head1
head3

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി ഹാരിസ്

ഡബ്ലിന്‍ : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുന്ന കാലം വിദൂരമല്ലെന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തുന്നു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ ഈ അഭിപ്രായപ്രകടനം വ്യക്തമാക്കുന്നത് ഇതാണ്.

ജൂലൈ മാസത്തോടെ പലസ്തീന് അംഗീകാരം നല്‍കാന്‍ പദ്ധതിയിടുന്നതായി പെഡ്രോ സാഞ്ചസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പലസ്തീനിലെ ജനങ്ങള്‍ ദീര്‍ഘകാലമായി സ്വന്തം രാജ്യത്തിന്റെ അന്തസ്സും പരമാധികാരവും ആവശ്യപ്പെടുന്നതാണ്.പലസ്തീനും ഭൂമിയിലെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം സ്ഥാനം ലഭിക്കണമെന്നാണ് പലസ്തീന്റെ ആവശ്യം.

യൂറോപ്യന്‍ കൗണ്‍സിലും അയര്‍ലണ്ട്, സ്പെയിന്‍, സ്ലോവേനിയ, മാള്‍ട്ട എന്നിവയും പലസ്തീനെ അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ട്.യു എന്നിലെ 72% അംഗരാജ്യങ്ങളും പടിഞ്ഞാറന്‍ യൂറോപ്യന്‍, ആംഗ്ലോസ്ഫിയര്‍ രാജ്യങ്ങളും പലസ്തീനെ അംഗീകരിച്ചിട്ടുണ്ട്.എന്നിരുന്നാലും ഐക്യരാഷ്ട്രസഭയുടെ പൂര്‍ണ്ണ അംഗത്വം പലസ്തീനിനില്ല.നിരീക്ഷക രാഷ്ട്ര പദവിയേയുള്ളു.

അയര്‍ലണ്ടും ഹാരിസും പലസ്തീനും

യൂറോപ്യന്‍ കൗണ്‍സിലും അയര്‍ലണ്ട്, സ്പെയിന്‍, സ്ലോവേനിയ, മാള്‍ട്ട എന്നിവയും പലസ്തീനെ അംഗീകരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഹാരിസ് പറഞ്ഞു.സമയമാകുമ്പോള്‍ ഈ വിഷയത്തില്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കൊപ്പം നീങ്ങുമെന്നും ഹാരിസ് വ്യക്തമാക്കി.

അയര്‍ലണ്ടില്‍, പലസ്തീന് രാഷ്ട്രപദവി അംഗീകരിക്കുന്ന ബില്‍ 2014ല്‍ സീനഡും ഡെയിലും പാസാക്കിയിരുന്നു. എന്നിരുന്നാലും ഇക്കാര്യത്തില്‍ തുടര്‍നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയില്ല.ഇയുവിലെ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് മാത്രമേ ഇക്കാര്യത്തില്‍ മുന്നോട്ടുപോകൂവെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

അയര്‍ലണ്ടും മാര്‍ട്ടിനും പലസ്തീനും

സ്‌പെയിന്‍, ബെല്‍ജിയം, മാള്‍ട്ട,എന്നിവയ്‌ക്കൊപ്പം പലസ്തീനെ അംഗീകരിക്കുമെന്ന് ഡെയ്ലില്‍ ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഇ യു അംഗങ്ങളുമായും യൂറോപ്പിന് പുറത്തുള്ള മറ്റ് രാജ്യങ്ങളുമായും ചേര്‍ന്ന് പലസ്തീനെ അംഗീകരിക്കുന്ന ഗ്രൂപ്പ് രൂപീകരിക്കുമെന്ന് ഫിന ഫാള്‍ ദേശീയ സമ്മേളനത്തില്‍ മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.

സ്പെയിന്‍,നോര്‍വേ, സ്ലോവേനിയ എന്നീ വിദേശകാര്യ മന്ത്രിമാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തെന്നും മാര്‍ട്ടിന്‍ പറഞ്ഞു.വരും ആഴ്ചകളിലും ചര്‍ച്ചകളും കൂടിയാലോചനകളും തുടരുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ഗാസയിലെ ഇസ്രായേല്‍ നടപടികളില്‍ തൃപ്തിയില്ലാത്തതിനാലാണ് പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ അയര്‍ലണ്ടിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാന എര്‍ലിച്ചിനെ പങ്കെടുപ്പിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ -ഇയു കരാര്‍ പുനപ്പരിശോധിക്കണം

ഇസ്രയേലുമായുള്ള ഇ യു വ്യാപാരബന്ധം പുനപ്പരിശോധിക്കാനുള്ള ശ്രമങ്ങളും ഹാരിസും സാഞ്ചസും തുടങ്ങിയിട്ടുണ്ട്.ഇതു സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇയു കമ്മീഷന് കത്തയച്ചിരുന്നു.ഇതുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

യൂറോപ്യന്‍ യൂണിയനും ഇസ്രായേലും തമ്മിലുള്ള രാഷ്ട്രീയ സാമ്പത്തിക സഹകരണം നിയമപരവും സ്ഥാപനപരവുമാക്കുന്നതാണ് 2000ല്‍ പ്രാബല്യത്തില്‍ വന്ന ഈ കരാര്‍.

കരാറിന്റെ ആര്‍ട്ടിക്കിള്‍ 2 ‘മനുഷ്യാവകാശങ്ങളും ജനാധിപത്യ തത്വങ്ങളും ആദരിക്കുന്നത് സംബന്ധിച്ചാണ്. ഇസ്രായേല്‍ ഈ വ്യവസ്ഥകള്‍ നിരന്തരമായി ലംഘിക്കുന്നുവെന്ന ആക്ഷേപമാണ് അയര്‍ലണ്ട്, സ്പെയിന്‍ നേതാക്കള്‍ ഉന്നയിക്കുന്നത്.

‘ഭീകരത വളര്‍ത്തുന്നു’

അതിനിടെ പലസ്തീന്‍ രാഷ്ട്രപദവി അംഗീകരിക്കാനുള്ള ഐറിഷ് സര്‍ക്കാരിന്റെ നീക്കം ഭീകരതയ്ക്ക് പ്രതിഫലം നല്‍കുന്നതാണെന്ന് ഇസ്രായേല്‍ അംബാസഡര്‍ ഡാന എര്‍ലിച്ച് ആരോപിച്ചു.ശുദ്ധ അസംബന്ധമാണ് ഈ വാദമെന്ന് ഉപപ്രധാനമന്ത്രി മാര്‍ട്ടിന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Comments are closed.