head3
head1

പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതിയുമായി ബാങ്ക് ഓഫ് അയർലണ്ട്

പുതിയ നിരക്കുകള്‍ 26 മുതല്‍ ലഭ്യമാകും

ഡബ്ലിന്‍ : പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതിയുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്. വായ്പകളുടെ പലിശ നിരക്ക് 2% വരെയായി കുറവു വരുത്തി ലഭ്യമാക്കുന്നതിനാണ് പരിഗണിക്കുന്നത്. കൂടാതെ വായ്പക്കാര്‍ക്ക് ഗ്രീന്‍ മോര്‍ട്ട്ഗേജ് നിരക്ക് ബാധകമാക്കാനും തീരുമാനമുണ്ട്. പുതിയ നിരക്കുകള്‍ അടുത്ത ഒക്ടോബര്‍ 26 മുതല്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.

ബി3 അല്ലെങ്കില്‍ മികച്ച ബില്‍ഡിംഗ് എനര്‍ജി റേറ്റിംഗ് (ബിഇആര്‍) ഉള്ള വീടുകള്‍ വാങ്ങുന്നവര്‍ക്കാകും ഗ്രീന്‍ നിരക്കുകള്‍ ബാധകമാവുക. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, പത്ത് വര്‍ഷ കാലയളവിലുള്ള മോര്‍ട്ട്ഗേജുകള്‍ക്കായി 0.3% കിഴിവ് നല്‍കുന്നതിനാണ് തീരുമാനം. മുമ്പ് ഇത് 0.2% ആയിരുന്നു.

300,000 യൂറോയോ അതില്‍ കൂടുതലോ തുകയുടെ മോര്‍ട്ട്ഗേജുകള്‍ക്ക് ബാങ്ക് ഓഫ് അയര്‍ലന്‍ഡ് രണ്ട് പുതിയ ഫിക്സഡ് റേറ്റ് ഓപ്ഷനുകളും അവതരിപ്പിച്ചു. നാല് വര്‍ഷത്തെ വായ്പയ്ക്ക് പലിശ നിരക്ക് 2.30%വും ഏഴ് വര്‍ഷത്തെ നിരക്ക് 2.55%വുമാണ്. ഈ വായ്പകളില്‍ 0.30% ഗ്രീന്‍ മോര്‍ട്ട്ഗേജ് ഡിസ്‌കൗണ്ടും ലഭ്യമാക്കുന്നതോടെ നാല് വര്‍ഷത്തെ ഗ്രീന്‍ മോര്‍ട്ട്ഗേജ് നിരക്ക് 2%മായും ഏഴ് വര്‍ഷത്തെ ഗ്രീന്‍ മോര്‍ട്ട്ഗേജ് നിരക്ക് 2.25%മായും കുറയുമെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.

ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്ന് ബാങ്ക് ഓഫ് അയര്‍ലന്‍ഡിലെ ഹോം ബയിംഗ് ഡയറക്ടര്‍ അലന്‍ ഹാര്‍ട്ട്ലി പറഞ്ഞു. ഉപഭോക്താക്കളെ കുറഞ്ഞ കാര്‍ബണ്‍ ഉപയോഗത്തിലെത്തിക്കുന്നതിന് 2019 -ലാണ് ബാങ്ക് ഓഫ് അയര്‍ലന്‍ഡ് സുസ്ഥിര ധനകാര്യ ഫണ്ടും അയര്‍ലണ്ടിന്റെ ആദ്യത്തെ ഗ്രീന്‍ മോര്‍ട്ട്ഗേജും ആരംഭിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.