head1
head3

ലൈഫ് ലോംഗ് ഡ്രെവിംഗ് ലൈസന്‍സ് നല്‍കുന്നത് ഇ യു അവസാനിപ്പിച്ചേക്കും

ബ്രസല്‍സ് : പെരുകുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ ലൈഫ് ലോംഗ് ഡ്രെവിംഗ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്നു.ആജീവനാന്തം ലൈസന്‍സ് ഉപയോഗിക്കണമെങ്കില്‍ കര്‍ശനമായ മെഡിക്കല്‍ പരിശോധനകള്‍ നിര്‍ബന്ധിതമാക്കും.പകുതിയോളം ഇ യു രാജ്യങ്ങിളില്‍ ഇതിനകം ഈ സംവിധാനമുണ്ടെങ്കിലും ഫ്രാന്‍സില്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശം വലിയ വിവാദത്തിനും എതിര്‍പ്പിനും കാരണമായി്ട്ടുണ്ട്.

വര്‍ഷം തോറും യൂറോപ്യന്‍ യൂണിയന്റെ റോഡുകളില്‍ മരിച്ചുവീഴുന്നത് 20,000ത്തിലധികം ആളുകളാണ്.1,60,000 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നു.ഇത്തരത്തില്‍ നിയമങ്ങള്‍ മാറ്റുന്നത് അപകടങ്ങള്‍ കുറയ്ക്കാനും റോഡുകളെ സുരക്ഷിതമാക്കാനും സഹായിക്കുമെന്ന പൊതുനിലപാടാണ് എം ഇ പിമാര്‍ക്കുള്ളത്.

ലക്ഷ്യം മരണരഹിത റോഡുകള്‍

ഇതു സംബന്ധിച്ച കരട് നിയമത്തിന്മേല്‍ ബുധനാഴ്ച വോട്ടെടുപ്പ് നടന്നു.ജൂണില്‍ യൂറോപ്യന്‍ തിരഞ്ഞെടുപ്പിന് ശേഷം അടുത്ത പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ച നടക്കും.2030 ഓടെ യൂറോപ്യന്‍ റോഡുകളിലെ അപകട മരണവും പരിക്കുകളും 50% കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന യൂറോപ്യന്‍ റോഡ് സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം വന്നിട്ടുള്ളത്. 2050ഓടെ മരണ രഹിത റോഡുകളാക്കുകയെന്നതാണ് ലക്ഷ്യം.

സ്മാര്‍ട്ട്‌ഫോണ്‍ വഴി ആക്‌സസ് ചെയ്യാവുന്ന ഫിസിക്കല്‍ പെര്‍മിറ്റിന്റെ അതേ മൂല്യമുള്ളതുമായ ബ്ലോക്ക്-വൈഡ് ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അവതരിപ്പിക്കാനും ഇ യുവിന് പദ്ധതിയുണ്ട്.

നിര്‍ബന്ധിത വൈദ്യ പരിശോധനകള്‍

മോട്ടോര്‍ സൈക്കിള്‍, കാര്‍, ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ക്ക് 15 വര്‍ഷത്തിലൊരിക്കലും ബസ്, ട്രക്ക് ഉപയോക്താക്കള്‍ക്ക് അഞ്ച് വര്‍ഷം കൂടുമ്പോഴും വൈദ്യ പരിശോധനയും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധിതമാക്കുന്നതിനാണ് ആലോചന.മെഡിക്കല്‍ പരിശോധനകള്‍ സൗജന്യവും ലളിതവുമായിരിക്കണമെന്ന അഭിപ്രായവും ശക്തമാണ്.ഡ്രൈവര്‍മാരുടെ കാഴ്ച, കേള്‍വി, റിഫ്ളെക്‌സുകള്‍ എന്നിവ ഡോക്ടര്‍മാര്‍ കൃത്യമായി പരിശോധിക്കണം. ലൈസന്‍സ് നല്‍കുമ്പോള്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.

ചില ഇ യു രാജ്യങ്ങളില്‍ കര്‍ശനം

ഇറ്റലിയില്‍ 50 വയസ്സിലും പോര്‍ച്ചുഗലില്‍ 40 വയസ്സിലും ഇത്തരം പരിശോധനകള്‍ ആവശ്യപ്പെടുന്നുണ്ട്.അയര്‍ലണ്ടില്‍ 75 വയസ്സിന് മേല്‍ പ്രായമുള്ള ആളുകള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതിന് ജിപിയില്‍ നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.അതേ സമയം, ഈ നടപടി ശത്രുതാപരമാണെന്നാണ് ഫ്രഞ്ച് ഓട്ടോമോട്ടീവ് അസോസിയേഷന്‍ പറയുന്നത്.മെഡിക്കല്‍ പരിശോധനകള്‍ വളരെ ചെലവേറിയതായിരിക്കുമെന്ന് തീവ്ര വലതുപക്ഷ എം ഇ പി ജീന്‍ പോള്‍ ഗാരോഡ് പറഞ്ഞു.

ടെന്നീസ് താരത്തിന്റെ ജീവിത സാക്ഷ്യം

ഈ മാറ്റത്തെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് ഈ വര്‍ഷത്തെ പാരാളിമ്പിക്‌സില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിച്ച ടെന്നീസ് താരം പോളിന്‍ ഡെറൂലെഡെ. 2018ല്‍ ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ഉപയോഗിച്ച 90കാരന്റെ കാര്‍ ഇടിച്ചാണ് ഇവരുടെ ഇടതു കാല്‍ നഷ്ടമായത്.ഇനി വാഹനമോടിക്കാന്‍ കഴിയില്ലെന്ന് ഡ്രൈവര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും അത് ചെയ്തില്ല. നിയമം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.