ഡബ്ലിന്‍ : ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്‌റുമാരോട് വിവേചനം പുലര്‍ത്തുന്ന അയര്‍ലണ്ടിലെ ചില നഴ്‌സിംഗ് ഹോം മാനേജ്‌മെന്റിനെതിരെയുള്ള പരാതികള്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (ഡബ്ല്യു ആര്‍ സി) ഗൗരവമായി പരിഗണിക്കുന്നു.
രാജ്യത്തെ നിലവിലുള്ള നിയമത്തിന് വ്യത്യസ്തമായി ഇന്ത്യന്‍ കെയറര്‍മാരോട് തികഞ്ഞ വിവേചനവും ക്രൂരതയും കാണിക്കുന്നതായുള്ള ഹെല്‍ത്ത് കെയര്‍ കമ്പനിയായ വിന്‍ഡ്മില്‍ ഗ്രൂപ്പിനെതിരായ പരാതികളിലാണ് കമ്മീഷന്‍ വാദം കേള്‍ക്കുന്നത്.രാജ്യത്തുടനീളം നഴ്‌സിംഗ് ഹോമുകളും റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും നടത്തുന്ന ഒരു ഗ്രൂപ്പാണിത്.
വിന്‍ഡ്മില്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ പാറ്റ് കെന്നഡി,ക്ലിനിക്കല്‍ ഡയറക്ടര്‍ ഡെനിസ് മക്എലിഗോട്ട്, പ്രോപ്പര്‍ട്ടി മാനേജര്‍ ലൂയിസ് ഒ സുള്ളിവന്‍ എന്നിവരുടെ നിലപാടുകള്‍ കേള്‍ക്കുന്നതിനായി കേസ് നവംബറില്‍ പുനരാരംഭിക്കും.
ഇന്ത്യക്കാര്‍ക്ക് വ്യത്യസ്ത കരാറുകള്‍
ജീവനക്കാര്‍ക്ക് വ്യത്യസ്ത കരാറുകളാണ് നല്‍കുന്നതെന്ന് വര്‍ക്ക് പ്ലേസ് കമ്മീഷന് മുമ്പില്‍ കമ്പനി അംഗീകരിച്ചു. ഇത് ന്യായമാണെന്ന വാദമാണ് കമ്പനി ഉന്നയിക്കുന്നത്. ഐറിഷ് തൊഴിലാളികള്‍ക്ക് പെയ്ഡ് ബ്രേയ്ക്കും ഭക്ഷണവും അടക്കം പ്രീമിയം പേമെന്റാണ് നല്‍കുന്നത്.യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും അധിക പേയ്‌മെന്റുകള്‍ നല്‍കിയിരുന്നു.എന്നാല്‍ ഇതേ വര്‍ക്ക് പെര്‍മിറ്റിലുള്ള ഇന്ത്യന്‍ ജീവനക്കാര്‍ക്ക് അതൊന്നുമില്ല.മണിക്കൂറിന് 11.50 യൂറോയാണ് ഐറിഷ് തൊഴിലാളികള്‍ക്ക് നല്‍കുന്നതെങ്കിലും അതേ സമയം ഇന്ത്യന്‍ ജീവനക്കാര്‍ക്ക് മണിക്കൂറില്‍ 12.31 യൂറോ നല്‍കിയിരുന്നെന്നും കമ്പനി വാദിച്ചു.
കേട്ടുകേള്‍വിയില്ലാത്ത വിവേചനം
മലയാളികളായ രണ്ട് കെയര്‍ വര്‍ക്കര്‍മാരാണ് കമ്പനിക്കെതിരെ വര്‍ക്ക് പ്ലേസ് കമ്മീഷനില്‍ പരാതി നല്‍കിയത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്കൊപ്പം നഴ്സിംഗ് ഹോമിന് സമീപമുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ താമസത്തിന്റെ പേരില്‍ രണ്ടാഴ്ചയിലൊരിക്കല്‍ 200 യൂറോ വീതം ശമ്പളത്തില്‍ നിന്നും കുറയ്ക്കുമായിരുന്നു. കുറഞ്ഞ കൂലി നല്‍കുന്ന കമ്പനിക്കെതിരെ ശമ്പളവും വിവേചനവും സംബന്ധിച്ച് പരാതി ഉന്നയിച്ചതോടെ കമ്പനി ,ഇവരോട് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയായിരുന്നു.
2022 മെയ് മാസത്തില്‍ പ്രതിവര്‍ഷം 27,000 യൂറോ ശമ്പളത്തിലാണ് ഇവരെ വര്‍ക്ക് പെര്‍മിറ്റില്‍ റിക്രൂട്ട് ചെയ്തത്. ചികിത്സാ ക്ലെയിമുകള്‍,ഇടവേളകള്‍, സണ്‍ഡേ പ്രീമിയം, ബാങ്ക് ഹോളിഡേ വേതനം എന്നിവ നല്‍കാതെ,സ്ഥാപനത്തിലെ മറ്റ് ഇന്ത്യന്‍ തൊഴിലാളികള്‍ക്കെന്ന പോലെ ഇവരോടും വിവേചനം കാണിച്ചു.തുല്യതാ നിയമത്തിനെതിരായ വിവേചനമാരോപിക്കുന്ന നാല് ക്ലെയിമുകളാണ് ഇരുവരും ഉന്നയിച്ചത്.ശമ്പളം, ജോലി സമയം എന്നിവയുമായി ബന്ധപ്പെട്ടതാണിത്. വിശ്രമവേളയ്ക്ക് വേതനം കുറയ്ക്കുന്നുവെന്നതും ഇവരുടെ പ്രധാന പരാതിയാണ്.
ജോലി സമയത്തെ വിശ്രമം കൂലിയില്ലാതെ…
12 മണിക്കൂര്‍ ഷിഫ്റ്റില്‍ 11 മണിക്കൂറിന് മാത്രമേ വേതനം ലഭിച്ചുള്ളു. വിശ്രമത്തിന്റെ പേരില്‍ ഒരു മണിക്കൂര്‍ നേരത്തെ വേതനം കുറച്ചാണ് കമ്പനി നല്‍കിയത്.എന്നാല്‍ ഉയര്‍ന്ന വേതനമായിരുന്നു ഈ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നതെന്നാണ് കമ്പനിയുടെ അവകാശ വാദം.
എല്ലാ തൊഴിലാളികള്‍ക്കും ഒരേ കരാറാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഐറിഷുകാര്‍ക്ക് മാത്രം കൂടുതല്‍ നല്‍കി. എന്നാല്‍ ഇത് കരാറില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കമ്മീഷന് ബോധ്യമായി.
പിരിച്ചുവിട്ട് പ്രതികാരം, വീടും നഷ്ടമായി
പരാതി നല്‍കിയ ശേഷം അവധിക്ക് നാട്ടില്‍ പോയ ഇവരില്‍ ഒരു ജീവനക്കാരന്റെ വീടു പരിശോധിക്കുന്നതടക്കമുള്ള കേട്ടുകേള്‍വിയില്ലാത്ത നടപടികളും കമ്പനിക്കെതിരെയുള്ള ആരോപണത്തിലുണ്ട്.നാട്ടില്‍ നിന്നും തിരികെയെത്തിയപ്പോള്‍ ഇദ്ദേഹത്തിന് താമസ സൗകര്യം നിഷേധിച്ച കമ്പനി , ജോലിയില്‍ തുടരാനും ഇദ്ദേഹത്തെ അനുവദിച്ചില്ല.
എന്നാല്‍ വൃത്തികെട്ട അടുക്കളയും ക്യാബിനറ്റുകളും കേടായ ബോയിലറുമൊക്കെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലിമെറിക്കിലെ ന്യൂകാസില്‍വെസ്റ്റിലെ വീട്ടില്‍ നിന്നും ഇന്ത്യക്കാരായ മൂന്നു വാടകക്കാരെ ഒഴിപ്പിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.
എന്നാല്‍ ഇന്ത്യക്കാരായതിനാലാണ് കുടിയൊഴിപ്പിച്ചതും പിരിച്ചുവിട്ടതുമെന്നാണ് ജീവനക്കാരുടെ പരാതി.ഈ ആരോപണങ്ങള്‍ കമ്പനി ശക്തമായി നിഷേധിച്ചു.ഇന്ത്യക്കാര്‍ സ്ഥാപനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കമ്പനി പറഞ്ഞു.
കരാര്‍ ലംഘനത്തിന്റെ നിരവധിയായ പ്രശ്നങ്ങള്‍ ജീവനക്കാരുടെ അഭിഭാഷകര്‍ കമ്മീഷന് നല്‍കി.കൊടിയ ചൂഷണമാണ് ഇവര്‍ ഇന്ത്യക്കാരായതിനാല്‍ നേരിടുന്നതെന്ന് അഭിഭാഷകര്‍ പറയുന്നു.
ശമ്പളം നല്‍കുന്നതില്‍ ചില വീഴ്ചകള്‍
തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതില്‍ ചില വീഴ്ചകളുണ്ടെന്ന് കമ്പനി അംഗീകരിക്കുന്നുവെന്ന് കമ്പനി അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അത് വിവേചനപരമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. അതില്‍ വംശീയ വിവേചനവുമില്ല. ഇന്ത്യന്‍ ജീവനക്കാര്‍ക്ക് വ്യത്യസ്തമായ കരാറാണുണ്ടായിരുന്നത്.
കരാറുകള്‍ അവസാനിപ്പിച്ചതിന് ശേഷം റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ചെലവിന് കമ്പനി നല്‍കിയതില്‍ 25% തൊഴിലാളികളുടെ ഫൈനല്‍ പേ സ്ലിപ്പില്‍ നിന്ന് കിഴിച്ചെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.അയര്‍ലണ്ടില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ,ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങാന്‍ പാടില്ലെന്നിരിക്കെ ഇതിന്റെ നിയമസാധുതയെക്കുറിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് അഡ്ജുഡിക്കേഷന്‍ ഓഫീസര്‍ കോനര്‍ സ്റ്റോക്‌സ് അറിയിച്ചു.
തൊഴിലാളികള്‍ക്ക് ഇംഗ്ലീഷില്‍ ഗ്രാഹ്യമില്ലെന്ന കാരണമാണ് ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിനായി മാനേജ്മെന്റ് പറഞ്ഞ കാരണങ്ങളിലൊന്ന്.
എന്നാല്‍ കമ്പനിയുടെ അഭിഭാഷകന്‍ പോലും ഇതിന് കടകവിരുദ്ധമായാണ് കമ്മീഷനില്‍ സംസാരിച്ചത്.ഈ തൊഴിലാളികള്‍ക്ക് ഇംഗ്ലീഷില്‍ നല്ല അറിവുണ്ടെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.
അത്യാവശ്യ ആവശ്യങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് യാതൊരു മുൻ സംവിധാനങ്ങളും ,പ്രവർത്തന ചട്ടങ്ങളും ക്രമീകരിക്കാതെ എച്ച്എസ്ഇയും വിവിധ ഏജൻസികളും ഇന്ത്യയിൽ നിന്നടക്കമുളള ടാർഗെറ്റഡ് റിക്രൂട്ട്‌മെൻ്റ് കാമ്പെയ്‌നുകൾ ആരംഭിച്ചത്.ആയിരക്കണക്കിന് മലയാളികൾ അടക്കമുളള ഇന്ത്യക്കാരും ,ഫിലിപ്പീനികളും ,വളരെ പെട്ടന്ന് തന്നെ അയർലണ്ടിൽ എത്തിയിട്ടും, ഈ പ്രത്യേക തൊഴിൽ വിഭാഗത്തിന് വേണ്ടി പ്രത്യേക പ്രവർത്തന മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ ,സർക്കാർ വൈകുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‍നങ്ങൾക്ക് അടിസ്ഥാനകാരണം.
അയർലണ്ടിലെത്തിയിരിക്കുന്നതിൽ ഭൂരിപക്ഷം പേരും യോഗ്യതയും,അനുഭവ പരിചയവുമുള്ള ഗ്രാജ്വെറ്റ് നഴ്‌സുമാരാണ്.ഫാമിലിയെ ഒരു സുരക്ഷിത രാജ്യത്തെത്തിക്കാനും, ഭാവിയിൽ ,കെയർ അസിസ്റ്റന്റുമാരെ ,നഴ്സുമാരായി ഉയർത്താനായുള്ള സാധ്യതകൾ പരിഗണിച്ചുമാണ്.(2018 ൽ അന്ന് അയർലണ്ടിൽ ജോലി ചെയ്തിരുന്ന (സ്പൗസ് വിസയിൽ വന്നിരുന്ന ) അഞ്ഞൂറിലധികം ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ ,നഴ്സുമാരായി ഉയർത്തിയിരുന്നു.) ഇവരിൽ കൂടുതൽ പേരും ഇവിടെയെത്തിയത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/