head1
head3

അതിശൈത്യത്തിന് അയവില്ല,അയര്‍ലണ്ടില്‍ മഞ്ഞു മൂടിയ ജീവിതം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ നാഷണല്‍ എമര്‍ജെന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് വീണ്ടും യോഗം ചേര്‍ന്നു.ലെയ്ന്‍സ്റ്റര്‍, മുന്‍സ്റ്റര്‍, കൊണാച്ച്, കാവന്‍, മൊണഗന്‍ എന്നിവിടങ്ങളില്‍ ഇന്നലെ വൈകിട്ട് 6 മണി മുതല്‍ പ്രാബല്യത്തില്‍ വന്ന അലേര്‍ട്ട് ഇന്ന് രാവിലെ 11വരെ നിലനില്‍ക്കും. കോര്‍ക്ക് അടക്കമുള്ള തെക്ക് ഭാഗത്ത് മേഘാവൃതമായ കാലാവസ്ഥയായിരിക്കും. തെക്കന്‍ തീരത്ത് ചെറിയ തോതില്‍ മഴയും പ്രതീക്ഷിക്കാം.

ഇന്ന് രാവിലെയും രാജ്യവ്യാപകമായി കൊടുതണുപ്പായിരിക്കും. പകല്‍ സമയത്ത് പോലും മൈനസ് താപനിലയായിരിക്കുമെന്ന് നിരീക്ഷകന്‍ പറഞ്ഞു. താപനില മൈനസ് ഒന്ന് മുതല്‍ മൈനസ് നാല് ഡിഗ്രി വരെയെത്തിയേക്കാം

വ്യാപകമായ മഞ്ഞ്, സ്നോ മഞ്ഞുവീഴ്ച എന്നിവ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണം.മുന്നറിയിപ്പുകളെ നിസ്സാരമായി കാണരുതെന്ന് നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഡയറക്ടര്‍ കീത്ത് ലിയോനാര്‍ഡ് ഓര്‍മ്മിപ്പിച്ചു.

റോഡുകള്‍ ഉപയോഗിക്കുന്ന എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണം. വേഗത കുറയ്ക്കാനും യാത്രയ്ക്കായി കൂടുതല്‍ സമയം ചെലവഴിക്കാനും ഇദ്ദേഹം അഭ്യര്‍ത്ഥിച്ചു.ട്രീറ്റ് ചെയ്ത റോഡുകളില്‍ പോലും യാത്ര വളരെ വളരെ ദുഷ്‌കരമാണ്.

നോര്‍ത്ത് കോര്‍ക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, മിഡ്‌ലാന്‍ഡ്‌സ്, പടിഞ്ഞാറന്‍ കടല്‍ത്തീരം എന്നിവിടങ്ങളിലാണ് മോശം കാലാവസ്ഥ ഏറ്റവും ദോഷകരമായി ബാധിച്ചതെന്ന് ലിയോനാര്‍ഡ് പറഞ്ഞു.എല്ലാ സ്ഥലങ്ങളിലും വൈദ്യുതിയും വെള്ളവും ഇന്നത്തോടെ പുനസ്ഥാപിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.ഏകദേശം 5000 വീടുകള്‍, കൃഷിയിടങ്ങള്‍, ബിസിനസുകള്‍ എന്നിവിടങ്ങളില്‍ രാത്രിയില്‍ വൈദ്യുതി മുടങ്ങിയെന്ന് ഇ എസ് ബി നെറ്റ്വര്‍ക്ക്സ് പറഞ്ഞു.ഇന്ന് അവ പുനസ്ഥാപിക്കും.മോശം കാലാവസ്ഥ കാരണം ബസ് ഏറാന്‍ ഏതാനും സര്‍വ്വീസുകള്‍ റദ്ദാക്കി.ചിലയിടങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്.ടിപ്പററി, ലിമെറിക്, കെറി എന്നിവിടങ്ങളിലെ ഏകദേശം 4500 ഉപഭോക്താക്കള്‍ക്ക് ജലവിതരണം മടങ്ങി.ഇന്ന് രാവിലെയോടെ ഇത് പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂകാസില്‍ വെസ്റ്റിലെ ലോങ്കോര്‍ട്ട് ഹോട്ടല്‍, ആബിഫീലിലെ ലീന്‍സ് ഹോട്ടല്‍, കോര്‍ക്കിലെ ചാര്‍ലെവില്ലെ പാര്‍ക്ക് ഹോട്ടല്‍, തര്‍ലെസിലെ ഹോഴ്‌സ് ആന്‍ഡ് ജോക്കി ഹോട്ടല്‍ എന്നിവിടങ്ങളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് ചൂടുള്ള ഭക്ഷണം നല്‍കുന്നുണ്ട്. ഫോണുകള്‍ ചാര്‍ജ് ചെയ്യാനും സൗകര്യമുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നല്ല നിലയില്‍ യാത്രാ തടസ്സങ്ങളും മറ്റ് പ്രശ്നങ്ങളും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇദ്ദേഹം വിശദീകരിച്ചു.ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട്, ഡിഫന്‍സ് ഫോഴ്സ്, ലോക്കല്‍ അതോറിറ്റികള്‍, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയുടെയൊക്കെ സഹകരണം ഇക്കാര്യത്തിലുണ്ടായി.സന്നദ്ധ സംഘടനകളും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാരും, ഐ എഫ് എയും പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

ഡബ്ലിനിലെ കാസ്‌മെന്റ് എയറോഡ്രോമിലും, ടിപ്പററിയിലെ ഗുര്‍ട്ടീനിലും, കാവനിലെ ബാലിഹൈസിലും ഏറ്റവും കുറഞ്ഞരാത്രി താപനില(-5.7സെല്‍ഷ്യസ്) രേഖപ്പെടുത്തിയത്. പകല്‍ സമയം മുള്ളിംഗറിലെ വെസ്റ്റ്മീത്തില്‍ രേഖപ്പെടുത്തിയ -6.1സിയാണ് ഏറ്റവും കുറഞ്ഞ താപനില. രാത്രിയില്‍ താപനില വീണ്ടും കുറയുമെന്ന് മെറ്റ് ഏറാന്‍ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.രാത്രി തണുപ്പ് കൂടി വരും.

റോഡുകളില്‍ തണുത്തുറഞ്ഞ സ്നോയും ബ്‌ളാക്ക് ഐസും അപകടകരമുണ്ടാക്കുമെന്നതിനാല്‍ യാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അലംഭാവം കാട്ടരുതെന്ന് റോഡ് സുരക്ഷാ അതോറിറ്റി അഭ്യര്‍ഥിച്ചു.

ഫോണുകള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം

സുരക്ഷിതമായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഫോണുകള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണമെന്നും അധികൃതര്‍ പറഞ്ഞു. കമ്മ്യൂണിറ്റികളിലെ പ്രായമായവരെയും ദുര്‍ബലരായവരെയും പ്രത്യേകം ശ്രദ്ധിക്കണം.യാത്രാ തടസ്സങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും എന്‍ ഇ സി ജി അഭ്യര്‍ത്ഥിച്ചു.

വിക്ലോയിലെ സാലി ഗ്യാപ്പ് കടന്നുപോകാന്‍ കഴിയാത്തതാണെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഇതവഗണിച്ച് വാഹനങ്ങളും മറ്റും സഞ്ചരിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണെന്ന് മൗണ്ടന്‍ റസ്‌ക്യു ടീം ഓര്‍മ്മിപ്പിച്ചു.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ആന്‍ട്രിം ,ഫെര്‍മനാഗ്,ടൈറോണ്‍, ഡെറി എന്നീ കൗണ്ടികളിലെ യെല്ലോ അലേര്‍ട്ട് ഇന്ന് രാവിലെ 11വരെ തുടരും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!