head1
head3

യൂറോപ്പിലേക്ക് അഭയാര്‍ത്ഥി പ്രവാഹം അവസാനിപ്പിക്കുന്നതിന് വഴിയൊരുക്കി ഇ യൂ , നിയമം പാസ്സാക്കി എം ഇ പി മാര്‍

ബ്രസല്‍സ് : ഇലക്ഷന് രണ്ടു മാസം മാത്രം അവശേഷിക്കെ അംഗ രാജ്യങ്ങളിലേയ്ക്കുള്ള അനിയന്ത്രിത കുടിയേറ്റം അവസാനിപ്പിക്കുന്നതിന് വഴിയൊരുക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന് എം ഇ പിമാരുടെ അംഗീകാരം.

കുടിയേറ്റക്കാരുടെ കാര്യത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനമെടുക്കാനും അനിയന്ത്രിതമായി അംഗരാജ്യങ്ങളിലേയ്ക്ക് പ്രവേശനം വിലക്കാനും വഴിയൊരുക്കുന്നതാണ് നിയമം.പോളണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് നിയമം പാസ്സാക്കിയത്. ഒരു രാജ്യത്തുനിന്നും മറ്റ് അംഗരാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളെ റീ ലൊക്കേറ്റ് ചെയ്യാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയതാണ് പോളണ്ട് അടക്കമുള്ള രാജ്യങ്ങളെ ആശങ്കയില്‍ നിര്‍ത്തുന്നത്.

എട്ടു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് എം ഇ പിമാര്‍ നിയമത്തിന് അനുകൂലമായി കൈപൊക്കിയത്.

ഈ നിയമം നടപ്പാക്കാന്‍ രണ്ട് വര്‍ഷമെടുക്കും.അതിനാല്‍ പൊടുന്നനെ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

അതേ സമയം വോട്ടെടുപ്പിനെതിരെ ഗ്യാലറിയില്‍ പ്രതിഷേധ സ്വരമുയര്‍ന്നു. വോട്ടെടുപ്പ് വേണ്ടെന്ന മുദ്രാവാക്യവും അവിടെ നിന്നുമുയര്‍ന്നു.മനുഷ്യാവകാശ ഗ്രൂപ്പുകള്‍ പുതിയ നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി.

ഇയുവിന്റെ രാഷ്ട്രീയ നീക്കം

കുടിയേറ്റ വിഷയത്തെ ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടി യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷം രാഷ്ട്രീയ മുന്നേറ്റം നടത്തുന്നെ സാഹചര്യം വലിയ സമ്മര്‍ദ്ദമാണ് ഇ യു കേന്ദ്രങ്ങളില്‍ ഉണ്ടാക്കിയിരുന്നത്. ഇലക്ഷനില്‍ കൂടുതല്‍ സീറ്റുകള്‍ ഇവര്‍ നേടുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് നിയമം കൊണ്ടുവന്നത്.

മിഡില്‍ ഈസ്റ്റില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിന് വലിയ പ്രധാന്യം നല്‍കുന്നതാണ് പുതിയ നിയമം.യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അഭയാര്‍ഥികളെ സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കുമുള്ള സമയം ആറുമാസമായി വെട്ടിക്കുറയ്ക്കാനും നിയമം ലക്ഷ്യമിടുന്നു.

കുടിയേറ്റ കാര്യത്തില്‍ മൃദുസമീപനമാണ് ഇ യുവിനെന്ന ആക്ഷേപം തീവ്ര വലത് പക്ഷം ശക്തമായി ഉന്നയിച്ചിരുന്നു.ഈ വിഷയം ഉയര്‍ത്തിക്കാട്ടി യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനും ശ്രമമുണ്ടായി. ഇതിന് തടയിടാന്‍ ഇ യു പാര്‍ലമെന്റിന്റെ നിര്‍ണ്ണായക നിയമം സഹായകമാകുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷം ഇതുവരെ മാത്രം 46,000ലധികം ആളുകള്‍ ഇ യുവിലെത്തിയെന്നാണ് യു എന്‍ കണക്ക്.കടല്‍ കടന്നുവരുന്ന കുടിയേറ്റക്കാരായ 400 പേര്‍ ഇതിനകം മരിച്ചതായും കണക്കാക്കുന്നു.

എട്ടു വര്‍ഷത്തെ പ്രയത്നം

സിറിയയില്‍ നിന്നടക്കം ഒരു മില്യണ്‍ അഭയാര്‍ത്ഥികളെത്തിയ 2015മുതലാണ് കുടിയേറ്റം ഒരു വലിയപ്രശ്നമായി മാറിയത്.അന്നുമുതല്‍ യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി-അഭയ നിയമങ്ങളും കര്‍ശനമാക്കി.എന്നാല്‍ അതൊന്നും വേണ്ടത്ര ഫലം ചെയ്തിരുന്നില്ല. ഇ യു രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ഥികള്‍ ഒഴുകിക്കൊണ്ടേയിരുന്നു.

ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വലിയ തലവേദനയാണ് ഇവര്‍ ഉണ്ടാക്കിയത്. മാത്രമല്ല അതുവഴി മറ്റംഗരാജ്യങ്ങളിലേക്കും നിരവധി അഭയാര്‍ഥികള്‍ എത്തി.മെഡിറ്ററേനിയന്‍ തീരത്ത് കുടിയേറ്റം പെരുകിയതോടെ കുടിയേറ്റ പ്രശ്നവും ഇതു സംബന്ധിച്ച ചര്‍ച്ചകളും ചൂടുപിടിച്ചു.

അഭയാര്‍ഥികള്‍ ഏറ്റവും കൂടുതലെത്തുന്ന ഇറ്റലി പോലുള്ള രാജ്യങ്ങളുടെ ബാധ്യതകളും ജര്‍മ്മനി പോലുള്ള സമ്പന്ന ഡസ്റ്റിനേഷനുകളുടെ സഹായവുമെല്ലാം നിയമത്തില്‍ തര്‍ക്കവിഷയമായി.അതിനിടെ കുടിയേറ്റ വിരുദ്ധര്‍ ഇത് മെല്ലെപ്പോക്കാണെന്ന് ആരോപിച്ച് രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കവും നടത്തി.

വിമര്‍ശനങ്ങള്‍ക്ക് തടയിട്ട് പുതിയ നിയമം

കുടിയേറ്റം തടയാന്‍ ഇ യു യാതൊന്നും ചെയ്യുന്നില്ലെന്ന തരത്തില്‍ കുടിയേറ്റ വിരുദ്ധര്‍ക്കൊപ്പം യൂറോസെപ്റ്റിക് പാര്‍ട്ടികളും തീവ്ര വലതുപക്ഷവും രൂക്ഷമായ വിമര്‍ശനമുന്നയിച്ചു.അതേസമയം ഇടതുപക്ഷക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനെതിരെയും നിലകൊണ്ടു.

കുടിയേറ്റം സംബന്ധിച്ച സുപ്രധാന നീക്കമാണിതെന്ന് ഇ യു ആഭ്യന്തരകാര്യ കമ്മീഷണര്‍ യില്‍വ ജോഹാന്‍സണ്‍ പറഞ്ഞു.ഇ യു അതിര്‍ത്തികളെയും അഭയാര്‍ത്ഥികളെയും സംരക്ഷിക്കാനുതകുന്ന നിയമമാണ് ഇതെന്ന് ഇദ്ദേഹം വിശദീകരിച്ചു.യോഗ്യരല്ലാത്ത അഭയാര്‍ഥികളെ വളരെ വേഗത്തില്‍ തിരിച്ചയക്കാന്‍ നിയമം വഴിയൊരുക്കും.

ഐക്യത്തോടെ കുടിയേറ്റ വിഷയത്തില്‍ ആവശ്യമായ പരിഷ്‌കരണം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ലിബറല്‍ വിഭാഗത്തിന്റെ തലവന്‍ വലേരി ഹെയര്‍ പറഞ്ഞു.മനുഷ്യാവകാശ ലംഘനങ്ങള്‍ ശിക്ഷിക്കപ്പെടാനും നിയമം ഉത്തരവാദിത്വത്തോടെ നടപ്പാക്കാനുമാകുമെന്നും അവര്‍ പറഞ്ഞു.

വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന നിയമം മനുഷ്യാവകാശ ലംഘനമാണെന്ന് ഇവര്‍ ആരോപിക്കുന്നു. അംഗരാജ്യങ്ങള്‍ക്ക് അഭയാര്‍ഥികളെ ഏറ്റെടുക്കാതിരിക്കാനുള്ള ഓപ്ഷനും നിയമം നല്‍കുന്നു.

സ്വാഗതം ചെയ്ത് ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍

ഗ്രീസും ഇറ്റലിയും പോലെ കുടിയേറ്റത്തിന്റെ ഗുരുതര സമ്മര്‍ദ്ദം നേരിടുന്ന രാജ്യങ്ങളുമായി കൂടുതല്‍ ഐക്യദാര്‍ഢ്യം നേടാന്‍ സഹായകമായ പുതിയ നിയമത്തെ സ്വാഗതം ചെയ്യുന്നതായി ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹെന്‍ഡേഴ്സണ്‍ പറഞ്ഞു.

അസൈലം നടപടിക്രമങ്ങള്‍ക്ക് ആറുമാസമെന്ന സമയപരിധി കൊണ്ടുവന്നത് ഏറ്റവും ഗുണകരമാണ്. വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണിതെന്നും ഇദ്ദേഹം പറഞ്ഞു.

അംഗീകരിക്കില്ലെന്ന് പോളണ്ട്

യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റക്കാരെ റീ ലൊക്കേറ്റ് ചെയ്യുന്ന പദ്ധതി അംഗീകരിക്കില്ലെന്ന് പോളണ്ട് പറഞ്ഞു.പുതിയ കുടിയേറ്റ സംവിധാനം അംഗീകരിക്കില്ലെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.

മൈഗ്രേഷന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നാലും, ഈ സംവിധാനത്തിനെതിരെ നിലകൊള്ളുമെന്നും ടസ്‌ക് പറഞ്ഞു.എന്നിരുന്നാലും ഭൂരിപക്ഷം രാജ്യങ്ങളും പിന്തുണയ്ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ പോളണ്ടിന് തനിച്ചൊന്നും ചെയ്യാനുമാകില്ലെന്നാണ് കരുതുന്നത്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.