ഡബ്ലിന്‍: തലസ്ഥാനനഗരത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെ ആക്രമണശ്രമം. ഐറിഷ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകളുടെ ഗേറ്റുകളില്‍ വാഹനമിടിപ്പിച്ച് തകര്‍ക്കാനാണ് ശ്രമം നടന്നത്.
നിരവധി ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ ഗേറ്റുകള്‍, അറ്റോര്‍ണി ജനറലിന്റെ ഓഫീസ്, ഐറിഷ് പാര്‍ലമെന്റ് മന്ദിരമായ ലെയിന്‍സ്റ്റര്‍ ഹൗസ്, രാഷ്ട്രപതി ഭവന്‍ , കസ്റ്റം ഹൗസ് എന്നിവയുള്‍പ്പെടെ നിരവധി കെട്ടിടങ്ങളുടെ പ്രവേശനകവാടം ഇടിച്ചു തകര്‍ക്കാനാണ് അക്രമി ശ്രമിച്ചത്.
ആക്രമണ ശ്രമങ്ങളില്‍ ഒരൊറ്റയാളാണ് നേരിട്ട് പങ്കെടുത്തത് എന്നാണ് പ്രാഥമിക കണ്ടെത്തല്‍.ഇയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റാരോപിതനായ 40 വയസ്സുള്ള ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.
ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ക്കും പ്രസിഡന്റ് ഹിഗ്ഗിന്‍സിന്റെ വീടിനും നേരെയുള്ള ആക്രമണങ്ങളുടെ പരമ്പര വെള്ളിയാഴ്ച അതിരാവിലെ തന്നെ ആരംഭിച്ചു.ഒരു ട്രാന്‍സിറ്റ് വാന്‍ ആറാസ് ആന്‍ ഉച്തറൈനിന്റെ (രാഷ്ട്രപതി ഭവന്‍) ഗേറ്റിലേക്ക് അതിവേഗത്തില്‍ ഓടിച്ചു കയറ്റിയെങ്കിലും കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കാതെ റിവേഴ്സ് എടുത്ത് തിരികെ പോന്നു.കസ്റ്റം ഹൗസിലേക്കായിരുന്നു ഇയാള്‍ വാന്‍ പിന്നീട് ഓടിച്ചത് .അവിടെയും ഗേറ്റുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയ ശേഷമാണ് ഇയാള്‍ മടങ്ങിയത്.
തുടര്‍ന്ന് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന മെറിയോണ്‍ സ്ട്രീറ്റിലേക്ക് വാഹനം ഓടിച്ചു പോയ ഇയാള്‍ അവിടെ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തി..പുലര്‍ച്ചെ 2.30ഓടെ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍, ലെയിന്‍സ്റ്റര്‍ ഹൗസിന്റെ പിന്‍വശത്തെ പ്രവേശന കവാടം, അറ്റോര്‍ണി ജനറലിന്റെ ഓഫീസ് എന്നിവിടങ്ങളിലേക്ക് വാന്‍ ഇടിച്ചുകയറി. മൂന്ന് ഗേറ്റുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
ഇത്രയേറെ സംഭവങ്ങള്‍ നടന്നിട്ടും ഗാര്‍ഡ അവസാന ഘട്ടത്തിലാണ് രംഗത്തെത്തിയത്.എന്നിട്ടും സംഭവ സ്ഥലത്ത് വെച്ച് അക്രമിയെ പിടികൂടാന്‍ സെക്ക്യൂരിറ്റി സംവിധാനങ്ങള്‍ക്കായില്ല.പ്രസിഡണ്ടിന്റെ ഭവനത്തില്‍ നിന്നും ലെയിന്‍സ്റ്റര്‍ ഹൗസിലേയ്ക്ക് .15 മിനുട്ടിലധികം യാത്രാദൂരമുണ്ട്.
ഇത്രയേറെ സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചു എന്നതില്‍ സിന്‍ ഫെയിന്‍ ടിഡിമാരായ പാ ഡാലിയും ലൂയിസ് ഒ റെയ്ലിയും ആശങ്ക പ്രകടിപ്പിച്ചു. ‘ഇത് എങ്ങനെ സംഭവിച്ചു, പിടിക്കപ്പെടുന്നതിന് മുമ്പ് ഒരാള്‍ക്ക് എങ്ങനെ ഡബ്ലിന്‍ സിറ്റിയിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞു എന്നത് അത്ഭുതകരമാണ്.അവര്‍ പറഞ്ഞു.
കസ്റ്റഡിയിലുള്ള ആള്‍ മയക്കുമരുന്നിടപാടുകള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും മുമ്പ് ഗാര്‍ഡയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. കസ്റ്റഡിയിലുള്ളയാളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഗാര്‍ഡ പരിശോധിച്ചുവരികയാണ്.
ആക്രമണത്തിനുള്ള കാരണം സ്ഥാപിക്കാന്‍ ഡിറ്റക്ടീവുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും തീവ്രവാദം അക്രമം ആവാനിടയില്ലെന്നാണ് കരുതപ്പെടുന്നത്.
ആക്രമണത്തെ തുടര്‍ന്ന് ഡബ്ലിന്‍ സിറ്റിയില്‍ പട്ടാളത്തിന്റെ സേവനം അടക്കം ഏര്‍പ്പെടുത്തിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.