head1
head3

ഡബ്ലിന്‍ എയര്‍പോര്‍ട്ട് വികസനം വൈകുന്നു : ഭീഷണി മുഴക്കി വന്‍കിട വിമാനക്കമ്പനികള്‍

വേറെ വഴി നോക്കുമെന്ന് മുന്നറിയിപ്പ്...

ഡബ്ലിന്‍ : ഡബ്ലിന്‍ എയര്‍പോര്‍ട്ട് വികസനം സംബന്ധിച്ച വിഷയം ഇന്ന് ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍ പരിഗണിക്കാനിരിക്കെ അനുകൂല തീരുമാനത്തിന് സമ്മര്‍ദ്ദം ചെലുത്തി വന്‍കിട വിമാനക്കമ്പനികള്‍. വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ ഗുരുതമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് വന്‍കിട വിമാനക്കമ്പനികള്‍ ഫിംഗല്‍ കൗണ്ടി കൗണ്‍സിലിന് നല്‍കിയ കത്തിലെ മുന്നറിയിപ്പ്.

വര്‍ഷത്തില്‍ 32 മില്യണ്‍ യാത്രക്കാരാണ് എയര്‍പോര്‍ട്ടിന്റെ നിലവിലെ ശേഷി. അത് 40 ലക്ഷമായി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. യാത്രക്കാരുടെ എണ്ണം 25 ശതമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ഈ വര്‍ദ്ധനവ് ഉള്‍ക്കൊള്ളാന്‍ വിപുലമായ പുതിയ സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതിയും ഡി എ എയും തേടിയിട്ടുണ്ട്.

ഐ ബി ഇ സിയും ഐറിഷ് ടൂറിസം ഇന്‍ഡസ്ട്രി കോണ്‍ഫെഡറേഷനും അടക്കമുള്ള വ്യവസായ ഗ്രൂപ്പുകളും വിമാനത്താവള വിപുലീകരണത്തിന് അനുകൂലമാണ്.ദേശീയ വ്യോമയാന നയവും ഡബ്ലിന്റെ വളര്‍ച്ചയെ അടിവരയിടുന്നതാണ് എന്നിട്ടും വികസനത്തിന് അനുമതി വൈകുകയാണ്.

എന്നാല്‍ പാരിസ്ഥിതിക കാരണവും പ്രദേശവാസികളുടെ എതിര്‍പ്പും പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനം നീളുകയാണ്. ഇന്ന് ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ അന്തിമ തീരുമാനത്തിന് മുമ്പ് കൂടുതല്‍ വിശദാംശങ്ങള്‍ കൗണ്ടി കൗണ്‍സില്‍ പ്ലാനിംഗ് വിഭാഗം ആവശ്യപ്പെടുമെന്ന് സൂചനയാണ് പുറത്തുവരുന്നത്.

എ 4 എയുടെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചര്‍, കാര്‍ഗോ കാരിയറുകളായ എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക (എ 4 എ) അടക്കമുള്ള പ്രമുഖ കമ്പനികള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് വികസിപ്പിക്കാത്ത പക്ഷം അയര്‍ലണ്ടില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണി മുഴക്കുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ്, ഡെല്‍റ്റ, ഫെഡ് എക്സ്, യു പി എസ്് എന്നിവയാണ് എ 4 എഅംഗങ്ങള്‍.ഇവയ്ക്ക് പുറമേ ഡസന്‍ കണക്കിന് കമ്പനികളും ഈയാവശ്യമുന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്.

യു എസിനും അയര്‍ലണ്ടിനുമിടയിലുള്ള യാത്രികരുടെ എണ്ണം 2013നും 2023നും ഇടയില്‍ 76 ശതമാനം വര്‍ദ്ധിച്ചു.വര്‍ഷത്തില്‍ 5.8% വളര്‍ച്ചയാണ് ഉണ്ടാകുന്നത്.വരും വര്‍ഷങ്ങളിലും യു എസ്-അയര്‍ലണ്ട് യാത്രക്കാരുടെ എണ്ണത്തില്‍ സമാനമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.എയര്‍പോര്‍ട്ട് വികസനത്തിന് സാധ്യമാക്കിയില്ലെങ്കില്‍ ബഹുരാഷ്ട കമ്പനികളെ അയര്‍ലണ്ടില്‍ നിന്നും അകറ്റുന്നതിന് ഇടപെടുമെന്നും ഗ്രൂപ്പ് ഓര്‍മ്മപ്പെടുത്തുന്നു.

ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നീ മള്‍ട്ടി നാഷണല്‍ കമ്പനികളാണ് അയര്‍ലണ്ടിന്റെ കോര്‍പ്പറേഷന്‍ നികുതിയുടെ കരുത്ത്. യു എസ് -അയര്‍ലണ്ട് യാത്രികരുടെ ആവശ്യം നിറവേറ്റുന്നതിന് കഴിയാതെ വന്നാല്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്ന് ഗ്രൂപ്പ് പറയുന്നു.യു എസ് ടൂറിസത്തിന്റെയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെയും തോത് നിലനിര്‍ത്തണമെങ്കില്‍ വികസനം നടപ്പാക്കണമെന്ന് ഗ്രൂപ്പ് ആവശ്യപ്പെടുന്നു.

ഐ എ ജി അടക്കം വിമാനക്കമ്പനികള്‍ കൂട്ടത്തോടെ രംഗത്ത്

എയര്‍ ലിംഗസ്, വ്യൂലിംഗ്, ഐബീരിയ എക്സ്പ്രസ് എന്നിവയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മാതൃ കമ്പനിയായ ഐ എ ജിയും വികസനം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലിന് കത്ത് നല്‍കിയിട്ടുണ്ട്.യാത്രക്കാരുടെ പരിധി വര്‍ധിപ്പിക്കണമെന്ന നിര്‍ബന്ധിക്കുന്നില്ല. പക്ഷേ അതുണ്ടായില്ലെങ്കില്‍ എല്ലാ ഐ എ ജി വിമാനങ്ങളും മറ്റ് എയര്‍പോര്‍ട്ടുകളിലേയ്ക്ക് മാറുമെന്ന് ഗ്രൂപ്പ് പറഞ്ഞു.

ടര്‍ക്കിഷ് എയര്‍ലൈനായ സണ്‍ എക്സ്പ്രസ് കനേഡിയന്‍ കമ്പനിയായ എയര്‍ ട്രാന്‍സാറ്റ്,ഇത്തിഹാദ്, ജെറ്റ്ബ്ലൂ, ഈജിപ്റ്റ് എയര്‍, വെസ്റ്റ് ജെറ്റ്, ഈജിയന്‍ എയര്‍ലൈന്‍സ്, ഹൈസ്‌കി, ഓറിഗ്നി, എമറാള്‍ഡ് എയര്‍ലൈന്‍സ് എന്നിവയും എയര്‍പോര്‍ട്ട് വിപുലീകരണമാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

റയ്നെയറും എയര്‍ ലിംഗസും…

10 വര്‍ഷത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണം 76 ശതമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമെന്ന് റയ്നെയര്‍ ലക്ഷ്യമിടുന്നത്. അത് സാധ്യമാക്കണമെങ്കില്‍ ഡബ്ലിന്‍ വിപുലീകരണം യാഥാര്‍ഥ്യമാകണമെന്നും കമ്പനി ചൂണ്ടിക്കാട്ടി.വിമാനത്താവള വികസനം വൈകുന്നത് ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ അപകടമുണ്ടാക്കുമെന്ന് റയ്നെയര്‍ പറയുന്നു. മറ്റ് ഡെസ്റ്റിനേഷനുകളും എയര്‍പോര്‍ട്ടുകളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിതമാകുമെന്നും കമ്പനി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.

error: Content is protected !!