക്വാഡാണ് ഇപ്പോള്‍ പോര്‍ച്ചുഗലിന് ഉള്ളത്. യൂറോപ്യന്‍ ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച ക്രിയേറ്റര്‍ എന്ന് അറിയപ്പെടുന്ന ബ്രൂണോ ഫെര്‍ണാണ്ടസിന്റെ സാന്നിദ്ധ്യം പോര്‍ച്ചുഗലിനെ ഏതു ഡിഫന്‍സും ഭയക്കുന്ന ടീമാക്കി മാറ്റുന്നു. ജോട, ആന്‍ഡ്രെ സില്‍വ, ജാവോ ഫെലിക്‌സ്, ബെര്‍ണാഡോ സില്‍വ എന്ന് തുടങ്ങി ലോക ഫുട്‌ബോളിലെ പ്രധാനികള്‍ ഒക്കെ അവിടെയുണ്ട്. ഡിഫന്‍സിലെ റുബന്‍ ഡയസ് സാന്നിദ്ധ്യം സാന്റോസിന്റെ ടീമിനെ പ്രതിരോധത്തിലും ശക്തമാക്കുന്നു.

ജര്‍മ്മനി

പരിശീലകന്‍ ലോയുടെ അവസാന ടൂര്‍ണമെന്റിന് എത്തുന്ന ജര്‍മ്മനിയെയും ചെറുതായി കാണാന്‍ ആകില്ല. അവസാന കുറച്ച് കാലമായി ജര്‍മ്മനിക്ക് സ്ഥിരത ഇല്ലായെങ്കിലും വലിയ ടാലന്റുകളുടെ നിര അവര്‍ക്കുമുണ്ട്. ചെല്‍സിക്ക് ഒപ്പം ചാമ്പ്യന്‍സ് ലീഗ് നേടി എത്തുന്ന ഹവേര്‍ട്‌സും വെര്‍ണറും കൂടാതെ ബയേണിന്റെ യുവതാരമായ ജമാല്‍ മുസിയലയും യൂറൊയുടെ താരമായേക്കും. മുള്ളറും നൂയറും പോലെ പരിചയസമ്പത്തും ജര്‍മ്മനിക്ക് ഒപ്പം ഉണ്ട്.

ബെല്‍ജിയം

കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിന് പരിക്കിന്റെ ആശങ്കയുണ്ട്. അവരുടെ പ്രധാന താരമായ ഡിബ്രുയിന്‍ പരിക്കിന്റെ പിടിയിലാണ്. ഹസാര്‍ഡ് ആണെങ്കില്‍ അവസാന രണ്ടു സീസണായി ഫിറ്റ്‌നെസില്ലാതെ നില്‍ക്കുകയാണ്. മധ്യനിര താരം വിറ്റ്‌സലും പരിക്കിന്റെ പിടിയിലാണ്. ഇവരുടെ ഒക്കെ ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ ബെല്‍ജിയം ടീമിന്റെ ഉത്തരവാദിത്വം ലുകാകുവിന്റെ ചുമലിലേക്ക് ആക്കും. ഇന്റര്‍ മിലാനെ കിരീടത്തിലേക്ക് നയിച്ച ലുകാകു തന്നെയാകും ഇത്തവണ ബെല്‍ജിയത്തിന്റെ പ്രധാന താരം.

ഹോളണ്ട്

വാന്‍ ഡൈകിന്റെയും വാന്‍ ഡെ ബീകിന്റെയും അഭാവത്തില്‍ ആണ് ഹോളണ്ട് എത്തുന്നത്. മികച്ച സ്‌ക്വാഡ് ഉണ്ട് എങ്കിലും പരിശീലകന്‍ ഫ്രാങ്ക് ഡി ബോറാണ് ഹോളണ്ട് ആരാധകരുടെ യൂറൊ പ്രതീക്ഷ കുറയാന്‍ കാരണം. ഡി ബോറിന്റെ പരിശീലകനായുള്ള റെക്കോര്‍ഡുകള്‍ അത്ര മികച്ചതല്ല. ഹോളണ്ടില്‍ എത്തിയിട്ട് കോമാന്‍ തുടര്‍ന്നിരുന്ന മികവ് ആവര്‍ത്തിക്കാന്‍ ഡി ബോറിനായിട്ടില്ല. ഡിപായ്, ഡി ലിറ്റ്, ഡി യോങ്ങ് എന്നിവരിലൊക്കെ ആകും ഹോളണ്ടിന്റെ പ്രതീക്ഷ.

സ്‌പെയിന്‍

ലൂയി എന്റികെയുടെ സ്‌പെയിന്‍ പഴയ പ്രതാപമുള്ള സ്‌പെയിനല്ല. റാമോസ് അടക്കമുള്ള പരിചിത മുഖങ്ങള്‍ പലതും സ്‌പെയിനൊപ്പം ഇപ്പോള്‍ ഇല്ല. എങ്കിലും പരിശീലകന്‍ ലൂയി എന്റികെയുടെ തന്ത്രങ്ങള്‍ സ്‌പെയിനിനെ വലിയ ശക്തികളായി തന്നെ ഈ യൂറോ കപ്പില്‍ നിലനിര്‍ത്തും.

ലെവന്‍ഡോസ്‌കിയുടെ പോളണ്ട്, മോഡ്രിചിന്റെ ക്രൊയേഷ്യ, ബെയ്‌ലിന്റെ വെയില്‍സ്, ഇബ്രാഹിമോവിച് ഇല്ലെങ്കിലും സ്വീഡന്‍, ഒത്തൊരുമയുള്ള തുര്‍ക്കി എന്നിങ്ങനെ യൂറോ കപ്പില്‍ അട്ടിമറികള്‍ നടത്തി മുന്നേറാന്‍ കഴിയുന്ന ഒരുപാട് ടീമുകള്‍ ഉണ്ട്.

ഇന്ന് രാത്രി എട്ട് മണിയ്ക്ക് ഇറ്റലിയും തുര്‍ക്കിയും തമ്മിലുള്ള മത്സരത്തോടെയാകും ടൂര്‍ണമെന്റിന് തുടക്കമാകുക.നാളെ മുതല്‍ ഒരോ ദിവസവും മൂന്ന് മത്സരങ്ങള്‍ വീതമുണ്ട്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30, രാത്രി 9.30, 12.30 എന്നീ സമയങ്ങളിലാണ് മത്സരത്തിന്റെ കിക്കോഫുകള്‍. മത്സരങ്ങള്‍ എല്ലാം തത്സമയം സോണിയുടെ സ്‌പോര്‍ട്‌സ് ചാനലുകളില്‍ കാണാം. സോണി ലൈവിലും കളി തത്സമയം കാണാം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More