head1
head3

അയര്‍ലണ്ടില്‍ നഴ്സുമാര്‍ക്കും തുടങ്ങാം , ഒരു പുതിയ ചൈല്‍ഡ് കെയര്‍ സെന്റര്‍ : പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ചൈല്‍ഡ് മൈന്റര്‍മാര്‍ക്കെല്ലാം തുസ്ലയുടെ രജിസ്റ്റര്‍ നിര്‍ബന്ധിതമാക്കുന്നു. 2027ഓടെ എല്ലാ ചൈല്‍ഡ്‌മൈന്റര്‍മാരും രജിസ്ട്രേഷന്‍ നേടിയിരിക്കണമെന്നാണ് പുതിയ ചൈല്‍ഡ് കെയര്‍ നിയമം.സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയുള്ള അയര്‍ലണ്ടിന്റെ ശിശുപരിചരണം പരക്കെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ ചൈല്‍ഡ് മൈന്‍ഡിംഗ് നടത്തുന്ന ഒരേയൊരു രാജ്യമാണ് അയര്‍ലണ്ടെന്ന് 2019ല്‍ യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.അംഗീകൃത ചൈല്‍ഡ് കെയര്‍ ഹോമുകളുടെ കുറവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.ഈ കുറവുകള്‍ പരിഹരിക്കുന്നതിനാണ് ചൈല്‍ഡ് കെയര്‍ ആക്ട് സംബന്ധിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

ഒരു ചൈല്‍ഡ്‌മൈന്റര്‍ക്ക് ഒരു സമയത്ത് പരമാവധി ആറ് കുട്ടികളെ മാത്രമേ പരിപാലിക്കാനാകൂവെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.ഇവരില്‍ 15 മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ രണ്ട് മാത്രമേ ആകാവൂ.ചൈല്‍ഡ് മൈന്ററിന്റെ വീട്ടില്‍ മാത്രമേ പരിപാലനം അനുവദിക്കൂവെന്നും വ്യവസ്ഥയുണ്ട്.

രജിസ്റ്റേഡ് ചൈല്‍ഡ് മൈന്ററുടെ സേവനം വിനിയോഗിക്കുന്ന രക്ഷിതാക്കള്‍ക്കും നാഷണല്‍ ചൈല്‍ഡ് കെയര്‍ സ്‌കീം പ്രകാരമുള്ള സബ്‌സിഡികള്‍ ലഭിക്കും.ചൈല്‍ഡ് കെയര്‍ (ഭേദഗതി) നിയമം ശിശുപരിപാലനത്തെ മൂന്നാം ഡിസ്ട്രിക്ട് ടൈപ്പ് സര്‍വ്വീസായും പ്രഖ്യാപിച്ചു.

1991ലെ ചൈല്‍ഡ് കെയര്‍ ആക്ട് ചൈല്‍ഡ്‌മൈന്റര്‍മാരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.അതിനാല്‍ 70ല്‍ താഴെ ചൈല്‍ഡ് മൈന്‍ഡര്‍മാര്‍ക്ക് മാത്രമേ തുസ്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു.2022ല്‍ ഏതാണ്ട് 53,000 കുട്ടികളെ 13,000 ചൈല്‍ഡ് മൈന്റര്‍മാരാണ് പരിചരിച്ചിരുന്നത്.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍,രജിസ്ട്രേഷന്‍ സെപ്തംബര്‍ 30 മുതല്‍

ചൈല്‍ഡ് മൈന്റര്‍മാര്‍ക്കുള്ള രജിസ്ട്രേഷന്‍ സെപ്തംബര്‍ 30നാണ് ആരംഭിക്കുക.40 യൂറോയാണ് നിരക്ക്.രജിസ്ട്രേഷന്‍ നേടുന്നതിന് മൂന്ന് വര്‍ഷത്തെ പരിവര്‍ത്തന കാലയളവ് അനുവദിക്കും. 2027ലെ ശരത്കാലം വരെ രജിസ്ട്രേഷന്‍ നിര്‍ബന്ധിതമല്ല.തുസ്ല രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ സെപ്റ്റംബര്‍ 30 മുതല്‍ തുറക്കും.

ഈ കാലാവധിക്കുള്ളിലും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നിയമ നടപടികളെടുക്കുന്നതിന് തുസ്ലയ്ക്ക് അധികാരമുണ്ടാകും. ഏതു തരം ശിക്ഷാനടപടി വേണമെന്നും അവര്‍ക്ക് തീരുമാനിക്കാം.

നാലോ അതിലധികമോ പ്രീ-സ്‌കൂള്‍ കുട്ടികളെയോ വിവിധ പ്രായത്തിലുള്ള ഏഴോ അതിലധികമോ കുട്ടികളെ പരിപാലിക്കുന്ന ചൈല്‍ഡ് മൈന്റര്‍മാര്‍ക്ക് മാത്രമേ ഇതുവരെ തുസ്ലാ രജിസ്ട്രേഷന്‍ ബാധകമാക്കിയിരുന്നുള്ളു.ഇതിലാണ് പുതിയ നിയമം മാറ്റം വരുത്തുന്നത്.

ആറിലധികം കുട്ടികളെ പരിപാലിക്കുന്ന ചൈല്‍ഡ് മൈന്റര്‍മാര്‍ പ്രീ സ്‌കൂള്‍ സര്‍വ്വീസായി രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ വ്യവസ്ഥ.രജിസ്റ്റര്‍ ചെയ്താല്‍, ചൈല്‍ഡ് മൈന്‍ഡര്‍മാര്‍ക്ക് എന്‍ സി എസ് യോഗ്യതയ്ക്കായി അപേക്ഷിക്കാം.

ചൈല്‍ഡ്‌മൈന്റര്‍മാര്‍ക്ക് പരിശീലനവും ഗാര്‍ഡ വെറ്റിംഗും നിര്‍ബന്ധം

ഇതിന് പുറമേ ചൈല്‍ഡ്‌മൈന്റര്‍മാര്‍ക്ക് പരിശീലനവും ഗാര്‍ഡ വെറ്റിംഗും നിര്‍ബന്ധിതമാക്കി. ഇതിനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കും. ആറോ ഏഴോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രജിസ്‌ട്രേഷന്‍ പരിശീലനവും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇ-ലേണിംഗ് കോഴ്‌സുമാണ് നല്‍കുന്നത്.

ഫസ്റ്റ് എയിഡ് സര്‍ട്ടിഫിക്കറ്റും ചൈല്‍ഡ്‌മൈന്റര്‍മാര്‍ക്ക് ആവശ്യമാണ്. ഇതിന് പുറമേ ചൈല്‍ഡ് മൈന്‍ഡര്‍മാര്‍ കുട്ടികളുടെ മാതാപിതാക്കളുമായി കരാര്‍ വെക്കണം. ഇന്‍ഷുറന്‍സുണ്ടാകണം. സെല്‍ഫ് ഡിക്ലറേഷനും സമര്‍പ്പിക്കണം.ഒപ്പം തുസ്ലയുടെ പ്രീ-രജിസ്‌ട്രേഷന്‍ വിലയിരുത്തലും വേണം.

രജിസ്ട്രേഷനും പരിശീലനത്തിനുമായി ചൈല്‍ഡ് മൈന്റര്‍മാര്‍ക്ക് ജോലി നിര്‍ത്തേണ്ടിവരില്ല.അവര്‍ ജോലി ചെയ്യുന്ന സമയം കണക്കിലെടുത്ത് സൗകര്യപ്രദമായ നിലയില്‍ അത് പൂര്‍ത്തിയാക്കാം.

അടുത്തയാഴ്ച മുതല്‍ ചൈല്‍ഡ് മൈന്റര്‍മാര്‍ക്കുള്ള പ്രീ-രജിസ്‌ട്രേഷന്‍ പരിശീലനം ലോക്കല്‍ കൗണ്ടി ചൈല്‍ഡ് കെയര്‍ കമ്മിറ്റികള്‍ (സിസിസിസി) വഴിയാണ് ആരംഭിക്കുക.

പ്രത്യേക ഉപകരണങ്ങളോ ഫര്‍ണിച്ചറുകളോ പാഠ്യപദ്ധതിയോ ചൈല്‍ഡ് മൈന്റര്‍ക്ക് ആവശ്യമില്ല. പ്രവര്‍ത്തന സമയം സംബന്ധിച്ച് രക്ഷിതാക്കളുമായി ധാരണയിലെത്താം.

ഉറങ്ങാനോ ഭക്ഷണത്തിനോ ഉള്ള സമയം സംബന്ധിച്ച് നിബന്ധനയില്ല.ചൈല്‍ഡ് മൈന്ററിന്റെ കുടുംബത്തിനൊപ്പം കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണമില്ല.സ്വന്തം കുട്ടികളുടെ സാന്നിധ്യം രേഖപ്പെടുത്തേണ്ട ആവശ്യകതയുമില്ല.

ചൈല്‍ഡ് മൈന്‍ഡര്‍മാര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന യോഗ്യതകള്‍

എര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എജ്യുക്കേഷനില്‍ ((NFQ) കുറഞ്ഞത് ലെവല്‍ 5 കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ചൈല്‍ഡ് മൈന്‍ഡറാകാനുള്ള യോഗ്യതയുള്ളത്.പ്രീസ്‌കൂളുകള്‍ അല്ലെങ്കില്‍ ക്രെച്ചുകള്‍ പോലുള്ള കുട്ടികള്‍ക്കായുള്ള സേവനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഈ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പീഡിയാട്രിക്കില്‍ പ്രഥമശുശ്രൂഷ പരിശീലനവും,ഗാര്‍ഡാ വെറ്റിങും ,പബ്ലിക്ക് ലേയബിലിറ്റി ഇന്‍ഷുറന്‍സും, വൃത്തിയും വെടിപ്പുമുള്ള ഒരു വീടും, ഉണ്ടെങ്കില്‍ ,രജിസ്‌ട്രേഷനോടെ ആര്‍ക്കും ചൈല്‍ഡ് കെയര്‍ സെന്റര്‍ തുടങ്ങാനാവും. ആഫ്റ്റര്‍ സ്‌കൂള്‍ സമയങ്ങളിലും,അല്ലാതെയും , വ്യത്യസ്തമായ രീതിയിലുള്ള ചൈല്‍ഡ് മൈന്‍ഡിംഗ് , സേവനങ്ങള്‍ ഇതിലൂടെ ആരംഭിക്കാം.

രജിസ്ട്രേഡ് നഴ്സുമാര്‍ക്ക് പ്രത്യേക അനുമതി

അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ക്ക് ഒരു ശിശു സംരക്ഷണ കേന്ദ്രം ആരംഭിക്കുന്നതിന് (NFQ) ലെവല്‍ 5 യോഗ്യത നേടേണ്ടതില്ല എങ്കിലും ഒരു ചൈല്‍ഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്, അയര്‍ലണ്ടിന്റെ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ റ്റുസ്ലയും ,ശിശുക്ഷേമ വകുപ്പും നിശ്ചയിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട ആവശ്യകതകള്‍ അവര്‍ പാലിക്കേണ്ടതുണ്ട്. ഒരാള്‍ക്കോ ,നഴ്സുമാരുടെ ഒരു ഗ്രൂപ്പ് നിയമാനുസൃതം രൂപീകരിക്കുന്ന സംഘത്തിനോ,സൊസൈറ്റിക്കോ, കമ്പനിയ്‌ക്കോ ഇപ്രകാരം ചൈല്‍ഡ് കെയര്‍ സെന്റര്‍ ആരംഭിക്കാനാവും.

ഫീസും ,സര്‍ക്കാര്‍ സാമ്പത്തിക സഹായവും 

ദേശീയ ശിശുസംരക്ഷണ പദ്ധതി (എന്‍ സി എസ്)പ്രകാരം ചൈല്‍ഡ് കെയര്‍ ചെലവുകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും.രണ്ട് തരത്തിലുള്ള ചൈല്‍ഡ് കെയര്‍ സബ്‌സിഡികളാണ് പദ്ധതി പ്രകാരമുള്ളത്. ഒന്ന് സാര്‍വത്രികമാണ് .ഈ സബ്‌സിഡി ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ക്ക് നേരിട്ടാണ് ലഭിക്കുക. കുട്ടികള്‍ക്ക് ആകെ വേണ്ടിവരുന്ന ഫീസില്‍ നിന്നും (ചൈല്‍ഡ് കെയര്‍ ബില്‍) ഈ സബ്‌സിഡി സംരംഭകന് കുറച്ചു വാങ്ങിയാല്‍ മതിയാവും.

ഈ മാസം മുതല്‍, സബ്‌സിഡികള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഒരു കുട്ടിക്ക് മണിക്കൂറിന് 2.14 യൂറോയാണ് ലഭിക്കുക.മുമ്പിത് 1.40 യൂറോയായിരുന്നു.ഫുള്‍ടൈം കെയറിന് പ്രതിവര്‍ഷം 5,000 യൂറോ വരെ ലഭിക്കും.

മുഴുവന്‍ സമയവും (അഥവാ ആഴ്ചയില്‍ 5 ദിവസം) ചൈല്‍ഡ് കെയര്‍ സെന്ററില്‍ പ്രവേശനം നേടുന്ന നേടുന്ന ഒരു കുട്ടിയ്ക്ക് വേണ്ടി പ്രതിമാസം 800 മുതല്‍ 1,200 യൂറോ വരെയാണ് അയര്‍ലണ്ടില്‍ ചെലവാക്കേണ്ടി വരിക.പ്രദേശങ്ങളുടെയും, സൗകര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഫീസ് വ്യത്യാസപ്പെട്ടേക്കാം. എങ്കിലും രക്ഷിതാക്കള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഈ തുക കൂടുതലാവില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പാര്‍ട്ട് ടൈം കെയറിന് (ആഴ്ചയില്‍ 3 ദിവസം) പോലും പ്രതിമാസം 500 മുതല്‍ 800 യൂറോ വരെയാകാം ചിലവ്. എങ്കിലും ആഫ്റ്റര്‍ സ്‌കൂള്‍ സ്റ്റഡി, പഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു കൊണ്ട് പ്രാദേശിക തലങ്ങളില്‍ രക്ഷിതാക്കള്‍ സഹകരിച്ച് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ ഒരുക്കിയാല്‍ ഒട്ടേറെ പേര്‍ക്ക് പ്രയോജനകരമായേക്കും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Leave A Reply

Your email address will not be published.

error: Content is protected !!