head3
head1

സ്മാര്‍ട്ട് മീറ്ററുകളുള്ള വീടുകള്‍ക്ക് വാരാന്ത്യത്തില്‍ സൗജന്യമായി വൈദ്യുതി നല്‍കുമെന്ന ഓഫറുമായി ബോര്‍ഡ് ഗ്യാസ്

ഡബ്ലിന്‍ : സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച വീടുകള്‍ക്ക് വാരാന്ത്യത്തില്‍ വൈദ്യുതി സൗജന്യമായി നല്‍കുമെന്ന ഓഫറുമായി ബോര്‍ഡ് ഗ്യാസ്.സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച കുടുംബങ്ങള്‍ക്ക് ഓരോ വാരാന്ത്യത്തിലും ഒരു ദിവസം സൗജന്യമായി വൈദ്യുതി നല്‍കുന്നതിനാണ് ബോര്‍ഡ് ഗ്യാസ് തീരുമാനം.

ഈ ഓഫര്‍ അനുസരിച്ച് അര്‍ഹരായ ബോര്‍ഡ് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ശനിയാഴ്ചയോ ഞായറാഴ്ചയോ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ സൗജന്യമായി വൈദ്യുതി ലഭിക്കും.രാത്രി നിരക്കുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ‘ഡിസ്‌കൗണ്ട് വീക്കെന്‍ഡ് പ്ലാനും’ ലഭ്യമാക്കുമെന്ന് ബോര്‍ഡ് ഗ്യാസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി 11 മുതല്‍ തിങ്കളാഴ്ച രാവിലെ 8 വരെ ഊര്‍ജ്ജ ചെലവ് കുറയുമെന്ന് ഇത് വ്യക്തമാക്കുന്നതായും കമ്പനി പറഞ്ഞു.പ്രീ-പെയ്ഡ് മീറ്ററിംഗ് സംവിധാനത്തിലൂടെ ഊര്‍ജ്ജം നല്‍കുന്ന പിനെര്‍ജി പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഓഫര്‍ വന്നത്.

നിരവധി ഊര്‍ജ്ജ കമ്പനികള്‍ അടുത്തിടെ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു.പിനെര്‍ജി, ബിഇ എനര്‍ജി, ഇബെര്‍ഡ്രോള എന്നിവ കഴിഞ്ഞ നവംബര്‍ മുതല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.ഒക്ടോബറില്‍ ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇലക്ട്രിക് അയര്‍ലന്‍ഡ് അതിന്റെ നിരക്ക് 3.4 ശതമാനം ഉയര്‍ത്തിയിരുന്നു. ശരാശരി കുടുബ ബില്ലില്‍ പ്രതിവര്‍ഷം 35 യൂറോയുടെ വര്‍ധന വരുത്തുന്നതാണ് ഈ നിരക്ക് വര്‍ധന.

ഏപ്രില്‍ ഒന്നിന് വൈദ്യുതി വില 4.2 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് പിനര്‍ജി തീരുമാനിച്ചിരിക്കുന്നത്. ഒരു സാധാരണ കുടുംബത്തിന്റെ വാര്‍ഷിക ചെലവില്‍ 53 യൂറോയുടെ വര്‍ധന വരുത്തുന്നതാണ് ഈ നടപടി. ഏപ്രില്‍ 1 മുതല്‍ വൈദ്യുതി വില 6.2 ശതമാനം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച എസ്എസ്ഇ എയര്‍ട്രിസിറ്റി അറിയിച്ചിരുന്നു. ശരാശരി വൈദ്യുതി ബില്ലില്‍ വര്‍ഷത്തില്‍ 63 യൂറോയും ഗ്യാസ് ബില്ലില്‍ 32 യൂറോയുടെയും അധികച്ചെലവാണ് ഇതുണ്ടാക്കുക.

അതിനിടെയാണ് സ്മാര്‍ട്ട് മീറ്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് വാഗ്ദാനവുമായി ബോര്‍ഡ് ഗ്യാസ് രംഗത്തുവന്നത്.ബോര്‍ഡ് ഗ്യാസ് എനര്‍ജിയുടെ സ്മാര്‍ട്ട് ബില്ലുകള്‍ ഉപയോക്താക്കള്‍ക്ക് ഒട്ടേറെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കുന്നതാണെന്ന് കമ്പനി വക്താവ് കോളിന്‍ ബെബിംഗ്ടണ്‍ പറഞ്ഞു. ഊര്‍ജ്ജ ഉപയോഗത്തെ വര്‍ഷം തോറും താരതമ്യം ചെയ്യുന്ന ഗ്രാഫുകള്‍, വൈദ്യുതി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സൂചനകളും നുറുങ്ങുകള്‍ എന്നിവയൊക്കെ നല്‍കും.

രാജ്യത്തുടനീളമുള്ള വീടുകളില്‍ ഇ.എസ്.ബി നെറ്റ്വര്‍ക്കാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നത്. ഇതിനകം 2,48,397 സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്, ജനുവരിയില്‍ മാത്രം 8,783 മീറ്ററുകള്‍ സ്ഥാപിച്ചിരുന്നു.

കുടുംബങ്ങള്‍ക്ക് ശരാശരി 2.5 ശതമാനം വരെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് ആദ്യകാല സ്മാര്‍ട്ട് മീറ്റര്‍ ട്രയലുകള്‍ കാണിക്കുന്നതെന്ന് കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് പറയുന്നു.പീക്ക് ടൈമില്‍ ചില കുടുംബങ്ങള്‍ ഊര്‍ജ്ജ ഉപഭോഗം 9 ശതമാനം വരെ കുറയ്ക്കുന്നതായും ബോധ്യപ്പെട്ടു.

2024 ഓടെ, അയര്‍ലണ്ടിലെ നിലവിലുള്ള 2.3 ദശലക്ഷം മീറ്ററുകളും സ്മാര്‍ട്ട് മീറ്ററുകളായി അപ്ഗ്രേഡ് ചെയ്യും, 2.3 ദശലക്ഷം ലക്ഷ്യത്തിലെത്താന്‍ ഓരോ വര്‍ഷവും ഏകദേശം 500,000 മീറ്റര്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More