head3
head1

മള്‍ട്ടിപ്പിള്‍ പ്രൊവിഷണല്‍ ലൈസന്‍സുകളുമായി ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍

ഡബ്ലിന്‍ : ഡ്രൈവിംഗ് ടെസ്റ്റിനായുള്ള തിരക്കും സംവിധാനത്തിലെ പോരായ്മകളും കാരണം ഒന്നിലേറെ പ്രൊവിഷണല്‍ ലൈസന്‍സുകളുമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാവുന്നില്ല. ഇപ്പോഴത്തെ സംവിധാനത്തില്‍ ഇവര്‍ക്കെതിരെ നടപടികളുമായി മുന്നോട്ടു പോകുന്നത് ഡ്രൈവിംഗ് ടെസ്റ്റുകളെ ദോഷകരമായി ബാധിക്കുമെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കനുസരിച്ച് 2,30,000 ലേണര്‍ പെര്‍മിറ്റ് കൈവശമുള്ളവര്‍ ഒരു ടെസ്റ്റ് എടുക്കാത്തവരായിരുന്നു.ഇവരില്‍ മൂന്നാമതും പ്രൊവിഷണല്‍ ലൈസന്‍സ് നേടിയ ഡ്രൈവിംഗ് ടെസ്റ്റ് എഴുതാത്തവരുമായ 32,000 പേരുണ്ടായിരുന്നു.2009വരെ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ല.1994 മുതല്‍ 2008 വരെയുള്ള ലേണര്‍ പെര്‍മിറ്റുകളില്‍ എത്രപേര്‍ പരീക്ഷയെഴുതിയെന്നറിയാനും ഇതിനാല്‍ മാര്‍ഗ്ഗമില്ല.

പതിറ്റാണ്ടുകളായി പ്രൊവിഷണല്‍ ലൈസന്‍സുമായി വാഹനമോടിക്കുന്നവരുണ്ട്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റ് തകരുമെന്ന ഭയത്താല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. ഇപ്പോള്‍ത്തന്നെ വന്‍ പ്രതിസന്ധി നേരിടുന്ന ഡ്രൈവിംഗ് ടെസ്റ്റിംഗ് സംവിധാനത്തില്‍ അധിക സമ്മര്‍ദ്ദത്തിന് ഇത് കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഇക്കാരണത്താലാണ് പത്താഴ്ചത്തെ വെയ്റ്റിംഗ് കാലാവധി അനുവദിക്കുന്നത്.

1994ല്‍ 317 പേര്‍ക്ക് ലേണര്‍ പെര്‍മിറ്റുണ്ടായിരുന്നു.ഇവരില്‍ 117 പേര്‍ 2009ന് ശേഷം ടെസ്റ്റെടുത്തിട്ടില്ലെന്നും ഡാറ്റയുണ്ട്.1995 മുതല്‍ പ്രൊവിഷണല്‍ ലൈസന്‍സില്‍ 327 ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നു, അവരില്‍ 124 പേര്‍ 15 വര്‍ഷത്തിനിടെ ഒരിക്കലും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ലെന്നു കണക്കുണ്ട്.രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള ലേണര്‍ ലൈസന്‍സുള്ളവര്‍ 1996 മുതല്‍ 414, 1997 മുതല്‍ 463, 1998 മുതല്‍ 594 എന്നിങ്ങനെയാണെന്നും വകുപ്പ് വ്യക്തമാക്കുന്നു.

ഒരു വ്യക്തിക്ക് എത്ര ലേണര്‍ പെര്‍മിറ്റുകള്‍ കൈവശം വയ്ക്കാം എന്നതു സംബന്ധിച്ചു വരുത്തുന്ന നാടകീയമായ മാറ്റങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകളില്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് ഗതാഗത വകുപ്പ് പറയുന്നു.ഒന്നിലധികം പ്രൊവിഷണല്‍ ലൈസന്‍സുകള്‍ സ്വന്തമാക്കാനുള്ള പദ്ധതികള്‍ ഡ്രൈവിംഗ് ടെസ്റ്റുകളെ ബാധിക്കുമെന്ന ഭയവും വകുപ്പ് പങ്കുവെയ്ക്കുന്നു.

ഈ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനായി പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരുന്നത് ‘വളരെ സങ്കീര്‍ണ്ണമായ പദ്ധതിയാണെന്ന് കഴിഞ്ഞ മെയ് മാസം പ്രസിദ്ധീകരിച്ച മറ്റൊരു പ്രബന്ധം പറയുന്നു.ആര്‍ എസ് എയുടെ പല മേഖലകളിലും മാറ്റങ്ങള്‍ ആവശ്യമാണ്. എന്നിരുന്നാലും രണ്ട് വര്‍ഷത്തേക്ക് ഒരു പുതിയ സംവിധാനം കൊണ്ടുവരാനാകില്ലെന്നും ഈ പ്രബന്ധം വ്യക്തമാക്കുന്നു.

ഡ്രൈവര്‍ വിദ്യാഭ്യാസ സംവിധാനം മൈക്രോസോഫ്റ്റ് പിന്തുണയോടെ വിപുലീകരിച്ചിട്ടുണ്ട്. ഒരു വ്യക്തിയെ അയോഗ്യനാക്കുമ്പോള്‍, ‘ഫ്രിഞ്ച് കേസുകള്‍’ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കൊപ്പം റെക്കോര്‍ഡുകളും ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് വകുപ്പ് പറയുന്നു.

ലേണര്‍ പെര്‍മിറ്റില്‍ ദീര്‍ഘകാലം വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട പ്രശ്നം കൈകാര്യം ചെയ്യാന്‍ ഗതാഗത വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് വകുപ്പ് വക്താവ് പറഞ്ഞു. ആര്‍ എസ് എയുമായി ചേര്‍ന്ന് ഇതിന് സംവിധാനമൊരുക്കാന്‍ ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും വക്താവ് പറഞ്ഞു.

ഡ്രൈവര്‍ ടെസ്റ്റിംഗ് ബാക്ക്‌ലോഗ് പരിഹരിക്കുന്നതോടെ ഈ വിഷയം കൈകാര്യം ചെയ്യാമെന്നാണ് കരുതുന്നത്. ഡ്രൈവര്‍ ടെസ്റ്റുകള്‍ക്കായുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ഷം തോറും 23% വര്‍ദ്ധനവുണ്ടെന്ന് വക്താവ് പറഞ്ഞു.ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം പത്ത് ആഴ്ചയ്ക്ക് താഴെയെത്തിക്കുന്നതിന് ഒട്ടേറെ പുതിയ ഡ്രൈവിംഗ് ടെസ്റ്റര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും വക്താവ് വിശദീകരിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.

error: Content is protected !!