head3
head1

മുന്‍കൂട്ടി ബുക്ക് ചെയ്ത താമസസൗകര്യം നിഷേധിച്ചു: അയര്‍ലണ്ടില്‍ വിവേചനം ഇപ്പോഴുമോ ?

ഡോണഗേല്‍ : ട്രാവലര്‍ കമ്മ്യൂണിറ്റിയംഗമായതിന്റെ പേരില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത താമസസൗകര്യം നിഷേധിച്ചതിന് 5,000 യൂറോ നഷ്ടം നല്‍കാന്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഡോണഗേലിലെ ഹോട്ടല്‍ ഉടമയോട് ഉത്തരവിട്ടു.മില്‍ഫോര്‍ഡിലെ മള്‍റോയ് വുഡ്സ് ഹോട്ടലിനാണ് ഈക്വല്‍ സ്റ്റാറ്റസ് ആക്റ്റ് 2000 ലംഘിച്ചതിന് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ പിഴയിട്ടത്.

സ്വന്തം പേരില്‍ നടത്തിയ റിസര്‍വേഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് മറ്റൊരു പേരില്‍ മുറി ബുക്ക് ചെയ്യേണ്ടി വന്ന മാര്‍ട്ടിന്‍ മക് ഡൊണാഗിനാണ് നഷ്ടം ലഭിക്കുന്നത്.കഴിഞ്ഞ വര്‍ഷം 2023 ഓഗസ്റ്റ് 20നാണ് കേസിനിടയാക്കിയ സംഭവം നടന്നത്.

ബുക്കിംഗ്.കോം പ്ലാറ്റ്‌ഫോമിലൂടെ രണ്ട് ദിവസം മുമ്പ് തന്നെ മക് ഡൊണാഗ് തനിക്കും കുടുംബാംഗങ്ങള്‍ക്കും ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്തിരുന്നു.ഇക്കാര്യം ബുക്കിംഗ് വെബ്‌സൈറ്റ് സ്ഥിരീകരിച്ചു.എന്നാല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് ഹോട്ടലില്‍ നിന്ന് വിളിച്ച് ബുക്കിംഗ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

വെബ്‌സൈറ്റിലെ തകരാര്‍ കാരണം ബുക്കിംഗ് ലഭിച്ചില്ലെന്നായിരുന്നു ഹോട്ടലിന്റെ വിശദീകരണം. ഇത് പരീക്ഷിക്കുന്നതിനായി അയര്‍ലണ്ടിലെ നാടോടി വിഭാഗത്തില്‍ ഉള്‍പ്പെട്ട മക് ഡൊണാഗ് ,ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന കുടുംബപ്പേരില്‍ റൂം ബുക്ക് ചെയ്തു.10 മിനിറ്റ് കഴിഞ്ഞ് ഹോട്ടലില്‍ വിളിച്ച് ഒരു തടസ്സവുമില്ലാതെ ബുക്കിംഗ് ഉറപ്പിച്ചു. മുറികളുടെ ഓവര്‍ബുക്കിംഗിനെക്കുറിച്ച് പരാതികളൊന്നും പറഞ്ഞതുമില്ല. ഇതേ രീതിയില്‍ മറ്റൊരു കുടുംബാംഗങ്ങള്‍ക്കായും റൂം ബുക്ക് ചെയ്തു.എന്നാല്‍ 2023 ഓഗസ്റ്റ് 20 ന് ഹോട്ടലില്‍ എത്തിയപ്പോള്‍ റൂം ലഭിച്ചില്ല.

റിസപ്ഷനില്‍ ഇക്കാര്യം സംസാരിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ട്രാവലര്‍ കമ്മ്യൂണിറ്റി അംഗമായതിനാലാണ് ഹോട്ടല്‍ വിവേചനം കാണിച്ചതെന്ന് മക്‌ഡൊനാഗിന്റെ അഭിഭാഷകന്‍ നിയാം ക്വിന്‍ വാദിച്ചു.വെബ്സൈറ്റിലെ പിഴവ് ഹോട്ടലുണ്ടാക്കിയ കെട്ടുകഥയാണെന്നും കമ്മീഷന് ബോധ്യമായി.

മള്‍റോയ് വുഡ്സ് ഹോട്ടലിന്റെ പ്രതിനിധികളാരും ഡബ്ല്യു ആര്‍ സി ഹിയറിംഗില്‍ പങ്കെടുത്തില്ല.തുടര്‍ന്നാണ് വിവേചനത്തിന്റെ പേരില്‍ താമസസൗകര്യം നിഷേധിച്ചതിന് ഡബ്ല്യുആര്‍സി അഡ്ജുഡിക്കേഷന്‍ ഓഫീസര്‍ മേരി ഫ്‌ലിന്‍ പിഴയിട്ടത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!