head3
head1

റിക്രൂട്ട്മെന്റിന്റെ കാര്യത്തില്‍ ലോകത്തെ പിന്നിലാക്കി ഡബ്ലിന്‍

ഡബ്ലിന്‍ :നിയമനങ്ങളുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡിട്ട് ഡബ്ലിന്‍.ലോകത്തിലെ ഏറ്റവും വലിയ 50 മെട്രോപൊളിറ്റന്‍ ഏരിയകളില്‍ ലിങ്ക്ഡ്ഇന്‍ നടത്തിയ പഠനത്തിലാണ് റിക്രൂട്ട്മെന്റുകളിലെ ഡബ്ലിന്റെ മേല്‍ക്കൈ പുറത്തുവന്നത്.

ഏറ്റവും ഉയര്‍ന്ന റിക്രൂട്ട്മെന്റ് നിരക്കാണ് ഡബ്ലിനിലേതെന്ന് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ഡാറ്റ പറയുന്നു.ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ന്യൂയോര്‍ക്ക്, പാരീസ്, റോം എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളിലെ ലിങ്ക്ഡ്ഇന്‍ നിയമന നിരക്കുകളെപ്പോലും ഡബ്ലിന്‍ പിന്നിലാക്കി.

നിയമനങ്ങളില്‍ കുതിപ്പുള്ള ഏക യൂറോ സോണ്‍ മെട്രോ ഏരിയ ഡബ്ലിനാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി.ജോബ് സെര്‍ച്ചിന്റെ തീവ്രത ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇക്കാര്യത്തില്‍ 2024ല്‍ ഡബ്ലിന് ആറാം സ്ഥാനമാണ്.ഹൈബ്രിഡ്, റിമോട്ട് വര്‍ക്കിന്റെ കാര്യത്തിലും അയര്‍ലണ്ടിന്റെ വിഹിതം മുന്‍ നിരയിലാണ്.യൂറോപ്പില്‍ രണ്ടാം സ്ഥാനമാണ് അയര്‍ലണ്ടിനുള്ളത്.എന്നിരുന്നാലും ഈ ഇനങ്ങളില്‍ അവസരങ്ങള്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹൈബ്രിഡ് അവസരങ്ങളില്‍ 12.5%,റിമോട്ട് ജോബുകളില്‍ 14.8% എന്നിങ്ങനെ കുറഞ്ഞു.ഫ്ളെക്സിബിള്‍ വര്‍ക്ക് റോളുകളുടെ എണ്ണത്തിലും കുറവുണ്ടായെന്നും ലിങ്ക്ഡ് ഇന്‍ റിപ്പോര്‍ട്ട് പറയുന്നു.

അയര്‍ലണ്ടില്‍ ടെക്‌നിക്കല്‍ ബിരുദധാരികളെ ‘കൊത്തിപ്പറന്ന്’ തൊഴിലുടമകള്‍
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പഠനം കഴിഞ്ഞിറങ്ങുന്ന ടെക്‌നിക്കല്‍ ബിരുദധാരികളെ തൊഴിലുടമകള്‍ ”കാത്തുനിന്ന് കൊണ്ടു പോകുന്നതായി” ഇ എസ് ആര്‍ ഐ ഗവേഷണത്തിന്റെ വെളിപ്പെടുത്തല്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ), ഓട്ടോമേഷന്‍, ബ്ലോക്ക്‌ചെയിനുമായി ബന്ധപ്പെട്ട ജോലികളില്‍ എന്നിവയിലൊക്കെ ആവശ്യമായ പുതിയ വിദഗ്ദ്ധരെ നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് കഴിയുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ടും പറയുന്നു.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫര്‍ദര്‍ ആന്‍ഡ് ഹയര്‍ എഡ്യൂക്കേഷന്‍, റിസര്‍ച്ച്, ഇന്നൊവേഷന്‍ ആന്‍ഡ് സയന്‍സിന്റെ ധനസഹായത്തോടെയാണ് പഠനം നടത്തിയത്.

ഓണ്‍ലൈന്‍ ഒഴിവുകളുടെ നിരീക്ഷണത്തിനൊപ്പം തൊഴിലുടമകളുടെ വര്‍ക്ക്ഷോപ്പുകളുമടക്കം നിരവധി ഉറവിടങ്ങളില്‍ നിന്നുള്ള ഡാറ്റയാണ് പഠന വിധേയമാക്കിയത്.

അടുത്തിടെ അംഗീകരിച്ച യൂറോപ്യന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ടിലെ മാറ്റങ്ങള്‍ പ്രാബല്യത്തിലെത്തുന്നതോടെ തൊഴില്‍ വിപണിയിലെ ആവശ്യകതകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് തൊഴിലുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

എ ഐയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളില്‍ സംഭവിക്കുന്ന മാറ്റം നടപ്പിലാക്കാന്‍ കമ്പനികളെ സഹായിക്കുന്ന നയം വികസിപ്പിക്കണമെന്ന് തൊഴിലുടമകള്‍ ആവശ്യപ്പെടുന്നതായും ഗവേഷണം പറയുന്നു.

ഗവേഷണ റിപ്പോര്‍ട്ടിനെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മന്ത്രി പാട്രിക് ഒ ഡോനോവന്‍ സ്വാഗതം ചെയ്തു.ഭാവി നയരൂപീകരണത്തിന് ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

അയര്‍ലണ്ടിന്റെ തൊഴില്‍ വിപണിയുടെ ദീര്‍ഘവീക്ഷണത്തിന് ഈ ഗവേഷണം പ്രധാന ഉപാധിയാകുമെന്ന് റിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ ഒരാളായ ഡോ. സീമസ് മക്ഗിന്നസ് പറഞ്ഞു.

ഡബ്ലിനില്‍ തൊഴിലവസരങ്ങളുടെ വസന്തകാലം വരുന്നേ…

ക്രോക്ക് പാര്‍ക്കില്‍ ജോബ്‌സ് എക്‌സ്‌പോ ….ഒക്ടോബര്‍ 19ന് രാവിലെ 10 മുതല്‍ നാല് വരെ

സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുടെ വസന്തകാലമൊരുക്കി ഡബ്ലിന്‍ ക്രോക്ക് പാര്‍ക്കില്‍ ജോബ്‌സ് എക്‌സ്‌പോയും അടുത്ത മാസം എത്തുന്നുണ്ട് .ഒക്ടോബര്‍ 19ന് രാവിലെ 10 മുതല്‍ നാല് വരെ ഹോഗന്‍ സ്യൂട്ടിനുള്ളിലാണ് എക്‌സ്‌പോ നടക്കുക.

റിക്രൂട്ട്.ഐ ഇ എന്ന വെബ്‌സൈറ്റാണ് പരിപാടിയുടെ സ്‌പോണ്‍സര്‍.നൂറുകണക്കിന് തൊഴിലവസരങ്ങള്‍ കൊണ്ടുവരുന്ന ഈ എക്‌സ്‌പോ തികച്ചും സൗജന്യമാണ്. രാജ്യത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ എക്‌സ്‌പോ കൂടിയാണിത്.

തൊഴിലന്വേഷണത്തില്‍ സോഷ്യല്‍ മീഡിയയെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന് ജോബ് എക്‌സ്‌പോ കാണിച്ചുതരും.സ്വപ്നത്തിലുള്ള ജോലി കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയെ എങ്ങനെ ഉപയോഗിക്കാമെന്ന് ജോബ് എക്സ്പോ പഠിപ്പിക്കും. മികച്ച ഇന്റര്‍വ്യു ടെക്നിക്കുകള്‍ സ്വന്തമാക്കാനും കിടയറ്റ നിലയില്‍ സി വി തയ്യാറാക്കാനും പരിശീലനം ലഭിക്കും.ഇതിനായി വര്‍ക്ക്‌ഷോപ്പുകളുണ്ടാകും.

അഭിമുഖ സാങ്കേതിക വിദ്യകള്‍, സി വി റൈറ്റിംഗ് വര്‍ക്ക്ഷോപ്പ് എന്നിവയ്ക്ക് പുറമേ വിവിധ വിഷയങ്ങളില്‍ സംവാദങ്ങളും സെമിനാറുകളും കരിയര്‍ ക്ലിനിക്കുമെല്ലാം എക്‌സ്‌പോയുടെ അജണ്ടയിലുണ്ട്.സെമിനാറുകളില്‍ വിവിധ തൊഴില്‍ വിഷയങ്ങളില്‍ വ്യവസായരംഗത്തു നിന്നുള്ളവരുടെ പ്രഭാഷണങ്ങളും ഉണ്ടാകും.

സ്വദേശത്തും വിദേശത്തുമുള്ള നൂറുകണക്കിന് തൊഴിലുടമകള്‍ ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കും.സ്‌പെഷ്യലൈസ്ഡ് മേഖലകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരം ലഭിക്കും.സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ ആവശ്യമായ വിദഗ്ധ ഉപദേശങ്ങളും നെറ്റ് വര്‍ക്ക് സപ്പോര്‍ട്ടുകളും എക്സ്പോ ഓഫര്‍ ചെയ്യും.

മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ ഡെവലപ്മെന്റ് കോച്ചുകളുടെ സേവനം കരിയര്‍ ക്ലിനിക് ഓഫര്‍ ചെയ്യും. ഇന്റര്‍വ്യു സ്‌കില്ലുകള്‍ ,സി വി പ്രസന്റേഷന്‍, കരിയര്‍ മാറ്റം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളെ ഇവര്‍ സഹായിക്കും.വണ്‍ ഓണ്‍ വണ്‍ സി വി,തൊഴില്‍ അന്വേഷണം,തൊഴില്‍ സാധ്യതകള്‍ എന്നിവയില്‍ പ്രൊഫഷണല്‍ കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലര്‍മാര്‍ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കാലികമായ വിഷയങ്ങളില്‍ വ്യവസായ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ടാകും.

FOR MORE INFORMATION:https://www.eventbrite.ie/e/jobs-expo-dublin-saturday-19th-october-2024-tickets-857893431347?gad_source=1&gclid=Cj0KCQjw9Km3BhDjARIsAGUb4nxAmlGYb9MfNsPTf2JEhotuIPZh0rdffxlY6OGD-umgm32-hfVZVLcaApRfEALw_wcB

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.

error: Content is protected !!