head3
head1

ബാള്‍ട്ടിമോര്‍ ബ്രിഡ്ജിലെ സംഭവവികാസങ്ങള്‍ ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നത്…

ആഗോള വിതരണ ശൃംഖല നേരിടുന്നത് എണ്ണമറ്റ വെല്ലുവിളികള്‍

ഡബ്ലിന്‍ : ആഗോള വിതരണ ശൃംഖലയുടെ ദൗര്‍ബല്യം തുറന്നു കാട്ടുന്നതാണ് കഴിഞ്ഞയാഴ്ച യു എസിലെ ബാള്‍ട്ടിമോര്‍ പോര്‍ട്ടിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജിലെ സംഭവവികാസങ്ങള്‍.

ആധുനികവല്‍ക്കരണത്തിലൂടെ വിതരണ ശൃംഖല ശക്തിപ്പെട്ടെന്ന് വീമ്പ് പറയുമ്പോഴും പ്രകൃതി ദുരന്തങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ പരാജയങ്ങള്‍ എന്നിവയിലേതെങ്കിലുമൊന്ന് കുഴപ്പത്തിലായാല്‍ എല്ലാം തീര്‍ന്നുവെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് തകരാറിലായ ഡാലി കണ്ടെയ്‌നര്‍ കപ്പല്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍.

ഡാലി കണ്ടെയ്‌നര്‍ കപ്പല്‍ പ്രശ്നം

ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് ‘പണിമുടക്കം ‘ ലോകമെമ്പാടുമുള്ള വ്യവസായങ്ങളിലും സമ്പദ്വ്യവസ്ഥയിലും തടസ്സങ്ങളുണ്ടാക്കി.കിഴക്കന്‍തീരത്തെ വ്യാപാരത്തിന്റെ നാല് ശതമാനം ഇതുവഴിയായിരുന്നു. അതാണ് പൊടുന്നനെ സ്തംഭിച്ചത്.

യു എസിലെ മികച്ച 20 പോര്‍ട്ടുകളില്‍ ഒന്നും മോട്ടോര്‍ വാഹനങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള പ്രധാന കേന്ദ്രവുമാണ് ബാള്‍ട്ടിമോര്‍.ശ്രീലങ്കയിലേക്ക് പോകവെ പാറ്റാപ്‌സ്‌കോ നദിയിലൂടെ സഞ്ചരിക്കുമ്പോള്‍ നിയന്ത്രണം നഷ്ടമായ കപ്പല്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജിന്റെ സപ്പോര്‍ട്ട് പൈലോണില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ചെറുതല്ലാത്ത ചെറിയ പ്രശ്നങ്ങള്‍

അടിസ്ഥാന സൗകര്യങ്ങളെ പരസ്പരബന്ധിതമായി ആശ്രയിച്ചുള്ളതാണ് ആഗോള വ്യാപാര ശൃംഖല.ഇതാണ് സുഗമമായ ചരക്കുനീക്കം ഉറപ്പാക്കുന്നത്.ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന തടസ്സങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.ചെറിയ പ്രശ്നങ്ങള്‍ പോലും നമ്മുടെ ദൈനംദിന ജീവിതത്തെയാകെ ബാധിക്കും.

ലോകമെമ്പാടുമുള്ള നിര്‍മ്മാണ പ്ലാന്റുകളെല്ലാം തന്നെ മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്.അവ കൂട്ടിച്ചേര്‍ത്താണ് സങ്കീര്‍ണ്ണമായ ലോജിസ്റ്റിക് നെറ്റ്വര്‍ക്കുകള്‍ വഴി അവസാന ഉപഭോക്താവിലെത്തുന്നത്.ഈ യാത്രയ്ക്കിടയിലുണ്ടാകുന്ന എല്ലാവിധ തടസ്സങ്ങളും കാലതാമസവും ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിനും കാരണമാകും.

കോവിഡ് കാല യു കെ അനുഭവം

കോവിഡിന്റെ തുടക്കത്തില്‍ 2020 ഫെബ്രുവരിയില്‍ യു കെയിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നത് തടയുന്നതിന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചൈനയില്‍ നിന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് കീ ഫോബ് ഭാഗങ്ങളെത്തിച്ചത്.ഓട്ടോമോട്ടീവ് വിതരണ ശൃംഖലയിലെ സങ്കീര്‍ണ്ണമായ ആശ്രിതത്വത്തെ അടിവരയിടുന്നതായിരുന്നു ഈ സംഭവം.നിര്‍ണായക ഘടകങ്ങള്‍ക്കായി ഒരൊറ്റ കേന്ദ്രത്തെ ആശ്രയിക്കുന്നതിന്റെ അപകടം ഇത് ഉയര്‍ത്തിക്കാട്ടുന്നു.

എവര്‍ ഗിവണ്‍ കപ്പല്‍ നല്‍കിയ സൂചന

സൂയസ് കനാലില്‍ 2021 മാര്‍ച്ചില്‍ കുടുങ്ങിയ എവര്‍ ഗിവണ്‍ കപ്പലും ഈ ശൃംഖലയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടിയിരുന്നു.

ലോകമെമ്പാടുമുള്ള ഷിപ്പിംഗിനെ തടഞ്ഞുകൊണ്ട് ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ ഗിവന്‍ ആറ് ദിവസമാണ് കനാലില്‍ കുടുങ്ങിയത്.ഓരോ ദിവസവും 9.6 ബില്യണ്‍ ഡോളര്‍ വ്യാപാരമാണ് കപ്പല്‍ നടത്തിയിരുന്നത്. മണിക്കൂറില്‍ 400 മില്യണ്‍ ഡോളറും 3.3 മില്യണ്‍ ടണ്‍ ചരക്കുമാണ് ഇതുവഴി നീങ്ങുന്നത്.

യൂറോപ്പിനും ഏഷ്യയ്ക്കും ഇടയില്‍ ചെങ്കടലിനെ മെഡിറ്ററേനിയന്‍ കടലുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് സൂയസ് കനാല്‍. ഓരോ വര്‍ഷവും ആഗോള കപ്പല്‍ ഗതാഗതത്തിന്റെ 15%വും ഈ കനാല്‍ വഴിയാണ്.സമീപകാലത്തെ തീവ്രവാദി ആക്രമണങ്ങളും സൂയസ് കനാല്‍ ഗതാഗതത്തെ തടസ്സപ്പെടുത്തിയിരുന്നു

പനാമ കനാലിലെ ജലക്ഷാമം

പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രമുഖ ഗതാഗത മാര്‍ഗമായ പനാമ കനാല്‍ ജലക്ഷാമത്തിന്റെ പിടിയിലാണ്.തെക്കേ അമേരിക്കയ്ക്ക് ചുറ്റുമുള്ള കപ്പല്‍ ഗതാഗതത്തിന്റെ ദൈര്‍ഘ്യം ഏകദേശം 15,000 കിലോമീറ്റര്‍ കുറയ്ക്കുന്നതാണ് ഈ പാത. 2023ല്‍ ഇതുവഴി 14,000ലേറെ കപ്പലുകളാണ് കടന്നുപോയത്.

ഗാറ്റൂന്‍ തടാകത്തിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ഇത് നിരവധി കപ്പലുകള്‍ കെട്ടിക്കിടക്കുന്നതിന് കാരണമായിരുന്നു.

വേണം പുതിയ തന്ത്രങ്ങള്‍

വിതരണ ശൃംഖല തടസ്സപ്പെടുത്തുന്നത് ഒഴിവാക്കുന്നതിന് പ്രതിരോധശേഷി തന്ത്രങ്ങള്‍ പുനരവലോകനം ചെയ്യണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.അപ്രതീക്ഷിത സംഭവങ്ങളെ മുന്നില്‍ക്കണ്ട് ഫ്ളക്സിബിള്‍ തന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യണം. ഉല്‍പ്പാദന കേന്ദ്രങ്ങളും സോഴ്‌സിംഗ് ലൊക്കേഷനുകളും സംഭരണ തന്ത്രങ്ങളുമെല്ലാം ഒന്നിലധികം പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണം.ഇത് തടസ്സങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.

സാങ്കേതികവിദ്യയെ കൂട്ടുചേര്‍ക്കണം

വിതരണ ശൃംഖലയുടെ പ്രതിരോധശേഷി കൂട്ടുന്നതിന് സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.ഡാറ്റ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവ വിതരണ ശൃംഖലയ്ക്ക് കൂടുതല്‍ ദൃശ്യപരതയും നിയന്ത്രണവും കൊണ്ടുവരും.തത്സമയ മോണിറ്ററിംഗും വിശകലനവും നടത്തുന്നതിലൂടെ തടസ്സങ്ങള്‍ നേരത്തെ തിരിച്ചറിയാനും ആഘാതം ലഘൂകരിക്കാനും അതിവേഗം നടപടികളെടുക്കാനുമാകുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ആര്‍ക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല

ആഗോള വിതരണ ശൃംഖല നേരിടുന്ന എണ്ണമറ്റ വെല്ലുവിളികളെ നേരിടാന്‍ ഒരു കക്ഷിക്കും കഴിയില്ലെന്നതാണ് അനുഭവം. ഇത് തിരിച്ചറിയണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.വ്യാപാരി സമൂഹവും സര്‍ക്കാരുകളും വിദ്യാഭ്യാസ ദാതാക്കളും വ്യവസായ പങ്കാളികളും ഒത്തുചേര്‍ന്ന് ആകസ്മിക പദ്ധതികള്‍ വികസിപ്പിച്ചെടുക്കണം. അല്ലാത്തപക്ഷം ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തകര്‍ച്ച പോലെയുള്ള സംഭവങ്ങളുണ്ടാക്കുന്നത് തുടരുമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.