head1
head3

അയര്‍ലണ്ടിലെ സര്‍ക്കാര്‍ പുസ്തകങ്ങളില്‍ ലൈംഗിക വൈകൃതവും സദാചാര വിരുദ്ധതയുമെന്ന് ആക്ഷേപം

ഡബ്ലിന്‍ : വിദ്യാര്‍ത്ഥികളെ സംസ്‌കാരം പഠിപ്പിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ഒരുക്കിയ പുസ്തകങ്ങളില്‍ ലൈംഗിക വൈകൃതവും സദാചാര വിരുദ്ധതയുമെന്ന് ആക്ഷേപം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്റ് അസസ്മെന്റ് (എന്‍ സി സി എ) തയ്യാറാക്കിയ ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് എസ് പി എച്ച് ഇ പുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചാണ് പരാതികളും ആശങ്കകളും വ്യാപകമാകുന്നത്.

അദ്ധ്യാപകരില്‍ നിന്നു തന്നെ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു.12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പുസ്തകങ്ങളാണ് അശ്ലീലം പഠിപ്പിക്കുന്നത്.

ചിരപരിചിതരായ ഒട്ടേറെ അദ്ധ്യാപകര്‍ ഒട്ടേറെ വിമര്‍ശനങ്ങളുയര്‍ത്തിയെങ്കിലും അതൊക്കെ അവഗണിക്കുന്ന സ്ഥിതിയാണ്.മാത്രമല്ല പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നതായും ആക്ഷേപമുണ്ട്.

പുസ്തകങ്ങളുടെ വഴിതെറ്റല്‍ ഒരു ദിവസം കൊണ്ടുണ്ടായതല്ലെന്ന അഭിപ്രായമാണ് അദ്ധ്യാപകര്‍ പങ്കുവെയ്ക്കുന്നത്. അഞ്ചു വര്‍ഷമായി പാഠ പുസ്തക അവലോകനത്തില്‍ പിശകുണ്ടെന്ന് അദ്ധ്യാപകര്‍ വെളിപ്പെടുത്തുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരെയൊക്കെ കൈകാര്യം ചെയ്യാന്‍ ഒരു സംഘം കരിക്കുലം വിദഗ്ദ്ധന്‍മാരുണ്ടത്രെ. അവരെ പേടിച്ചാരും ഈ വഴി നടപ്പീലെന്ന അവസ്ഥയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ജൂനിയര്‍ സെര്‍ട്ട് ഡ്രാഫ്റ്റ് സ്പെസിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ ആര്‍ എസ് ഇ, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ടവയെക്കുറിച്ച് അദ്ധ്യാപകര്‍ക്ക് വലിയ ആശങ്കകളുണ്ടായി.ഇക്കാര്യം കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗില്‍ അവര്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ മനസ്സിനിഷ്ടമില്ലെങ്കില്‍ എസ് പി എച്ച് ഇ നിങ്ങള്‍ പഠിപ്പിക്കേണ്ടതില്ലെന്ന ഉപദേശമാണ് ഇവര്‍ക്ക് കിട്ടിയത്.

ഇത്തരത്തിലുള്ള ഭീഷണിയും താഴ്ത്തിക്കെട്ടലും ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് ഭൂഷണമാണോ എന്ന് അധ്യാപകര്‍ ചോദിക്കുന്നു.വിദഗ്ദ്ധരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മനസ്സിലാകും. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട വിദ്യാഭ്യാസ മന്ത്രി മന്ത്രി നോര്‍മ ഫോളിയും ഇത്തരം വിമര്‍ശനങ്ങളെ കാണാതെ പോകുന്നതില്‍ അദ്ധ്യാപക സമൂഹമാകെ നിരാശയിലാണ്. മയക്കുമരുന്ന് രാജ്യത്ത് വ്യാപകമാക്കുമെന്ന പ്രചാരണവുമായി ഒരു വിഭാഗം യുവാക്കളെ ആകര്‍ഷിച്ച ഗ്രീന്‍ പാര്‍ട്ടിയുടെ ,അടുത്തതായുള്ള സാമൂഹ്യ വിരുദ്ധ പഠനമാണ് പാഠപുസ്തകങ്ങളിലൂടെ ഗ്രീന്‍ പാര്‍ട്ടിയുടെ മന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

ബോഡി ഡിസ്മോര്‍ഫിയ അനുഭവിക്കുന്ന ഒരു ചെറിയ ന്യൂനപക്ഷമുണ്ടെങ്കിലും ആണും പെണ്ണും എന്നതാണ് യഥാര്‍ത്ഥ ലിംഗഭേദമെന്ന് വിമര്‍ശകരായ അദ്ധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനെ അങ്ങനെ തന്നെയാണ് പഠിപ്പിക്കേണ്ടതെന്നും ഇവര്‍ പറയുന്നു.

സത്യമാണെന്ന് വിശ്വസിക്കാനാവാത്ത വസ്തുതകള്‍ കുട്ടികളെ പഠിപ്പിക്കാനാണ് അദ്ധ്യാപകരോട് ആവശ്യപ്പെടുന്നത്. രണ്ടും രണ്ടും ആറെന്ന് പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതു പോലെയല്ല ജീവശാസ്ത്രപരമായ വിഷയങ്ങളെ പഠിപ്പിക്കേണ്ടതെന്ന് അദ്ധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കുട്ടികളിലും കൗമാരക്കാരിലും ആശയക്കുഴപ്പവും അരാജകത്വവുമുണ്ടാക്കുമെന്ന് അദ്ധ്യാപകര്‍ ഭയപ്പെടുന്നു. ചില അധ്യാപകര്‍ ഇതുമായി ബന്ധപ്പെട്ട അശ്‌ളീല പഠനങ്ങളുടെ വ്യാപ്തി വിവരിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ലൈംഗികതയെ സ്്നേഹവുമായി കൂട്ടിച്ചേര്‍ത്ത് വിശദീകരിക്കുകയാണ് വേണ്ടത്.ഐറിഷ് സംസ്‌കാരം മാത്രമല്ല,ലോകത്തിലെ മുഴുവന്‍ സംസ്‌കാരമുള്ള ജനതയും അങ്ങനെയാണ് ചെയ്യുന്നത്. ഇവിടെ ലൈംഗീകതയെ കച്ചവട ചരക്കാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ലൈംഗികത, വളര്‍ച്ചയുടെ ഭാഗമായി വരുന്നതാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.ഓരോ കുട്ടിയും എന്താണോ അതായിരിക്കാന്‍ സ്വാഭാവികമായി അനുവദിക്കുകയാണ് വേണ്ടത്.

പകരം ലേബലിംഗിലൂടെയും സമ്മര്‍ദ്ദപ്പെടുത്തിയും സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.ഒരു സമ്മര്‍ദ്ദവുമില്ലാതെ കുട്ടികള്‍ എന്തായിരിക്കുന്നോ അതായിരിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ധ്യാപകര്‍ പറയുന്നു.

ആശയക്കുഴപ്പവും സമ്മിശ്ര വികാരങ്ങളുമെല്ലാം പ്രായപൂര്‍ത്തിയാകുന്നതിന്റെ ഭാഗമാണെന്ന് കുട്ടികളോട് പറഞ്ഞു കൊടുക്കുന്നില്ല.ചെറുപ്പകാലങ്ങളില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രവണതകള്‍ പിന്നീട് മാറിയേക്കാം. പകരം അവരെ ലിംഗഭേദം (ജെന്‍ഡര്‍ ) പ്രഖ്യാപിക്കാനും മാറ്റാനും തിരക്കുകൂട്ടുന്നത് അവരെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നുവെന്നും അധ്യാപകരുടെ കൂട്ടായ്മ പറയുന്നു.ജീവിതകാലം മുഴുവന്‍ കുട്ടികളെ അരാജകത്വത്തിലേക്ക് തള്ളിവിടാനും,കുടുംബമെന്ന സംവിധാനത്തെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണ് ഇതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക     https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.

error: Content is protected !!