ഡബ്ലിന്‍: രാജ്യത്തെ ഊര്‍ജ്ജവിതരണ മേഖലയിലെ ഒന്നാമനായ ഇലക്ട്രിക് അയര്‍ലന്‍ഡ് നവംബര്‍ മുതല്‍ ഗാര്‍ഹിക വൈദ്യുതിക്കും ഗ്യാസിനും വീണ്ടും വില കുറയ്ക്കും. വൈദ്യുതി ഉപഭോക്താക്കള്‍ക്ക് യൂണിറ്റ് നിരക്ക് 3% കുറയുമെന്നും സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5% കുറവ് വരെ ലഭ്യമാവുമെന്നും ഇലക്ട്രിക് അയര്‍ലന്‍ഡ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
എല്ലാ ഗ്യാസ് യൂണിറ്റ് നിരക്കുകളും 3% കുറയും.
മാറ്റങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 1.1 ദശലക്ഷം ഇലക്ട്രിക് അയര്‍ലന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കഴിഞ്ഞയാഴ്ച റെഗുലേറ്റര്‍ പ്രഖ്യാപിച്ച നിയന്ത്രിത നെറ്റ്വര്‍ക്ക് ചാര്‍ജുകളിന്മേലുളള ആസൂത്രിതമായ വര്‍ദ്ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നില്ലെന്നും കമ്പനി അറിയിച്ചു.ഇത് ഒക്ടോബര്‍ 1 മുതല്‍ വാര്‍ഷിക റസിഡന്‍ഷ്യല്‍ ഇലക്ട്രിസിറ്റി ബില്ലില്‍ ഉപഭോക്താവിന് ശരാശരി 101 യൂറോ ലാഭിക്കുന്നതിന് തുല്യമായിരിക്കും.
12 മാസത്തിനിടെ മൂന്നാം തവണ
കഴിഞ്ഞ വര്‍ഷം നവംബറിലും ഈ വര്‍ഷം ജനുവരിയിലും മാര്‍ച്ച് മാസത്തിലും വൈദ്യുതി നിരക്ക് കുറച്ചെങ്കിലും , റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ഊര്‍ജ്ജമേഖലയിലുണ്ടാക്കിയ വില വര്‍ദ്ധനവ് ( 58.5% ) പൂര്‍ണ്ണമായും ഇപ്പോഴും കുറഞ്ഞിട്ടില്ല.
ഗ്യാസിന്റെയും വൈദ്യുതിയുടെയും വില വിപണിയില്‍ ഇപ്പോഴും യുദ്ധത്തിന് മുമ്പുള്ളതിലും ഇരട്ടിയിലധികമാണ്.ഊര്‍ജ മേഖലയില്‍ 9% വാറ്റ് നിരക്ക് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ വില കുറയ്ക്കാനാവുകയുള്ളു.അല്ലെങ്കില്‍ വില കൂടിയേക്കാമെന്നുള്ള സാഹചര്യവും നിലവിലുണ്ടെന്ന് ഇലക്ട്രിക് അയര്‍ലണ്ട് വൃത്തങ്ങള്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.