head3
head1

ബ്രാഞ്ചുകള്‍ പൂട്ടാനുള്ള ബാങ്ക് ഓഫ് അയര്‍ലണ്ട് തീരുമാനത്തിനെതിരെ ;പ്രതിഷേധമുയരുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലുടനീളമുള്ള നൂറിലധികം ബാങ്ക് ഓഫ് അയര്‍ലണ്ട് ശാഖകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമുയരുന്നു.റിപ്പബ്ലിക്കില്‍88 ശാഖകളും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 15 ശാഖകളുമാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് അടച്ചുപൂട്ടുന്നത്. ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്ക് എല്ലാവരെയും മാറ്റാനെന്ന ന്യായംചൂണ്ടിക്കാട്ടിയാണ് ബാങ്കിന്റെ തീരുമാനം.

ബാങ്ക് സിഇഒ പറയുന്നത്…

സപ്തംബര്‍ മുതല്‍ അടച്ചുപൂട്ടല്‍ ആരംഭിക്കുമെന്നാണ് ബാങ്ക് സി ഇ ഒവ്യക്തമാക്കുന്നു.ഡിജിറ്റല്‍ ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ശാഖകള്‍ പൂട്ടുന്നത്.കൂടുതല്‍ ഡിജിറ്റല്‍, കുറച്ച് ശാഖകള്‍ എന്ന ആവശ്യമാണ് ഉപയോക്താക്കള്‍ ഈ കാലഘട്ടത്തില്‍ ഉന്നയിക്കുന്നതെന്ന് ഗ്രൂപ്പ് സിഇഒ ഫ്രാന്‍സെസ്‌കാ മക്ഡൊണാഗ് പറഞ്ഞു.ആന്‍ പോസ്റ്റുമായുള്ള പുതിയ പങ്കാളിത്തത്തോടെ 900ലധികം സ്ഥലങ്ങളില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കും.പണം പിന്‍വലിക്കല്‍, പണം സ്വീകരിക്കല്‍, ചെക്ക് ലോഡ്ജ്മെന്റ്സ് എന്നിവ ഇതില്‍ ഉള്‍പ്പെടും.

വിമര്‍ശനവുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍
ബാങ്കിന്റെ തീരുമാനത്തിനെതിരെ സിന്‍ ഫെയ്നും ലേബറുമുള്‍പ്പടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നു.

സിന്‍ഫെയ്ന്‍

പൊതുജനാരോഗ്യ ചട്ടങ്ങള്‍ പാലിച്ചതിന്റെ പേരില്‍ ബാങ്ക് ഉപയോക്താക്കളെ ശിക്ഷിക്കുകയാണെന്ന് സിന്‍ ഫെയ്നിന്റെ പിയേഴ്സ് ഡോഹെര്‍ട്ടി ടിഡി ആരോപിച്ചു.ഏറ്റവും മോശമായ സമയത്തെ തെറ്റായ തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 മാസത്തെ ആളുകളുടെ സന്ദര്‍ശനങ്ങളുടെ ഇടിവിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് ഓഫ് അയര്‍ലണ്ട് ഈ പ്രഖ്യാപനത്തെ ന്യായീകരിക്കുന്നത്.കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണ്.കോവിഡ് -19നെ മറയാക്കി ഉപഭോക്താക്കളെ ശിക്ഷിക്കുകയാണ് ബാങ്ക് . ഉപഭോക്താക്കള്‍ക്കും സ്റ്റാഫിനും കമ്മ്യൂണിറ്റികള്‍ക്കുമുള്ള അടിയാണിതെന്നും സിന്‍ ഫെയ്ന്‍ വ്യക്തമാക്കി.

ലേബര്‍ പാര്‍ട്ടി
അയര്‍ലണ്ടിന്റെ വാണിജ്യഹൃദയം കവര്‍ന്നെടുക്കുന്നതിന് തുല്യമാണ് ബാങ്ക് ശാഖകള്‍ കൂട്ടത്തോടെ പൂട്ടുന്നതെന്ന് ലേബര്‍ ടിഡി സീന്‍ ഷെര്‍ലക് പറഞ്ഞു.പ്രധാന സ്ട്രീറ്റുകളിലെ ബിസിനസുകളെയെല്ലാം ഇത് ബാധിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.ഈ അടച്ചുപൂട്ടലുകള്‍ക്ക് കോവിഡിനെ മറയായി ഉപയോഗിക്കാനുള്ള ബാങ്കിന്റെ നിഗഢമായ ശ്രമം ഉദ്യോഗസ്ഥരെയും പ്രാദേശിക സമൂഹങ്ങളെയും അപമാനിക്കുന്നതാണ്.ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് അടച്ചുപൂട്ടാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോയോട് ലേബര്‍ നേതാവ് ആവശ്യപ്പെട്ടു.

സ്വതന്ത്ര ടിഡിമാര്‍

സ്വതന്ത്ര ടിഡി മൈക്കല്‍ ഹീലി റേയും ഈ തീരുമാനത്തെ വിമര്‍ശിച്ചു.ഗ്രാമീണജനത ഓണ്‍ലൈന്‍ സേവനങ്ങള്‍ ആഗ്രഹിക്കുന്നില്ല.അവരുടെ പേരു പറഞ്ഞുള്ള ബാങ്കിന്റെ തീരുമാനം കബളിപ്പിക്കലാണ്.

ഗ്രാമീണ അയര്‍ലന്‍ഡിനെതിരായ ആക്രമണമാണിതെന്ന്സ്വതന്ത്ര ഡെപ്യൂട്ടി മൈക്കല്‍ ഫിറ്റ്സ്മറിസ് ടിഡി പറഞ്ഞു.

ആശങ്കകളുമായി ജീവനക്കാരുടെ സംഘടനകളും

അടച്ചുപൂട്ടലിനെക്കുറിച്ച് യൂണിയനുകളും ആശങ്കയറിയിച്ചു.അടച്ചുപൂട്ടല്‍ പദ്ധതികള്‍ നിര്‍ത്തണമെന്ന് സിപ്റ്റുവിന്റെ പെഡാര്‍ നോലന്‍ ആവശ്യപ്പെട്ടു.ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മാനേജ്മെന്റ് അടിയന്തര യോഗം വിളിച്ചുകൂട്ടണം. ഈ പൂട്ടല്‍ പദ്ധതിക്ക് ബദലുകള്‍ തേടണം. ഉദ്യോഗസ്ഥരുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ധനമന്ത്രി ഇടപെടണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More