head1
head3

അഞ്ഞൂറ് വീടുകള്‍ …അയ്യായിരം അപേക്ഷകര്‍ ,വീടുകള്‍ കിട്ടാന്‍ ഭാഗ്യം ചെയ്യണം

ഡബ്ലിന്‍ :ഡബ്ലിനിലും കില്‍ഡെയറിലുമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 535 കോസ്റ്റ് റെന്റല്‍ വീടുകള്‍ക്കായി രണ്ടാഴ്ചയ്ക്കുള്ളില്‍ അധികൃതര്‍ക്ക് ലഭിച്ചത് 5,000ത്തിലധികം അപേക്ഷകള്‍. കുറഞ്ഞ വാടകയില്‍ വീടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകരുടെ കുത്തൊഴുക്ക്.എന്നാല്‍ ചിലയിടങ്ങളില്‍ അപേക്ഷകരുടെ ബാഹുല്യം കാരണം ഗുണഭോക്താക്കളെ കണ്ടെത്താന്‍ നറുക്കെടുപ്പു പോലും വേണ്ടിവന്നു.

അതേ സമയം കോസ്റ്റ് റെന്റല്‍ പദ്ധതി തട്ടിപ്പാണെന്നും ഉയര്‍ന്ന വാടകയാണ് ഈടാക്കുന്നതെന്നുമുള്ള ആക്ഷേപവുമായി സിന്‍ ഫെയിനും രംഗത്തുവന്നു.ഇതിനിടെ ലാന്റ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ തോസൈഗ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഡബ്ലിന്‍, കില്‍ഡെയര്‍ എന്നിവിടങ്ങളിലായി 621 വീടുകള്‍ വിതരണം ചെയ്തിരുന്നു. നിലവിലുള്ളതിനേക്കാള്‍ 25% കുറഞ്ഞ വാടകയ്ക്കാണ് വീടുകള്‍ നല്‍കിയത്.ഡബ്ലിനില്‍ 66,000 യൂറോയില്‍ താഴെയും തലസ്ഥാനത്തിന് പുറത്ത് 59,000 യൂറോയും കുടുംബ വരുമാനമുള്ളവരാണ് കോസ്റ്റ് റെന്റല്‍ പദ്ധതിയിലെ അപേക്ഷകര്‍.

600 മില്യണ്‍ യൂറോ ചെലവിട്ട്് 3000 അഫോര്‍ഡബിള്‍ കോസ്റ്റ് റെന്റല്‍ വീടുകള്‍ ആളുകള്‍ ലഭ്യമാക്കുമെന്ന്് ഹൗസിംഗ് ഫോര്‍ ഓള്‍ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ലോഞ്ചിംഗ് വേളയില്‍ ഭവന മന്ത്രി ഡാരാ ഒബ്രിയന്‍ പറഞ്ഞിരുന്നു.അതിന്റെ ഭാഗമായാണ് എല്‍ ഡി എ വീടുകള്‍ നല്‍കുന്നത്.
2023ല്‍ 32,695 വീടുകള്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു.വര്‍ഷത്തില്‍ 29,000 വീടുകളാണ് ലക്ഷ്യമിട്ടത്. അതിനേക്കാള്‍ 10% കൂടുതലാണിത്-മന്ത്രി പറഞ്ഞു.

247 വീടുകള്‍ക്ക് അപേക്ഷകര്‍ 3351പേര്‍

ഡബ്ലിന്‍ 15ലെ ഹാന്‍സ്ഫീല്‍ഡിലെ ബാണ്‍വെല്‍ പോയിന്റില്‍ 247 വീടുകള്‍ക്കായി ഒരാഴ്ചയ്ക്കിടെ 3,351 അപേക്ഷകളാണ് ലഭിച്ചത്.ജനുവരി 18നും ഫെബ്രുവരി 25നുമിടയിലാണ് അപേക്ഷിക്കേണ്ടത്.ഇവിടെ സ്റ്റുഡിയോയ്ക്ക് 1,050യൂറോയും സിംഗിള്‍ ബെഡ് അപ്പാര്‍ട്ട്മെന്റിന് 1,225യൂറോയും ഡബിള്‍ ബെഡ് അപ്പാര്‍ട്ട്മെന്റിന് 1,400യൂറോ യുമാണ് വാടക.

കില്‍ഡെയര്‍ ഹാര്‍പൂര്‍ ലെയ്‌നിലെ ലെയ്ക്സ്ലിപ്പില്‍ 52 കോസ്റ്റ് റെന്റല്‍ അപ്പാര്‍ട്ടുമെന്റുകള്‍ക്കായി 1,269 അപേക്ഷകളും ലഭിച്ചു.ഇവിടെ സിംഗിള്‍ ബെഡിന് 357 യൂറോയും ഡബിളിന് 1585 യൂറോയുമാണ് വാടക.

ഡബ്ലിന്‍ 24ലെ സിറ്റിവെസ്റ്റിലെ ദി ക്വാര്‍ട്ടറിലെ 236 അപ്പാര്‍ട്ടുമെന്റുകള്‍ക്കായി 456 അപേക്ഷകളാണ് രണ്ടു ദിവസത്തിനുള്ളില്‍ ലഭിച്ചത്.സിംഗിളിന് 1390 യൂറോയും ഡബിളിന് 1,580യൂറോയും ത്രിബിള്‍ ബെഡ് അപ്പാര്‍ട്ട്മെന്റിന് 1,750യൂറോയുമാണ് വാടക.

ഡബ്ലിനിലെ കില്‍റ്റെര്‍നാനിലെ ഡണ്‍ ഓയറില്‍ 86 അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും.സിംഗിള്‍ബെഡ് അപ്പാര്‍ട്ട്‌മെന്റിന് 1,300 യൂറോയും ഡബിളിന്1,450 യൂറോയുമാണ് വാടക .നറുക്കെടുപ്പ് വിജയികള്‍ക്കാവും ഇവിടെ വീടുകള്‍ ലഭിക്കുക.

വാടകക്കൊള്ളയെന്ന് സിന്‍ഫെയ്ന്‍

എന്നാല്‍ താങ്ങാനാവുന്ന വാടകയിലല്ല പദ്ധതിയില്‍ വീടുകള്‍ നല്‍കുന്നതെന്ന് സിന്‍ഫെയിന്റെ ഹൗസിംഗ് വക്താവ് സിന്‍ ഫെയ്‌നിന്റെ ഇയോന്‍ ഒ ബ്രോയിന്‍ ആരോപിച്ചു.വിലകൂടിയ ടേണ്‍കീ യൂണിറ്റുകള്‍ ഡെവലപ്പര്‍മാരില്‍ നിന്ന് വാങ്ങുന്നത് കോസ്റ്റ് റെന്റലല്ല.എല്‍ ഡി എ മോഡല്‍ പരാജയപ്പെട്ടെന്നും ഇദ്ദേഹം വിമര്‍ശിച്ചു.

വാടക നിശ്ചയിക്കുന്നത്…

വീടുകളുടെ നിര്‍മ്മാണത്തിനും മറ്റുമായി വരുന്ന ചെലവുകളെ അടിസ്ഥാനമാക്കിയാണ് വാടക തീരുമാനിക്കുന്നതെന്ന് ഭവനമന്ത്രിയുടെ വക്താവ് വിശദീകരിച്ചു.ലാഭം ലക്ഷ്യമിട്ടല്ല പദ്ധതി പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റ് നിരക്കിലും 25% കുറച്ച് വാടകയ്ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ചിലപ്പോള്‍ വാടക ഇതില്‍ കൂടുതലും വരാറുണ്ട്. ചിലയിടങ്ങളില്‍ 40% കുറവില്‍ വീടുകള്‍ നല്‍കിയിട്ടുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.ഇന്റിപ്പെന്റന്റ് എസ്റ്റേറ്റ് ഏജന്റുമാരുടെ വിപണി വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ ഉപയോഗിച്ചാണ് വാടക നിശ്ചയിക്കുന്നതെന്ന് എല്‍ ഡി എയുടെ വക്താവ് വിശദീകരിച്ചു.

എമര്‍ജെന്‍സി അക്കൊമൊഡേഷനില്‍ എണ്ണം കുറയുന്നില്ല

കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും എമര്‍ജെന്‍സി അക്കൊമൊഡേഷനിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്നത് ശ്രദ്ധേയമാണ്.3,962 കുട്ടികളടക്കം 13318 പേരണ് കഴിഞ്ഞ മാസം ഈ സൗകര്യം തേടിയതെന്ന ഭവനവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.നവംബറിനെ (13514) അപേക്ഷിച്ച് നേരിയ കുറവുണ്ടെന്നത് മാത്രമാണ് ആശ്വാസം.

FOR INFORMATIONhttps://affordablehomes.ie/rent/available-properties/

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.