head1
head3

അങ്കം ഇനി പിങ്ക് പന്തില്‍; വിജയം തേടി ടീം ഇന്ത്യ; ചരിത്രം കുറിക്കാന്‍ ഇശാന്ത്

അഹമ്മദാബാദ് : ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേറയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കളി തുടങ്ങുക.

മൊട്ടേറയില്‍ ഇറങ്ങുമ്പോള്‍ ജയം മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കൂടി കോലിപ്പട നോട്ടമിടുന്നു. ചെന്നൈയില്‍ ഓരോ ടെസ്റ്റ് ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. പരമ്പര 21നോ 31നോ നേടിയാല്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തും. ഇംഗ്ലണ്ടിന് ഇനിയുള്ള രണ്ട് ടെസ്റ്റും ജയിച്ചാലേ സാധ്യതയുള്ളൂ.

ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ മാറ്റമുണ്ടാവില്ല. നൂറാം ടെസ്റ്റിനിറങ്ങുന്ന പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്കൊപ്പം ജസ്പ്രീത് ബുമ്ര തിരിച്ചെത്തും. ആര്‍ അശ്വിനും അക്‌സര്‍ പട്ടേലുമായിരിക്കും സ്പിന്നര്‍മാര്‍. പിങ്ക് ബോള്‍ കൂടുതല്‍ സ്വിംഗ് ചെയ്യുമെന്നതിനാല്‍ കുല്‍ദീപ് യാദവിന് പകരം ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ടീമിലെത്തും. കാണികളുടെ സാന്നിധ്യം ഇന്ത്യയുടെ ആവേശം ഇരട്ടിയാക്കുമെന്ന് പറയുന്നു.

ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയ്ര്‍‌സ്റ്റോ എന്നിവര്‍ തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന്റെ കരുത്ത് കൂട്ടും. ഡേ നൈറ്റ് ടെസ്റ്റായതിനാല്‍ ഇംഗ്ലണ്ട് ഒറ്റ സ്പിന്നറെ കളിപ്പിക്കാനാണ് സാധ്യത. 2012ല്‍ ഇന്ത്യ മൊട്ടേറയില്‍ ഒന്‍പത് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു. ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ ഡേ നൈറ്റ് ടെസ്റ്റ് കൂടിയാണിത്.

ഇശാന്തിന് സഹതാരങ്ങളുടെ ആശംസ

നൂറാം ടെസ്റ്റിനിറങ്ങുന്ന ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് സഹതാരങ്ങള്‍ ആശംസ കൈമാറി. നൂറ് ടെസ്റ്റില്‍ കളിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇശാന്തിന് ഇന്ന് സ്വന്തമാവുക. കപില്‍ ദേവിന് ശേഷം നൂറാം ടെസ്റ്റില്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറെന്ന നേട്ടത്തിലേക്കാണ് ഇശാന്ത് ഇറങ്ങുന്നത്.

2007 മെയ് 25ന് ധാക്കയിലായിരുന്നു ഇശാന്തിന്റെ കരിയറിന്റെ തുടക്കം. 99 ടെസ്റ്റില്‍ ഇതുവരെ 302 വിക്കറ്റ് നേടി. രാജ്യാന്തര ക്രിക്കറ്റില്‍ തുടരുന്നവരില്‍ ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും മാത്രമാണ് നൂറിലേറെ ടെസ്റ്റില്‍ പന്തെറിഞ്ഞിട്ടുള്ള ഫാസ്റ്റ് ബൗളര്‍മാര്‍.

ഐറിഷ് മലയാളി ന്യൂസ്

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More