head3
head1

അയര്‍ലണ്ട് കോവിഡ് കാലത്ത് മിച്ചം വെച്ചത് ബില്യണുകള്‍,ചിലവഴിക്കാനാവാതെ പണം കുമിഞ്ഞു കൂടുന്നു

ഡബ്ലിന്‍ :ചിലവഴിക്കാനാവാതെ പണം കുമിഞ്ഞു കൂടുന്നവരുടെ എണ്ണത്തില്‍ കോവിഡ് ദുരിതകാലത്ത് വന്‍ വര്‍ദ്ധനവ്.

മുന്‍വര്‍ഷങ്ങളെക്കാള്‍ നാലിരട്ടി അധികം പണമാണ് അയര്‍ലണ്ടിലെ കുടുംബങ്ങള്‍ ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ നീക്കിയിരുപ്പായി സൂക്ഷിച്ചതെന്നാണ് സി എസ് ഓ പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബാങ്കുകളിലെയും ക്രെഡിറ്റ് യൂണിയനുകളിലും 10 ബില്യണ്‍ യൂറോയാണ് ഈ വര്‍ഷത്തിന്റെ ആദ്യം നിക്ഷേപങ്ങളായി ഒഴുകിയെത്തിയത്.. കോവിഡിന് മുന്‍പ് ഉണ്ടായിരുന്ന നിക്ഷേപങ്ങളെക്കാള്‍ 4 ബില്യണിലധികം യൂറോയുടെ വര്‍ധനയുണ്ടായതായി സെന്റ്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അറിയിച്ചു.

ഈ സമ്പാദ്യങ്ങളില്‍ ചിലത് പെന്‍ഷനുകളായും ഡിപോസിറ്റുകളായും ലോണ്‍ തിരിച്ചടവുകളായും ഉപയോഗിക്കപ്പെട്ടു. വരുമാനം മാറ്റമില്ലാതെ തുടരുകയോ വര്‍ധിക്കുകയോ ചെയ്യുകയും ചിലവുകള്‍ താഴ്ന്ന് നില്‍ക്കുകയും ചെയ്തതിന്റെ ഫലമായാണ് സേവിംഗ്‌സുകള്‍ ഉയര്‍ന്നതെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടികാണിക്കുന്നു.

ഗ്രോസ് ഡിസ്‌പോസബള്‍ വരുമാനത്തിന്റെ ചിലവഴിക്കപ്പെടാത്ത ഭാഗമാണ് സേവിംഗ്‌സായി കണക്കാക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ ഡൈനിങ് ഉള്‍പ്പടെയുള്ള ചിലവുകള്‍ കുറഞ്ഞു. പണം ചിലവാക്കുന്നതിനുള്ള അവസരങ്ങള്‍ കുറഞ്ഞതായി സി.എസ്. ഒ പറയുന്നു. കോവിഡിന്റെ ഫലമായുണ്ടായ അനിശ്ചിതത്വവും മുന്‍കരുതല്‍ നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. സാമ്പത്തിക പിരിമുറുക്കം പ്രതീക്ഷിച്ച് പല കുടുംബങ്ങളും പണം ചിലവഴിക്കാന്‍ മടിച്ചു.

പാന്‍ഡമിക് തൊഴിലില്ലായ്മ വേതനവും എംപ്ലോയ്‌മെന്റ് സബ്‌സിഡിയും കുടുംബങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയുമായി. 1.1 ബില്യണ്‍ യൂറോയും സര്‍ക്കാര്‍ സബ്‌സിഡിയും സാമൂഹിക സുരക്ഷ പേയ്‌മെന്റായി 2.7 ബില്യണ്‍ യൂറോയും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വിതരണം ചെയ്തു.

എംപ്ലോയ്‌മെന്റ് വേജ് സബ്‌സിഡി സ്‌കീമിലുടെ തൊഴില്‍ദാതാക്കള്‍ മുഖേനയാണ് ജനങ്ങളിലേയ്ക്ക് സബ്‌സിഡി എത്തിച്ചത്.

ജോലിയില്ലാത്തവര്‍ക്കെല്ലാം പാന്‍ഡെമിക് അണ്‍ എംപ്ലോയ്മെന്റ് പേയ്മെന്റ് നല്‍കിയത് കൂടുതല്‍ പണം ജനങ്ങള്‍ക്കിടയില്‍ എത്താന്‍ കാരണമായി.

ഫൈനാന്‍സ് , ഐ.റ്റി മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ തൊഴില്‍ ലഭിക്കുകയും വരുമാനം വര്‍ധിപ്പിക്കാനാവുകയും ചെയ്തു.

സേവിംഗ്‌സിന്റെ ഏറ്റവും കൂടുതല്‍ ശതമാനം ബാങ്കുകളില്‍ ഡെപ്പോസിറ്റുകളായി നിക്ഷേപിക്കപ്പെട്ടു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോഴേയ്ക്കും ചിലവാക്കാന്‍ സാധിക്കുന്നവയാണ് ഈ ഡെപ്പോസിറ്റുകള്‍ .

പെന്‍ഷന്‍ ഫണ്ടുകളായും ലോണ്‍ തിരിച്ചടവിനും ഉപയോഗിച്ചവരുമുണ്ട്.

പണത്തെ സമ്പാദ്യമെന്ന നിലയില്‍ കണക്കാക്കാതെ വരുമാനം മാത്രമായി കാണുന്ന കുടുംബങ്ങള്‍ സേവിംഗ്‌സ് വേഗത്തില്‍ ചിലവാക്കുമെന്ന് സെന്റ്രല്‍ ബാങ്ക് ഗവര്‍ണര്‍ മക്ലൗഫ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ പറഞ്ഞു.

യൂറോപ്യന്‍ ഫണ്ടുകളുടെ ലഭ്യതയാണ് അയര്‍ലണ്ടിനെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിച്ചത്..ഇതില്‍ ഗണ്യമായ തുകയും തിരിച്ചടക്കേണ്ടാത്ത ഗ്രാന്റുകള്‍ ആകയാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം ഉണ്ടായെങ്കിലും,ജനങ്ങള്‍ നേരിട്ട് കഷ്ടത അനുഭവിക്കേണ്ടി വന്നില്ല.

അയര്‍ലണ്ടിനൊപ്പം എല്ലാ ഇ യൂ രാജ്യങ്ങള്‍ക്കും പുനര്‍ജീവനത്തിനുള്ള വഴി തുറക്കുകയാണ് കോവിഡ് പടിയിറങ്ങുമ്പോള്‍

.ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More