head1
head3

ഡബ്ലിന്‍ നഗരം സുരക്ഷിതമാണ്….പക്ഷേ….

ഡബ്ലിന്‍: ഡബ്ലിന്‍ നഗരം സുരക്ഷിതമാണെങ്കിലും പരിഹരിക്കാന്‍ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് സര്‍ക്കാരും ‘സ്ഥിരീകരിച്ചു’.നീതിന്യായ മന്ത്രി ഹെലന്‍ മക്എന്റിയാണ് ഡബ്ലിനില്‍ പരിഹരിക്കപ്പെടാന്‍ ഒട്ടേറെ പ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞത്.

ആവശ്യത്തിന് ഗാര്‍ഡയില്ല

ആവശ്യത്തിന് ഗാര്‍ഡയില്ലാത്തതാണ് അക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്ന ആക്ഷേപവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.തലസ്ഥാനത്തിന്റെ ചിലയിടങ്ങള്‍ സുരക്ഷിതമല്ലെന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഗാര്‍ഡയെ നിയോഗിക്കണമെന്ന് ഫിന ഫാളിന്റെ നീതിന്യായ വക്താവ് ജിം ഒ കല്ലഗന്‍ ആവശ്യപ്പെട്ടു.ഡബ്ലിനിലെ ചില സ്ട്രീറ്റുകളില്‍ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും മറ്റ് അനാശാസ്യ ഇടപാടുകളും നടക്കുന്നുണ്ട്. ഇവയൊക്കെ സമാധാന ജീവിതത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണ്.

20 വര്‍ഷം മുമ്പുള്ള ഗാര്‍ഡയുടെ എണ്ണം വര്‍ദ്ധിച്ചില്ല

കൂടുതല്‍ ഗാര്‍ഡയെ റിക്രൂട്ട് ചെയ്യുന്നതിന് യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ഒ കല്ലഗന്‍ അഭിപ്രായപ്പെട്ടു. 1000 പേരെ നീയോഗിക്കാന്‍ ശ്രമിച്ചിട്ട് ലഭിച്ചത് അര്‍ഹതയുള്ള 300 പേരെ മാത്രമാണ്.20 വര്‍ഷം മുമ്പുള്ള അത്രയും അംഗങ്ങളേ ഇപ്പോഴും ഗാര്‍ഡയിലുള്ളു. അന്ന് അയര്‍ലണ്ടില്‍ 14,000 ത്തില്‍ താഴെ ഗാര്‍ഡകളേ ഉണ്ടായിരുന്നുള്ളൂ. അതേസമയം ജനസംഖ്യ അഞ്ചേകാല്‍ മില്യണിലെത്തി.ഇപ്പോഴത്തെ നിലയില്‍ കൂടുതല്‍ ഗാര്‍ഡകളെത്തിയില്ലെങ്കില്‍ സ്ഥിതി മോശമാകുമെന്നും ജനപ്രതിനിധികള്‍ മുന്നറിയിപ്പ്് നല്‍കി.

സാധ്യമായതെല്ലാം ചെയ്യുമെന്ന്

തലസ്ഥാന നഗരത്തിലെ ജീവിതം സുരക്ഷിതമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.ഈ വര്‍ഷം 1,000 ഗാര്‍ഡകളെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യം നേടാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ റിക്രൂട്ട്‌മെന്റ് റൗണ്ടില്‍, ഗാര്‍ഡയില്‍ ചേരാന്‍ 5,000ല്‍ താഴെ അപേക്ഷകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത റിക്രൂട്ട്‌മെന്റില്‍ കൂടുതല്‍ ആളുകളെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അതുണ്ടായില്ല. 35 വയസ്സെന്ന പ്രായപരിധിയാണ് പ്രശ്നമെന്ന് മുമ്പ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി സൈമണ്‍ ഹാരിസ് ചൂണ്ടിക്കാട്ടിയിരുന്നു.പിന്നീട് പ്രായം ഉയർത്തിയെങ്കിലും ,അപേക്ഷകർ  കാര്യമായ തോതിൽ വർദ്ധിച്ചില്ല.

ഗാര്‍ഡയുടെ കുറവ് ബാധിച്ചില്ലെന്ന്
അമേരിക്കക്കാരനെതിരായ അക്രമ സംഭവം നടന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ഗാര്‍ഡ സ്ഥലത്തെത്തിയെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.സംഭവത്തില്‍ ഒട്ടേറെ ക്രിമിനലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്് അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി.

അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ട്എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരും.അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ ഗാര്‍ഡയ്ക്ക് നല്‍കണമെന്ന് ഇവര്‍ പ്രദേശവാസികളോട് അഭ്യര്‍ഥിച്ചു.

ഓപ്പറേഷന്‍ സിറ്റിസണിന്റെ ഭാഗമായി ഈ വര്‍ഷം ജനുവരി മുതല്‍ സിറ്റി സെന്റര്‍ ഏരിയയില്‍ ഗാര്‍ഡ 10,500 പട്രോളിംഗ് നടത്തിയതായി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.ഏകദേശം 20,000 പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. 8.6 മില്യണ്‍ യൂറോ വിലമതിക്കുന്ന മയക്കുമരുന്നും പിടിച്ചെടുത്തു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</

Comments are closed.

error: Content is protected !!