ഡബ്ലിന്‍ : പണം തട്ടിയെടുക്കാന്‍ ബാങ്കിന്റെ വിശുദ്ധ വേഷത്തില്‍ സൈബര്‍ കൊള്ളക്കാരെത്തുമെന്നും ഉപഭോക്താക്കള്‍ നിതാന്ത ജാഗ്രത പാലിക്കണമെന്നും എ ഐ ബി.ബാങ്ക് തട്ടിപ്പുകള്‍ തടയാനെന്ന വ്യാജേനയാകും സൈബര്‍ കുറ്റവാളികള്‍ ഉപഭോക്താക്കളെ സമീപിക്കുകയെന്ന് എ ഐ ബി മുന്നറിയിപ്പ് നല്‍കുന്നു.
ടെക്സ്റ്റ് മെസേജുകളിലൂടെയാകും ഇവര്‍ സമീപിക്കുക. സംശയം തോന്നാത്ത വിധത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പണമടയ്ക്കുന്നവരായി ചമയുന്ന ‘മണി മ്യൂള്‍ അക്കൗണ്ടുകള്‍’ ചേര്‍ത്തുകൊണ്ടും ഇവര്‍ പണം കൊള്ളയടിക്കും.
ഓര്‍ക്കണം…എ ഐ ബി വിളിക്കില്ല…
ബാങ്കിംഗ് ലോഗിന്‍ വിശദാംശങ്ങളോ പാസ്വേഡുകളോ പിന്‍ നമ്പരുകളോ അഭ്യര്‍ത്ഥിച്ച് ടെക്സ്റ്റ് സന്ദേശിലൂടെയോ ഫോണ്‍ കോളിലൂടെയോ ഒരിക്കലും ബന്ധപ്പെടില്ലെന്ന് ബാങ്ക് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.നിയമാനുസൃതമെന്നു തോന്നുന്ന വിധത്തില്‍ ഫ്രോഡ് ടെക്സ്റ്റ് സന്ദേശങ്ങള്‍ ലഭിച്ചേക്കാമെന്നും ബാങ്ക് പറഞ്ഞു.ഇതില്‍ വ്യാജ വെബ്‌സൈറ്റിലേക്കുള്ള ലിങ്കോ തട്ടിപ്പ് കോള്‍ സെന്ററിലേക്ക് ലിങ്ക് ചെയ്യുന്ന ഫോണ്‍ നമ്പരോ ഉണ്ടാകും.
ഒട്ടേറെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇത്തരം തട്ടിപ്പില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് ബാങ്ക് വ്യക്തമാക്കി.ഒരിക്കലും ഉപഭോക്താക്കളോട് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനോ ഒരു ടെക്സ്റ്റ് മെസേജില്‍ അടങ്ങിയിരിക്കുന്ന നമ്പറിലേക്ക് ഫോണ്‍ ചെയ്യാനോ എ ഐ ബി ആവശ്യപ്പെടില്ലെന്ന് സാമ്പത്തിക കുറ്റകൃത്യ മേധാവി മേരി മക്‌ഹേല്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാരായും കൊറിയറായും ‘പണി’ വന്നേക്കാം
അറിയപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങള്‍, കൊറിയര്‍ സര്‍വ്വീസുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, യൂട്ടിലിറ്റി കമ്പനികള്‍ എന്നിവയുടെയൊക്കെ പേരിലായിരിക്കാം ഈ സന്ദേശമെത്തുക.ഇത്തരം വ്യാജ സന്ദേശം വിശ്വസിച്ച ഒട്ടേറെ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും ഞൊടിയിടയ്ക്കുള്ളില്‍ പണം പൂര്‍ണ്ണമായും നഷ്ടമായി.
ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് സുരക്ഷാ കോഡുകള്‍, വണ്‍ ടൈം പാസ് കോഡുകളോ സുരക്ഷാ വിശദാംശങ്ങളോ അഭ്യര്‍ത്ഥിച്ചാല്‍ ഫോണ്‍ഡിസ്‌കണക്ട് ചെയ്യണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു.
തട്ടിപ്പ് ഒഴിവാക്കാന്‍ ടിപ്സുകള്‍
‘ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്’ എന്നത് മനസ്സില്‍ സൂക്ഷിക്കണം.
ഓരോ കോളും സന്ദേശവുമെത്തുമ്പോള്‍ പ്രതികരിക്കുന്നതിന് മുമ്പ് നിയമാനുസൃതമാണോ?’ എന്ന് സ്വയം ചോദിക്കണം.
സംശയമുണ്ടെങ്കില്‍ ജാഗ്രത പുലര്‍ത്തണം, പ്രതികരിക്കരുത്
വെബ്‌സൈറ്റിലെ ബാങ്കിന്റെ സെക്യൂരിറ്റി സെന്റര്‍ പതിവായി സന്ദര്‍ശിച്ച് നിലവിലെ സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാകണം
ടെക്സ്റ്റിലോ ഇമെയില്‍ സന്ദേശത്തിലോ ലഭിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിക്കരുത്.
ബാങ്കിന്റെ വെബ്‌സൈറ്റില്‍ പോയി ഫോണ്‍ നമ്പര്‍ സ്ഥിരീകരിക്കുന്നതും നല്ലതാണ്
വെബ് വിലാസത്തിന്റെ ഇടതുവശത്തുള്ള പാഡ്‌ലോക്ക് ചിഹ്നം പരിശോധിച്ച് ഏത് വെബ്‌സൈറ്റും സുരക്ഷിതവും യഥാര്‍ത്ഥവുമാണെന്ന് ഉറപ്പാക്കാം
തട്ടിപ്പിന് ഇരയായതായി തോന്നിയാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടണം,ഗാര്‍ഡയെയും അറിയിക്കണം
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/